ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മുതിര്‍ന്ന എംപിയും പ്രതിപക്ഷ ഷാഡോ കാബിനറ്റിലെ അംഗവുമായ ഡാനി ക്രൂഗര്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ റിഫോം യുകെയിലേക്ക് കൂറുമാറി. ഈസ്റ്റ് വില്‍റ്റ്ഷെയറിനെ പ്രതിനിധീകരിക്കുന്ന ക്രൂഗര്‍ ലണ്ടനില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് തന്റെ പുതിയ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. റിഫോം യുകെ നേതാവ് നൈജല്‍ ഫെറാജിനൊപ്പം അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു.
'കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അവസാനിച്ചു'
വാര്‍ത്താസമ്മേളനത്തില്‍ ഡാനി ക്രൂഗര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ 'വ്യത്യസ്തതയുടെ പിടിയിലായ, തകരാറിലായ സംഘടന' എന്ന നിലയില്‍ വിമര്‍ശിച്ചു. ''കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഒരു ദേശീയ ശക്തിയായി നിലനില്‍ക്കുന്നില്ല. പക്ഷേ കണ്‍സര്‍വേറ്റിസം അവസാനിച്ചിട്ടില്ല. അതിന്റെ ജ്വാല റിഫോം യുകെയിലേക്ക് മാറുകയാണ്,'' എന്നും അദ്ദേഹം പറഞ്ഞു.
നൈജല്‍ ഫെറാജ് പ്രധാനമന്ത്രിയാകുമെന്ന് വിശ്വാസം
റിഫോം യുകെയുടെ ഭാവി സര്‍ക്കാരിനായി തയാറെടുപ്പുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി, ഡാനി ക്രൂഗര്‍ പാര്‍ട്ടിയുടെ തന്ത്രപരമായ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഫെറാജ് അറിയിച്ചു. ''ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായി നൈജല്‍ ഫെറാജിനെ കാണുന്നതില്‍ അഭിമാനമുണ്ട്,'' എന്നും ക്രൂഗര്‍ പറഞ്ഞു.
തുടര്‍ കൂടുമാറ്റങ്ങള്‍
ഒരു വര്‍ഷത്തിനിടെ റിഫോം യുകെയിലേക്ക് ചേക്കേറിയ രണ്ടാമത്തെ സിറ്റിങ് എംപിയാണ് ക്രൂഗര്‍. മുമ്പ് ലീ ആന്‍ഡേഴ്സണ്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിട്ട് റിഫോം യുകെയിലേക്ക് ചേക്കേറിയിരുന്നു. മുന്‍ കണ്‍സര്‍വേറ്റീവ് ചെയര്‍മാന്‍ ജെയ്ക്ക് ബെറി, മുന്‍ മന്ത്രി നദീന്‍ ഡോറിസ്, ഡേവിഡ് ജോണ്‍സ് തുടങ്ങിയ പ്രമുഖര്‍ ഇതിനകം റിഫോം യുകെയിലേക്ക് ചേക്കേറിയിട്ടുണ്ട്.
കുടിയേറ്റ വിരുദ്ധ വികാരങ്ങള്‍ രാഷ്ട്രീയ ചലനത്തിന് ആധാരം
ലണ്ടനില്‍ കഴിഞ്ഞ ദിവസം നടന്ന കുടിയേറ്റ വിരുദ്ധ റാലിയില്‍ ഒന്നര ലക്ഷത്തോളം പേരുടെ സാന്നിധ്യം റിഫോം യുകെയുടെ ജനപ്രീതി വ്യക്തമാക്കുന്നതാണ്. രാജ്യത്ത് ശക്തമായ കുടിയേറ്റ വിരുദ്ധ വികാരങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഈ വികാരങ്ങള്‍ പ്രചരണായുധമാക്കി റിഫോം യുകെ പ്രവര്‍ത്തിക്കുന്നു.
പാര്‍ട്ടി വിടാനുള്ള തീരുമാനം 'വ്യക്തിപരമായി വേദനാജനകം'
20 വര്‍ഷത്തോളം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ക്രൂഗര്‍ തന്റെ തീരുമാനം 'വേദനാജനകവും അത്യന്തം ഗൗരവമുള്ളതും' ആണെന്ന് വ്യക്തമാക്കി. ''ഞാന്‍ മാറിയതല്ല, പാര്‍ട്ടിയാണ് മാറിയത്,'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.