ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തി. ഭാര്യ മെലാനിയ ട്രംപിനൊപ്പം എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലൂടെയാണ് അദ്ദേഹം സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍ എത്തിയത്. 2019-ലെ ആദ്യ സന്ദര്‍ശനത്തിന് ശേഷമുള്ള രണ്ടാമത്തെ ബ്രിട്ടീഷ് സന്ദര്‍ശനമാണിത്.
സന്ദര്‍ശനത്തിന് മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ച ട്രംപ്, ഈ യാത്ര നിര്‍ണായകമാണെന്നും ബ്രിട്ടനുമായി തനിക്ക് ഉത്തമമായ ബന്ധമാണെന്നും വ്യക്തമാക്കി. വ്യാപാര കരാറുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കപ്പെടുകയാണെന്നും ബ്രിട്ടനെ സഹായിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സന്ദര്‍ശനത്തിന് മുന്നോടിയായി, ബ്രിട്ടനില്‍ 30 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച മൈക്രോസോഫ്റ്റ്, ഇത് അമേരിക്കയ്ക്ക് പുറത്ത് പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ പദ്ധതിയാണെന്ന് വ്യക്തമാക്കി. ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇത് ഗുണകരമാകുമെന്ന് സിഇഒ സത്യ നദെല്ല അഭിപ്രായപ്പെട്ടു.
ബുധനാഴ്ച ട്രംപ് ചാള്‍സ് രാജാവുമായി വിന്‍ഡ്‌സര്‍ കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തും. അതിവിപുലമായ ഔദ്യോഗിക വിരുന്നുകളും സ്വീകരണങ്ങളും രണ്ട് ദിവസത്തേക്ക് നടക്കും. ട്രംപിന്റെ വരവിനോടനുബന്ധിച്ച് വിന്‍ഡ്‌സറിലും ടവര്‍ ഓഫ് ലണ്ടനിലും ആചാരവെടികള്‍ മുഴങ്ങും. ഉച്ചയ്ക്ക് ലണ്ടന്‍ നഗരത്തില്‍ യുഎസ്-ബ്രിട്ടീഷ് വ്യോമസേനകള്‍ സംയുക്തമായി ഫ്‌ലൈ പാസ്റ്റ് പരേഡും നടത്തും.
സന്ദര്‍ശനത്തോടനുബന്ധിച്ച് വിന്‍ഡ്‌സര്‍ കൊട്ടാരത്തിന് സമീപം ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ട്രംപിനെ നേരിട്ട് കാണാന്‍ കഴിയില്ലെങ്കിലും, ചൊവ്വാഴ്ച വിന്‍ഡ്‌സര്‍ ഹൈ സ്ട്രീറ്റില്‍ ട്രംപ് വിരുദ്ധ പ്രകടനങ്ങള്‍ നടന്നിരുന്നു. പലസ്തീന്‍, കനഡ പതാകകള്‍ ഉള്‍പ്പെടെ വിവിധ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ട്രംപിന്റെയും ജെഫ്രി എപ്സ്റ്റീന്റെയും ചിത്രങ്ങള്‍ കൊട്ടാരത്തിന്റെ ചുമരിലേക്ക് പ്രൊജക്റ്റ് ചെയ്തതിനെ തുടര്‍ന്ന് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
ട്രംപും മെലാനിയയും യുഎസ് അംബാസിഡറുടെ വസതിയായ വിന്‍ഫീല്‍ഡ് ഹൗസിലാണ് ആദ്യ രാത്രി തങ്ങിയത്. സന്ദര്‍ശനത്തിന്റെ ഭാഗമായി മിലിറ്ററി പരേഡും എയര്‍ഫോഴ്‌സ് വ്യോമാഭ്യാസ പ്രകടനവും അത്താഴ വിരുന്നും ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.