ലുധിയാന: വിവാഹം കഴിക്കാനായി ഇന്ത്യയിലെത്തിയ യുഎസ് പൗരയായ 71കാരിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസില്‍ യുകെയില്‍ നിന്നുള്ള പ്രവാസിയെ പ്രതിയായി ചേര്‍ത്തതായി ലുധിയാന പോലീസ്. മല്ഹ് പട്ടി സ്വദേശിയായ സുഖ്ജീത് സിങ് സോനുവാണ് കേസില്‍ പിടിയിലായത്.
സിയാറ്റിലില്‍ നിന്നെത്തിയ രൂപീന്ദര്‍ കൗര്‍ പാണ്ഡെര്‍ എന്ന യുഎസ് പൗരത്വമുള്ള വനിതയാണ് കൊല്ലപ്പെട്ടത്. 75കാരനായ ലുധിയാന സ്വദേശിയും ഇംഗ്ലണ്ടില്‍ താമസക്കാരനുമായ ചരണ്‍ജിത് സിംഗ് ഗ്രെവാളിന്റെ ക്ഷണപ്രകാരമാണ് പാണ്ഡെര്‍ ഇന്ത്യയിലെത്തിയത്. ജൂലൈ 24ന് ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെ സംശയം തോന്നിയ സഹോദരി കമല്‍ കൗര്‍ ഖൈര്‍ ജൂലൈ 28ന് ന്യൂഡല്‍ഹിയിലെ യുഎസ് എംബസിയെ വിവരമറിയിക്കുകയും, തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കൊലപാതകത്തിന് 50 ലക്ഷം രൂപ വാഗ്ദാനം
പാണ്ഡെറെ തന്റെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തി, സ്റ്റോര്‍ റൂമില്‍ കത്തിച്ചതായി സോനു പോലീസിനോട് സമ്മതിച്ചു. ഗ്രെവാളിന്റെ നിര്‍ദ്ദേശപ്രകാരമാണ് കൊലപാതകം നടന്നതെന്നും, 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും സോനു വെളിപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
പ്രതിയെ കേസില്‍ ചേര്‍ത്തു; തെളിവുകള്‍ തേടി അന്വേഷണം
സന്ദര്‍ശനത്തിന് മുമ്പ് പാണ്ഡെര്‍ ഒരു വലിയ തുക ഗ്രെവാളിന് കൈമാറിയിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒളിവിലുള്ള ഗ്രെവാളിനെ കേസില്‍ പ്രതിയായി ചേര്‍ത്തതായി ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ സതീന്ദര്‍ സിങ് സ്ഥിരീകരിച്ചു. സോനുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അസ്ഥികൂടം ഉള്‍പ്പെടെയുള്ള തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.