Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
പോസ്റ്റ് കോഡ് ലോട്ടറിയില്‍ ഭാഗ്യം തേടി മലയാളി യുവതിക്ക് 3.98 കോടി രൂപ
reporter

കാര്‍ഡിഫ്: ലണ്ടനില്‍ നിന്ന് വെയില്‍സിലെ കാര്‍ഡിഫിലേക്ക് താമസം മാറിയ മലയാളി യുവതിക്ക് അപൂര്‍വ ഭാഗ്യം. പോസ്റ്റ്കോഡ് ലോട്ടറിയില്‍ പങ്കെടുത്തതിന്റെ ഭാഗമായി 3.98 കോടി രൂപ (398,492 പൗണ്ട്) സമ്മാനമായി ലഭിച്ചു. എസ് ആന്‍ഡ് പി ഗ്ലോബല്‍ കൊമ്മോഡിറ്റി ഇന്‍സൈറ്റ് സ്ഥാപനത്തിലെ അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ടറായ അമൃത ദിലീപ് ചിങ്ങോരത്ത് (27) ആണ് ഈ ഭാഗ്യവതിയായി മാറിയത്.

മൂന്ന് മാസം മുന്‍പ് ഭര്‍ത്താവിനൊപ്പം ലണ്ടനില്‍ നിന്ന് കാര്‍ഡിഫിലേക്ക് താമസം മാറിയ അമൃത, പുതിയ വിലാസത്തില്‍ പോസ്റ്റ്കോഡ് ലോട്ടറിയില്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് ഈ വമ്പന്‍ സമ്മാനം നേടിയത്. CF10 4EF എന്ന പോസ്റ്റ്‌കോഡ് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അയല്‍വാസിയോടൊപ്പം അമൃതക്കും 3.98 കോടി രൂപ വീതം ലഭിച്ചു.

ഭാഗ്യവാര്‍ത്ത അറിഞ്ഞതോടെ അമ്മയെയും നാട്ടിലെ ബന്ധുക്കളെയും വിളിച്ച് സന്തോഷം പങ്കുവെച്ചതായും, കണ്ണുനിറഞ്ഞതായും അമൃത പറഞ്ഞു. വിവാഹവാര്‍ഷികം ആഘോഷിച്ച സാന്റോറിനിയിലേക്ക് വീണ്ടും പോകുവാനുള്ള ആഗ്രഹവും അമൃത പങ്കുവെച്ചു. കേരളത്തിലേക്കുള്ള അടുത്ത യാത്ര ബിസിനസ് ക്ലാസിലായിരിക്കും എന്നതും അവര്‍ വ്യക്തമാക്കി.

യുകെയിലെ ഏറ്റവും ജനപ്രിയമായ ലോട്ടറികളിലൊന്നാണ് പോസ്റ്റ്കോഡ് ലോട്ടറി. മാസത്തില്‍ വെറും 12.25 പൗണ്ട് അടച്ചാല്‍ മത്സരത്തില്‍ പങ്കെടുക്കാം. വിജയികളെ തിരഞ്ഞെടുക്കുന്നത് അവരുടെ താമസ സ്ഥലത്തെ പോസ്റ്റ്‌കോഡിന്റെ അടിസ്ഥാനത്തിലാണ്. ഓരോ ആഴ്ചയും ഒരു പോസ്റ്റ്‌കോഡിന് 1 മില്യന്‍ പൗണ്ട് സമ്മാനമായി നല്‍കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന പോസ്റ്റ്‌കോഡിലുള്ള ഓരോ വീട്ടുകാര്‍ക്കും വാങ്ങിയ ടിക്കറ്റുകളുടെ എണ്ണത്തിന് അനുസരിച്ച് സമ്മാനം ലഭിക്കും.

അമൃതയും അയല്‍വാസിയും വലിയ തുക നേടിയപ്പോള്‍, ശേഷിച്ച തുക 166 പേര്‍ക്ക് 90,000 രൂപ മുതല്‍ 2.5 ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് തുല്യമായ യുകെ പൗണ്ടായി വിതരണം ചെയ്തു. കഴിഞ്ഞ ആഴ്ച കാര്‍മാര്‍ത്തന്‍ഷയറിലെ ഗ്രാമപ്രദേശത്ത് നാല് പേര്‍ക്ക് 2.5 കോടി രൂപ വീതം ലഭിച്ചതോടെ തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയും വെയില്‍സില്‍ നിന്നുള്ളവരാണ് വിജയികളായത്.

നറുക്കെടുപ്പിന്റെ ഭാഗമായി പ്രാദേശിക ചാരിറ്റി സ്ഥാപനങ്ങള്‍ക്കും സഹായം ലഭിച്ചു. പ്രൈഡ് കിംറി, ഒയാസിസ് കാര്‍ഡിഫ്, ഗോള്‍ഡീസ് സൈംറു, വെല്‍ഷ് ഡാന്‍സ് ട്രസ്റ്റ്, ആന്തം മ്യൂസിക് ഫണ്ട്, സബ് സാഹാര അഡൈ്വസറി പാനല്‍ എന്നീ ആറു സംഘടനകള്‍ക്ക് 50,000 പൗണ്ട് വീതം നല്‍കി. സമൂഹത്തിനായി പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകളെ സഹായിക്കുന്ന പോസ്റ്റല്‍ ലോട്ടറിയുടെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ സന്തോഷമാണെന്നും അതുകൊണ്ടാണ് ആദ്യമായി ലോട്ടറിയില്‍ പങ്കെടുത്തതെന്നും അമൃത പറഞ്ഞു.

 
Other News in this category

 
 




 
Close Window