ലണ്ടന്‍: ബ്രിട്ടനില്‍ ജോലിക്കായി എത്തുന്നവര്‍ക്ക് സ്ഥിരതാമസത്തിനും പൗരത്വത്തിനും വഴിയൊരുക്കുന്ന അനിശ്ചിതകാല താമസാനുമതി (ILR) റദ്ദാക്കുമെന്ന് റിഫോം യുകെ പാര്‍ട്ടി പ്രഖ്യാപിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ ILR സംവിധാനം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് പാര്‍ട്ടി നേതാവ് നൈജല്‍ ഫെറാജ് വ്യക്തമാക്കി.
പഠനത്തിനും ജോലിക്കുമായി ബ്രിട്ടനിലേക്ക് കുടിയേറിയ മലയാളികളുള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആശങ്കയുണ്ടാക്കുന്ന പ്രഖ്യാപനമാണിത്. ILR ലഭിച്ചാല്‍ അഞ്ചുവര്‍ഷത്തിനുശേഷം സ്ഥിരതാമസവും പിന്നീട് പൗരത്വവും നേടാന്‍ കഴിയുമായിരുന്നു. ഇനി മുതല്‍ ഓരോ അഞ്ചുവര്‍ഷവും പുതുക്കാവുന്ന വര്‍ക്ക് വീസയ്ക്ക് അപേക്ഷിക്കേണ്ടി വരും.
പുതിയ നയപ്രഖ്യാപനത്തിന്റെ പ്രധാന അംശങ്ങള്‍:
- ILR സംവിധാനം റദ്ദാക്കും; പകരം അഞ്ചുവര്‍ഷത്തെ പുതുക്കാവുന്ന വര്‍ക്ക് വീസ.
- ബ്രിട്ടനില്‍ തുടരാന്‍ ഓരോ അഞ്ചുവര്‍ഷവും പുതുക്കേണ്ട വീസ.
- വിദേശ പൗരന്മാര്‍ക്ക് ആനുകൂല്യങ്ങള്‍ അവകാശപ്പെടാന്‍ അര്‍ഹതയില്ലെന്ന് നിയമനിര്‍മാണം.
- ബ്രിട്ടിഷ് പൗരത്വത്തിന് യോഗ്യത നേടാന്‍ താമസിക്കേണ്ട വര്‍ഷങ്ങള്‍ ഏഴായി വര്‍ധിപ്പിക്കും.
- അക്യൂട്ട് സ്‌കില്‍സ് ഷോര്‍ട്ടേജ് വീസയുടെ എണ്ണം വര്‍ഷേന വര്‍ഷം കുറയ്ക്കും.
- ഓരോ റിക്രൂട്ട്മെന്റിനും തദ്ദേശീയരായ തൊഴിലാളികളെ പരിശീലിപ്പിക്കാന്‍ തൊഴിലുടമകള്‍ ലെവി നല്‍കണം.
- ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് യുകെയിലേക്ക് ജോലിക്ക് വരാനാകില്ല.
നൈജല്‍ ഫെറാജ് വിശദീകരിച്ചതനുസരിച്ച്, രാജ്യത്തിന്റെ ക്ഷേമ പദ്ധതികള്‍ ബ്രിട്ടിഷ് പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കങ്ങള്‍. ഇതിലൂടെ 234 ബില്യന്‍ പൗണ്ടിന്റെ സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നാണ് റിഫോം യുകെയുടെ അവകാശവാദം. എന്നാല്‍ ഈ കണക്കുകള്‍ വസ്തുതാപരമായി അടിസ്ഥാനമില്ലാത്തതാണെന്ന് ചാന്‍സിലര്‍ റെയ്ച്ചല്‍ റീവ്സ് പ്രതികരിച്ചു.
2024ലെ ഓക്സ്ഫഡ് മൈഗ്രേഷന്‍ ഓബ്സര്‍വേറ്ററി കണക്കനുസരിച്ച്, യൂറോപ്യന്‍ യൂണിയന്‍ പുറത്തുനിന്നുള്ള 430,000 പേര്‍ ILR ഉള്ളവരാണ്. 2021 മുതല്‍ കുടുംബസമേതം കുടിയേറിയവരില്‍ പലര്‍ക്കും ഉടന്‍ ILR ലഭിക്കാനുള്ള യോഗ്യതയുണ്ട്. ബ്രെക്സിറ്റിന് ശേഷം ബോറിസ് ജോണ്‍സന്റെ ഭരണകാലത്ത് 38 ലക്ഷം പേര്‍ ബ്രിട്ടനിലേക്ക് കുടിയേറിയതിനെ 'ബോറിസ് വേവ്' എന്ന് വിശേഷിപ്പിച്ച ഫെറാജ്, ഈ കുടിയേറ്റം ജനാധിപത്യത്തെ വഞ്ചിച്ചതാണെന്നും അഭിപ്രായപ്പെട്ടു.
ഇയു സെറ്റില്‍ഡ് സ്റ്റാറ്റസുള്ളവര്‍ക്ക് പുതിയ നയങ്ങള്‍ ബാധകമാകില്ലെന്നും നിലവില്‍ ILR ഉള്ളവരെ സംബന്ധിച്ചുള്ള തീരുമാനം പിന്നീട് വ്യക്തമാക്കുമെന്നും പാര്‍ട്ടി അറിയിച്ചു. ''കഴിഞ്ഞ സര്‍ക്കാരിന്റെ നിരുത്തരവാദിത്വത്തെയും വരാനിരിക്കുന്ന ഭീമമായ ചെലവുകളെയും കുറിച്ച് ജനങ്ങളെ ഉണര്‍ത്തുക'' എന്നതാണ് ഈ പ്രഖ്യാപനത്തിന്റെ ലക്ഷ്യമെന്ന് ഫെറാജ് വ്യക്തമാക്കി.