Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതി പരിഗണനയില്‍; അനധികൃത താമസക്കാരെ കണ്ടെത്താന്‍ ലക്ഷ്യം
repoter

ലണ്ടന്‍: രാജ്യത്തെ എല്ലാ പ്രായപൂര്‍ത്തിയായ പൗരന്മാര്‍ക്കും ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താനുള്ള പദ്ധതിയെക്കുറിച്ച് ലേബര്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ ഇന്ന് തന്നെ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ അനധികൃത താമസക്കാരെ കണ്ടെത്തി ഒഴിവാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ടോണി ബ്ലെയറിന്റെ നേതൃത്വത്തിലുള്ള മുന്‍ ലേബര്‍ സര്‍ക്കാര്‍ ഒരിക്കല്‍ ഈ പദ്ധതി മുന്നോട്ടുവച്ചിരുന്നെങ്കിലും പിന്നീട് അധികാരത്തില്‍ വന്ന കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ അതിനെ ഉപേക്ഷിച്ചിരുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ റിഫോം യുകെയുടെ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ ശക്തമാകുന്നതിനാല്‍ ലേബര്‍ സര്‍ക്കാര്‍ വീണ്ടും ഈ പദ്ധതി പൊടിതട്ടിയെടുക്കുകയാണ്.

പദ്ധതിയുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. സ്മാര്‍ട്ട്ഫോണ്‍ അല്ലെങ്കില്‍ പാസ്പോര്‍ട്ട് ഇല്ലാത്തവര്‍ക്കും ബാധകമാകുന്ന രീതിയിലുള്ള സംവിധാനമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്ത്യയിലെ ആധാര്‍ കാര്‍ഡിനോട് സാമ്യമുള്ള സംവിധാനമായിരിക്കും പുതിയ ഡിജിറ്റല്‍ ഐഡന്റിറ്റി കാര്‍ഡ് എന്നാണ് വിലയിരുത്തല്‍. ഓരോ വ്യക്തിയുടെയും രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും ഉള്ള അവകാശം പരിശോധിച്ചുറപ്പിച്ച് ഡിജിറ്റല്‍ രേഖയാക്കി നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കൈവശമുള്ള രേഖകള്‍ പരിശോധിച്ചും ഓണ്‍ലൈന്‍ വഴി സ്ഥിരീകരിച്ചും ഈ പ്രക്രിയ പൂര്‍ത്തിയാക്കും.

പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെട്ടതല്ലെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പദ്ധതി നടപ്പിലാക്കുന്നത് ഉചിതമാണെന്ന് ലേബര്‍ നേതാക്കള്‍ വിലയിരുത്തുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കാന്‍ പദ്ധതി സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

എസ്തോണിയ പോലുള്ള രാജ്യങ്ങളില്‍ ഡിജിറ്റല്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ കൈപ്പറ്റാനും വോട്ടിങ്, ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിക്കാനും സഹായിക്കുന്നതായി കാബിനറ്റ് ഓഫിസ് മിനിസ്റ്റര്‍ പാറ്റ് മക്ഫൈഡന്‍ വിശദീകരിച്ചു. അതേസമയം, ദേശീയ തലത്തില്‍ വിശദമായ ചര്‍ച്ചകള്‍ ആവശ്യമായ വിഷയമാണിതെന്നും യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തട്ടിപ്പാണിതെന്നുമാണ് പ്രതിപക്ഷ നേതാവ് കെമി ബാഡ്നോക്കിന്റെ വിമര്‍ശനം. വോട്ടര്‍മാരെ വിഡ്ഢികളാക്കുന്ന കപടതന്ത്രം മാത്രമാണിതെന്ന് റിഫോം യുകെയും പ്രതികരിച്ചു.

 
Other News in this category

 
 




 
Close Window