ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും തമ്മിലുള്ള പതിറ്റാണ്ട് പഴക്കമുള്ള വാക്പോരിന് വീണ്ടും തീവ്രതയേറുകയാണ്. ഇരുവരും ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും പരസ്പര വിമര്‍ശനങ്ങള്‍ തുടര്‍ച്ചയായാണ്. ഏറ്റവും ഒടുവില്‍ ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ലി വേദിയിലാണ് ട്രംപ് സാദിഖ് ഖാനെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ ഉന്നയിച്ചത്.
ബ്രിട്ടനില്‍ ചാള്‍സ് രാജാവിന്റെ അതിഥിയായി ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ, 48 മണിക്കൂര്‍ തികയും മുന്‍പാണ് ട്രംപ് ലണ്ടന്‍ മേയര്‍ക്കെതിരെ വിമര്‍ശനം നടത്തിയത്. കഴിവുകെട്ട മേയറാണ് സാദിഖ് ഖാനെന്നും, ബ്രിട്ടനില്‍ ശരീഅത്ത് നിയമം നടപ്പിലാക്കാന്‍ അദ്ദേഹം ശ്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
ലണ്ടനില്‍ മൂന്ന് ദിവസം ഉണ്ടായിട്ടും ട്രംപ് പങ്കെടുത്ത പരിപാടികളില്‍ സാദിഖ് ഖാന്‍ പങ്കെടുക്കാതിരിക്കുകയും, അദ്ദേഹത്തെ കാണാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്തതില്‍ വൈരാഗ്യം പ്രകടിപ്പിച്ചായിരുന്നു ട്രംപിന്റെ പരാമര്‍ശങ്ങള്‍. എന്നാല്‍ ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്ക് മേയര്‍ സാദിഖ് ഖാനും അതിരൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി.
വംശീയ വെറിയനും ലിംഗവിവേചകനും മുസ്ലിം വിരുദ്ധനുമാണ് ട്രംപ് എന്നായിരുന്നു സാദിഖ് ഖാന്റെ പ്രതികരണം. വിവിധ സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളുന്ന സ്വതന്ത്രവും പുരോഗമനപരവുമായ ഭരണം നടത്തുന്നയാളാണ് താനെന്നും, ട്രംപിന്റെ തലയില്‍ വാടകയില്ലാതെ താമസിക്കുന്ന ആളാണ് താനെന്നും അദ്ദേഹം പരിഹസിച്ചു.
കഴിവുകെട്ടവനാണെങ്കിലും അമേരിക്കക്കാര്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ലണ്ടനിലേക്ക് എത്തുന്നുവെന്നത് തന്റെ മേയര്‍ സ്ഥാനത്തിന്റെ ഫലമാണെന്നും ഖാന്‍ പറഞ്ഞു. ട്രംപ് ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കാലം മുതല്‍ ഇരുവരും തമ്മിലുള്ള വാക്പോരിന് തുടക്കം കുറിച്ചിരുന്നു. ട്രംപിന്റെ ലണ്ടന്‍ സന്ദര്‍ശന വേളയില്‍ പ്രതിഷേധക്കാര്‍ക്ക് പിന്തുണ നല്‍കിയതിലൂടെയും സാദിഖ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
വിന്‍സര്‍ കൊട്ടാരത്തില്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് നല്‍കിയ ഔദ്യോഗിക വിരുന്നില്‍ സാദിഖ് ഖാന്‍ പങ്കെടുത്തില്ല. മേയറെ ക്ഷണിക്കരുതെന്ന് ട്രംപ് നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലേക്കുള്ള മടക്കയാത്രയ്ക്കിടെ എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവേ, ലോകത്തിലെ ഏറ്റവും മോശം മേയറാണ് സാദിഖ് ഖാനെന്ന് ട്രംപ് വീണ്ടും വിമര്‍ശിച്ചു.
എന്നാല്‍ ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ലേബര്‍ പാര്‍ട്ടിയിലെ നേതാക്കള്‍ സാദിഖ് ഖാനെ പരസ്യമായി പിന്തുണച്ചതായും, പ്രധാനമന്ത്രി കിയേര്‍ സ്റ്റാമറടക്കമുള്ളവര്‍ ട്രംപിനെതിരെ പ്രതികരിക്കാന്‍ മടിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.