Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
ഡിജിറ്റല്‍ ഐഡി കാര്‍ഡിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു; പത്ത് ലക്ഷം ഒപ്പുകള്‍
reporter

ലണ്ടന്‍: പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സര്‍ക്കാരിന് തിരിച്ചടിയായി നാഷണല്‍ ഡിജിറ്റല്‍ ഐഡി കാര്‍ഡിനെതിരെയുള്ള പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുന്നു. ഡിജിറ്റല്‍ കാര്‍ഡ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മാക്‌സിം സറ്റ്ക്ലിഫ് ആരംഭിച്ച ഓണ്‍ലൈന്‍ പരാതിയില്‍ ഇതുവരെ പത്ത് ലക്ഷത്തിലധികം പേര്‍ ഒപ്പിട്ടു. ഒറ്റ ദിവസം കൊണ്ട് തന്നെ ഈ എണ്ണം കൈവരിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഡെയ്‌ലി മെയില്‍ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ വെറും 26 ശതമാനം പേര്‍ മാത്രമാണ് ഡിജിറ്റല്‍ ഐഡി കാര്‍ഡിനെ അനുകൂലിച്ചത്. 74 ശതമാനം പേര്‍ അതിനെ ശക്തമായി എതിര്‍ത്തു. ബ്രിട്ടന്റെ നിലവിലെ നയങ്ങള്‍ക്ക് വിരുദ്ധമാണിത് എന്നും, പ്രത്യേകിച്ച് വൃദ്ധജനങ്ങള്‍ക്ക് അവശ്യ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ തടസ്സമുണ്ടാകുമെന്നും സിവില്‍ ലിബര്‍ട്ടീസ് ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

സര്‍ക്കാര്‍ ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ ഇറക്കാന്‍ ആലോചിക്കുന്നതായാണ് പരാതിയില്‍ ആരോപണം. ഒരു ലക്ഷത്തിലധികം പേര്‍ ഒപ്പിട്ട പരാതികള്‍ പാര്‍ലമെന്റ് പരിഗണിക്കേണ്ടതുണ്ട്. പത്ത് ലക്ഷം ഒപ്പുകള്‍ കടന്നാല്‍ സര്‍ക്കാര്‍ ഔദ്യോഗിക പ്രതികരണം നല്‍കേണ്ടതുമാണ്.

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാത്തവര്‍ക്ക് കാര്‍ഡ് എങ്ങനെ നല്‍കും എന്നതില്‍ വ്യക്തതയില്ല. ഇവര്‍ക്ക് ഫിസിക്കല്‍ കാര്‍ഡുകള്‍ നല്‍കുമെന്ന റിപ്പോര്‍ട്ടാണ് ടെലെഗ്രാഫ് പുറത്ത് വിട്ടത്. എന്നാല്‍ ബില്ല്യണ്‍ കണക്കിന് പൗണ്ട് ചെലവിട്ട് നടപ്പാക്കുന്ന പദ്ധതിയില്‍ ഹാക്കര്‍മാര്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുമെന്നതില്‍ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

ഡിജിറ്റല്‍ ഐഡി കാര്‍ഡ് അനധികൃത കുടിയേറ്റം തടയാന്‍ സഹായിക്കുമെന്ന സര്‍ക്കാര്‍ വാദം തള്ളിക്കളയുകയാണ് വിമര്‍ശകര്‍. സ്വദേശികളെ ബുദ്ധിമുട്ടിക്കുന്ന സംവിധാനമാണിത് എന്നും, ബോട്ടുകള്‍ തടയാന്‍ പോലും കഴിയാത്ത വെറും ഗിമ്മിക്കാണിതെന്നും നിഗല്‍ ഫരാഗും കെമി ബാഡെനോകും ആരോപിച്ചു.

ജോലി ചെയ്യുന്ന എല്ലാ മുതിര്‍ന്നവര്‍ക്കും ഈ സ്‌കീം ബാധകമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ജോലി ചെയ്യാന്‍ അവകാശമുണ്ടെന്ന് തെളിയിക്കാന്‍ ഈ കാര്‍ഡ് നിര്‍ബന്ധമാകുമെന്നാണ് സൂചന. ആദ്യഘട്ടത്തിന് ശേഷം പൊതുസേവനങ്ങള്‍ ഉപയോഗിക്കുന്നതിനും ഈ കാര്‍ഡ് ആവശ്യമായി വരുമെന്ന മുന്നറിയിപ്പും ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, പുതിയ ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് ഡിജിറ്റല്‍ ഐഡി കാര്‍ഡിന് പിന്തുണ പ്രഖ്യാപിച്ചു. അനധികൃതമായി ജോലി ചെയ്യുന്നത് തടയാനും, കുടിയേറ്റത്തെ നിയന്ത്രിക്കാനും ഈ കാര്‍ഡ് സഹായിക്കുമെന്ന് അവര്‍ വിശദീകരിച്ചു. പൊതുജനങ്ങളില്‍ ചിലര്‍ ഐഡി കാര്‍ഡിന് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും, വലിയൊരു വിഭാഗം അതിനെ ശക്തമായി എതിര്‍ക്കുകയാണ്.

 
Other News in this category

 
 




 
Close Window