ലണ്ടന്‍: ലണ്ടനിലെ രണ്ട് നഴ്സറികളില്‍ 21 കുരുന്നുകളെ ക്രൂരമായി ഉപദ്രവിച്ച 22 കാരിയായ നഴ്സറി ടീച്ചര്‍ റോക്സാന ലെക്കയ്ക്ക് എട്ടുവര്‍ഷം തടവുശിക്ഷ വിധിച്ചു. ടിക്കന്‍ഹാമിലെ മോണ്ടിസോറി റിവര്‍സൈഡ് നഴ്സറിയിലായിരുന്നു കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം നടന്നത്.
കേസില്‍ അന്വേഷണത്തിനിടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ കുട്ടികളെ പതിവായി ഞെക്കുന്നതും തള്ളുന്നതുമാണ് പൊലീസ് കണ്ടെത്തിയത്. വിചാരണക്കിടെ ദൃശ്യങ്ങള്‍ കണ്ട് മാതാപിതാക്കളും ജൂറിയംഗങ്ങളും കണ്ണീരൊഴുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
കുട്ടികളെ വിശ്വസിച്ചേല്‍പ്പിച്ച മാതാപിതാക്കളോടുള്ള കടുത്ത ക്രൂരതയാണ് റോക്സാന കാണിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ''സാഡിസ്റ്റിക്'' എന്നാണ് ജഡ്ജി ഇവരെ വിശേഷിപ്പിച്ചത്. മനുഷ്യരാശിയ്ക്ക് അപമാനകരമായ പ്രവൃത്തിയാണിതെന്നും കോടതി വിമര്‍ശിച്ചു.
ശക്തമായ തെളിവുകള്‍ പരിഗണിച്ചാണ് റോക്സാന ലെക്കയ്ക്ക് എട്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത്. കുട്ടികളുടെ സുരക്ഷയെ ഗുരുതരമായി ലംഘിച്ച സംഭവത്തില്‍ സമൂഹം ഞെട്ടിയിരിക്കുകയാണ്.