ലണ്ടന്‍: ഹോളോകോസ്റ്റിനെ അതിജീവിച്ച പ്രശസ്ത നടിയും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ റൂത്ത് പോസ്നര്‍ (96), ഭര്‍ത്താവ് മൈക്കിളിനൊപ്പം (97) സ്വിറ്റ്‌സര്‍ലന്‍ഡിലെ ആത്മഹത്യാ ക്ലിനിക്കില്‍ വച്ച് ജീവതം അവസാനിപ്പിച്ചു. മരണകരമായ രോഗങ്ങള്‍ ഇല്ലാതിരുന്ന ഇരുവരും, ഏകദേശം 75 വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷം വേര്‍പിരിയാന്‍ ആഗ്രഹിക്കുന്നില്ലെന്ന നിലപാടില്‍, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും ഇ-മെയില്‍ അയച്ചാണ് തീരുമാനം അറിയിച്ചത്.
''നിങ്ങള്‍ക്ക് ഈ ഇ-മെയില്‍ ലഭിക്കുമ്പോള്‍ ഞങ്ങള്‍ ഭൂമിയില്‍ നിന്ന് യാത്രയായിരിക്കും'' എന്ന വാചകത്തോടെ ആരംഭിക്കുന്ന കത്തില്‍, ഈ തീരുമാനത്തിന് ബാഹ്യ സമ്മര്‍ദ്ദങ്ങളില്ലെന്നും, കാഴ്ച, കേള്‍വി, ഊര്‍ജം എന്നിവ നഷ്ടപ്പെടാന്‍ തുടങ്ങിയപ്പോള്‍ ജീവിതം വെറും നിലനില്‍പ്പായി മാറിയതാണെന്നും അവര്‍ വ്യക്തമാക്കി. ഇനി പരിചരണത്തിലൂടെ മെച്ചപ്പെടുത്താന്‍ കഴിയില്ലെന്നും, അതിനാല്‍ ആത്മഹത്യാ സഹായം തേടിയതാണെന്നും കത്തില്‍ പറയുന്നു.
ജീവിതം, ദുഃഖം, ഓര്‍മ്മകള്‍
മികച്ചതും വൈവിധ്യപൂര്‍ണ്ണവുമായ ജീവിതം നയിച്ചുവെന്ന് റൂത്തും മൈക്കിളും ഇ-മെയിലില്‍ പറയുന്നു. മകന്‍ ജെറമിയെ നഷ്ടപ്പെട്ട ദുഃഖം ഒഴിച്ചാല്‍, ഒരുമിച്ചുണ്ടായിരുന്ന എല്ലാ നിമിഷങ്ങളും ആസ്വാദ്യമായിരുന്നുവെന്നും, പഴയകാലത്തെക്കുറിച്ച് വിഷമിക്കാതിരിക്കാനും, ഇന്നില്‍ ജീവിക്കാനും, ഭാവിയെക്കുറിച്ച് അധികം പ്രതീക്ഷിക്കാതിരിക്കാനും ശ്രമിച്ചുവെന്നും അവര്‍ വ്യക്തമാക്കി.
1950-ല്‍ വിവാഹിതരായ ഇരുവരും ജോലിയുമായി ബന്ധപ്പെട്ട് ലോകമാകെ സഞ്ചരിച്ചിരുന്നു. ഏകമകന്‍ ജെറമി 37-ാം വയസ്സില്‍ മരിച്ചതിന്റെ തീവ്ര ദുഃഖം ഇരുവരെയും എപ്പോഴും വേട്ടയാടിയിരുന്നു. ദമ്പതികള്‍ക്ക് ഒരു പേരക്കുട്ടിയുണ്ട്.
ഹോളോകോസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട ജീവിതം
പോളണ്ടിലെ വാര്‍സോയില്‍ ജനിച്ച റൂത്ത്, രണ്ടാം ലോകമഹായുദ്ധകാലത്ത് വാര്‍സോ ഗെറ്റോയില്‍ നിന്ന് വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. മൂന്ന് വര്‍ഷം അമ്മായിയമ്മയുടെ കൂടെ ഒരു കത്തോലിക്കാ സ്‌കൂളില്‍ വിദ്യാര്‍ഥിനിയായിട്ടാണ് ഒളിവില്‍ കഴിയുന്നത്. കുടുംബത്തിലെ മറ്റ് അംഗങ്ങളെ ട്രെബ്ലിങ്ക വധശിബിരത്തില്‍ കൊലപ്പെടുത്തി. 16-ാം വയസ്സില്‍ യുകെയില്‍ എത്തിയ റൂത്തിന് അന്ന് ഇംഗ്ലീഷ് അറിയില്ലായിരുന്നു. പിന്നീട് നര്‍ത്തകിയായി പരിശീലനം നേടി, ലണ്ടന്‍ കണ്ടംപററി ഡാന്‍സ് തിയറ്ററില്‍ ചേര്‍ന്നു. ന്യൂയോര്‍ക്കിലെ ഹണ്ടര്‍ കോളജില്‍ നിന്ന് തിയറ്റര്‍ ആര്‍ട്സില്‍ ബിരുദം നേടി റോയല്‍ ഷേക്‌സ്പിയര്‍ കമ്പനിയില്‍ അംഗമായി.
80 വര്‍ഷത്തെ കലാപ്രവര്‍ത്തനം
അഭിനേത്രിയായി റൂത്ത് പോസ്നര്‍ നിരവധി സിനിമകളിലും ടിവി ഷോകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. 'ലിയോണ്‍ ദി പിഗ് ഫാര്‍മര്‍', 'ലവ് ഹേര്‍ട്‌സ്' തുടങ്ങിയ സിനിമകളില്‍ പ്രേക്ഷക പ്രീതി നേടിയതോടൊപ്പം, 'കാഷ്വാലിറ്റി', 'ദി റൂത്ത് റെന്‍ഡല്‍ മിസ്റ്ററീസ്', 'കൗണ്ട് ആര്‍തര്‍ സ്‌ട്രോങ്ങ്' തുടങ്ങിയ ബിബിസി ഷോകളിലും അഭിനയിച്ചു. 80 വര്‍ഷത്തോളം അഭിനയരംഗത്ത് സജീവമായിരുന്നു.
എണ്‍പതുകളില്‍, വര്‍ധിച്ചുവരുന്ന ജൂത വിരുദ്ധതയെ തുടര്‍ന്ന്, ഹോളോകോസ്റ്റിലെ അനുഭവങ്ങള്‍ യുവതലമുറയുമായി പങ്കുവെക്കാന്‍ റൂത്ത് ആരംഭിച്ചു. ഹോളോകോസ്റ്റ് എജ്യൂക്കേഷനല്‍ ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കാരെന്‍ പൊള്ളോക്ക്, റൂത്തിന്റെ സംഭാവനകളെ പ്രശംസിച്ചു. 2022-ല്‍ ഹോളോകോസ്റ്റ് വിദ്യാഭ്യാസത്തിനുള്ള സംഭാവനകള്‍ പരിഗണിച്ച് റൂത്തിന് ബ്രിട്ടീഷ് എമ്പയര്‍ മെഡല്‍ ലഭിച്ചു.
ക്ലിനിക്കുകള്‍, നിയമങ്ങള്‍, അവസാന തീരുമാനം
സൂക്കിലെ 'ഡിഗ്‌നിറ്റാസ്' ക്ലിനിക്ക്, രോഗികള്‍ക്ക് ആറു മാസത്തില്‍ താഴെ മാത്രം ജീവിതം അവശേഷിക്കുന്നുവെന്ന ഡോക്ടറുടെ രേഖ ആവശ്യമായതിനാല്‍, റൂത്തിനും മൈക്കിളിനും ആത്മഹത്യാ സഹായം നല്‍കാന്‍ വിസമ്മതിച്ചു. എന്നാല്‍, ബേസലിനടുത്തുള്ള 'പെഗാസോസ്' ക്ലിനിക്കാണ് ഇവര്‍ക്ക് സഹായം നല്‍കിയത്.