ലണ്ടന്‍: ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന്റെ കഥയാണ് ലണ്ടന്‍ തേംസ് നദിക്കരയിലെ സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതിയില്‍ വെളിപ്പെട്ടത്. 'സമ്പത്തിന്റെ ദേവത' എന്ന പേരില്‍ നിക്ഷേപകരെ ആകര്‍ഷിച്ച് കോടികള്‍ തട്ടിയെടുത്ത ചൈനീസ് വനിത ഷിമിന്‍ ക്വിയാനും സഹായിയായ മലേഷ്യന്‍ പൗരന്‍ സെങ് ഹോക് ലിങ്ങും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയതായി കോടതി കണ്ടെത്തി.
128,000 പേര്‍ക്ക് നഷ്ടം; ബിറ്റ്കോയിനില്‍ 60000 കോടി രൂപയുടെ മൂല്യം
വടക്കന്‍ ചൈനയിലെ ടിയാന്‍ജിനിലും ബെയ്ജിങ്ങിലുമായി കൂലിത്തൊഴിലാളികള്‍ മുതല്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുവരെയുള്ള 1.28 ലക്ഷം പേര്‍ക്ക് നഷ്ടം സംഭവിച്ചു. 300 ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത ക്വിയാന്റെ വാഗ്ദാനങ്ങള്‍ വിശ്വസിച്ചാണ് നിക്ഷേപം. 2014-2017 കാലയളവിലാണ് തട്ടിപ്പ് നടന്നത്. ടിയാന്‍ജിന്‍ ലാന്‍ടിയന്‍ ഗെരുയി ഇലക്ട്രോണിക് ടെക്നോളജി എന്ന വ്യാജ കമ്പനിയുടെ മറവിലായിരുന്നു പ്രവര്‍ത്തനം.
2014-ല്‍ 311 ഡോളറായിരുന്നു ഒരു ബിറ്റ്കോയിന്റെ വില. ഇന്ന് അതിന്റെ മൂല്യം 114,085 ഡോളറാണ്. ക്വിയാന്‍ നിക്ഷേപിച്ച തുകയുടെ ആകെ മൂല്യം 60000 കോടിയിലേറെയായി.
യുകെയിലേക്ക് കടന്നുകളഞ്ഞതും തട്ടിപ്പ് പുറത്തുവന്നതും
ചൈനയില്‍ ക്രിപ്റ്റോകറന്‍സിക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ കാരണം ക്വിയാന്‍ വ്യാജ രേഖകള്‍ ചമച്ച് യുകെയിലേക്ക് കടന്നുകളഞ്ഞു. ലീഡ്സിലെ ഒരു ടേക്ക് എവേ ഫ്ളാറ്റില്‍ താമസിച്ചിരുന്ന ജിയാന്‍ വെന്‍ എന്ന യുവതിയെ സഹായിയായി ഉള്‍പ്പെടുത്തി. പെട്ടെന്ന് സമ്പന്നയായ വെന്‍ വടക്കന്‍ ലണ്ടനില്‍ 50 കോടി രൂപ വിലവരുന്ന വാടക വീട്ടിലേയ്ക്ക് താമസം മാറുകയും, ലക്ഷങ്ങള്‍ വിലവരുന്ന വാച്ചുകള്‍ വാങ്ങുകയും മകനെ സ്വകാര്യ സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്തു. പണത്തിന്റെ ഉറവിടം തെളിയിക്കാന്‍ കഴിയാതെ വന്നതോടെ ഇടപാടുകള്‍ മുടങ്ങി.
റെയ്ഡും പിടിയിലാകലും
2018-ല്‍ ഹാമ്പ്സ്റ്റെഡിലെ വാടക വീട്ടില്‍ നടത്തിയ റെയ്ഡില്‍ 61000 ബിറ്റ്കോയിനുകള്‍ സൂക്ഷിച്ച ഡിജിറ്റല്‍ വാലറ്റുകള്‍ കണ്ടെത്തി. ക്വിയാന്‍ രക്ഷപ്പെട്ടെങ്കിലും 2024 ഏപ്രിലില്‍ യോര്‍ക്കില്‍ പിടിയിലായി. സ്‌കോട്ലന്‍ഡിലും മറ്റുമായി ഒളിവില്‍ താമസിച്ചിരുന്നുവെന്നാണ് വിവരം. ജിയാന്‍ വെന്‍ കഴിഞ്ഞ വര്‍ഷം കുറ്റക്കാരിയെന്ന് കണ്ടെത്തിയ കോടതി ആറു വര്‍ഷവും എട്ടുമാസവും തടവ് ശിക്ഷ വിധിച്ചു.
സമ്പത്തിന്റെ ദേവതയുടെ സ്വപ്നങ്ങള്‍
പോലീസ് റെയ്ഡില്‍ കണ്ടെത്തിയ ഡിജിറ്റല്‍ ഡയറിയില്‍ ദലൈലാമയുടെ പുനരവതാരമായി ദേവതയായി അഭിഷേകം ചെയ്യണമെന്നതടക്കം നിരവധി സ്വപ്നങ്ങള്‍ ക്വിയാന്‍ രേഖപ്പെടുത്തിയിരുന്നു. ലിബര്‍ ലാന്‍ഡ് എന്ന പേരില്‍ ഒരു കൊച്ചു രാജ്യം സ്ഥാപിച്ച് 50 കോടിയിലേറെ വിലവരുന്ന കിരീടം ധരിച്ച് ഭരിക്കണമെന്നതും, ബുദ്ധ ക്ഷേത്രം, വിമാനത്താവളം, തുറമുഖം എന്നിവയും ഉള്‍പ്പെടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നതുമാണ് ആഗ്രഹങ്ങള്‍.
തട്ടിയെടുത്ത സമ്പത്ത് ഇനി ആര്‍ക്ക്?
ക്വിയാന്റെ സമ്പത്ത് ഇനി ആര്‍ക്ക് എന്ന ചോദ്യമാണ് ആഗോള തലത്തില്‍ ഉയരുന്നത്. യുകെ സര്‍ക്കാര്‍ കൈവശം സൂക്ഷിക്കണമോ എന്നതില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. തട്ടിപ്പിന് ഇരയായവര്‍ക്ക് പണം തിരികെ നല്‍കണമെന്ന ആവശ്യമാണ് ക്വിയാന്റെ അഭിഭാഷകന്‍ റോജര്‍ സഹോട്ട കോടതിയില്‍ ഉന്നയിച്ചത്. 2017 മുതല്‍ നിക്ഷേപം തിരികെ ലഭിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് ക്വിയാന്റെ കുറ്റസമ്മതം ആശ്വാസം നല്‍കുമെന്നാണ് വിലയിരുത്തല്‍. തുടര്‍നടപടികള്‍ യുകെ സാമ്പത്തിക നിയമം പരിഗണിച്ചായിരിക്കും.