Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം ശക്തം; മലയാളികള്‍ ഉള്‍പ്പെടെ വിദേശ തൊഴിലാളികള്‍ ആശങ്കയില്‍
reporter

ലണ്ടന്‍: യുകെയില്‍ പെര്‍മനന്റ് റസിഡന്‍സ് സ്റ്റാറ്റസ് (പിആര്‍) ലഭിക്കാന്‍ വേണ്ട കാലാവധി നിലവിലെ 5 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമാക്കാനുള്ള സര്‍ക്കാര്‍ നീക്കം ശക്തമാകുന്നു. ഈ മാസം 8-ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളില്‍ സമര്‍പ്പിക്കപ്പെട്ട രണ്ട് പ്രധാന പെറ്റീഷനുകളെ അടിസ്ഥാനമാക്കിയുള്ള നീക്കങ്ങളാണ് ഇതിന് പിന്നില്‍.

മലയാളി എംപിയും വിദേശ തൊഴിലാളികളുടെ ആശങ്കയും

ആഷ്‌ഫോര്‍ഡില്‍ നിന്നുള്ള മലയാളി എംപി സോജന്‍ ജോസഫ്, എന്‍എച്ച്എസില്‍ സേവനം ചെയ്യുന്ന വിദേശ തൊഴിലാളികളുടെ സംഭാവന ചൂണ്ടിക്കാട്ടി, പുതിയ നയമാറ്റം അനവധി കുടുംബങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് പാര്‍ലമെന്റില്‍ വ്യക്തമാക്കി. മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ നിരവധി എംപിമാര്‍ പങ്കെടുത്ത് തങ്ങളുടെ മണ്ഡലങ്ങളിലെ ജനങ്ങളുടെ ആശങ്കകള്‍ ഉന്നയിച്ചു.

സര്‍ക്കാരിന്റെ കടുത്ത നിലപാട്

അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ നിലവില്‍ യുകെയില്‍ കഴിയുന്നവര്‍ക്ക് പുതിയ നിയമങ്ങള്‍ ബാധകമാകുമോ എന്നതില്‍ വ്യക്തതയില്ല. കോവിഡ് കാലത്ത് എന്‍എച്ച്എസില്‍ സേവനം ചെയ്തവരുടെ പിആര്‍ പ്രതീക്ഷകള്‍ തള്ളിക്കളയുന്നത് നന്ദികേടാണെന്ന് എംപിമാര്‍ അഭിപ്രായപ്പെട്ടു.

പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്രഖ്യാപനം

പിആര്‍ കാലാവധി സംബന്ധിച്ച പൊതുജനാഭിപ്രായം തേടുന്നതിനായി പബ്ലിക് കണ്‍സള്‍ട്ടേഷന്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കണ്‍സള്‍ട്ടേഷനില്‍ ഉള്‍പ്പെടുന്ന ചോദ്യങ്ങള്‍ 5 വര്‍ഷം തുടരണമോ 10 വര്‍ഷമാക്കണമോ എന്നതില്‍ മാത്രം കേന്ദ്രീകരിച്ചാല്‍ തദ്ദേശീയര്‍ 10 വര്‍ഷത്തെ പിന്തുണയ്ക്കുമെന്ന ആശങ്ക ഉയരുന്നു.

മലയാളി സമൂഹം ആശങ്കയില്‍

പിആര്‍ ലഭിക്കാന്‍ 5 വര്‍ഷം പൂര്‍ത്തിയാകുന്ന മലയാളികള്‍ വലിയ മാനസിക സമ്മര്‍ദ്ദത്തിലാണ്. ആരോഗ്യ മേഖലയിലുളള ആയിരക്കണക്കിന് മലയാളികള്‍ക്ക് കുടുംബ സ്ഥിരതയും കുട്ടികളുടെ വിദ്യാഭ്യാസവും ഭാവി പദ്ധതികളും ബാധിക്കപ്പെടും. പിആര്‍ കാലാവധി 10 വര്‍ഷമാക്കിയാല്‍ സ്‌കില്‍ഡ് തൊഴിലാളികള്‍ക്ക് ചൂഷണവും, ബ്രിട്ടന്റെ സമ്പദ്ഘടനയ്ക്ക് തിരിച്ചടിയുമുണ്ടാകുമെന്ന് വെസ്റ്റ്മിനിസ്റ്റര്‍ ഹോള്‍ ഡിബേറ്റില്‍ ചൂണ്ടിക്കാട്ടി.

പെറ്റീഷനുകള്‍ക്കും സര്‍ക്കാര്‍ നിലപാടുകള്‍ക്കും ഇടയില്‍

സ്‌കില്‍ഡ് വര്‍ക്ക് വീസയിലൂടെ എത്തിയവര്‍ക്ക് ഐഎല്‍ആര്‍ അനുമതി 5 വര്‍ഷത്തില്‍ നിന്ന് 10 ആയി ഉയര്‍ത്തുന്നതിനെതിരെയും, ഹോങ്കോങില്‍ നിന്നുള്ള ബ്രിട്ടിഷ് ഓവര്‍സീസ് പൗരത്വമുള്ളവരെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് പെറ്റീഷനുകള്‍ സമര്‍പ്പിക്കപ്പെട്ടു. മലയാളി സമൂഹത്തെ ബാധിക്കുന്ന ആദ്യ പെറ്റീഷനില്‍ 1,65,000-ത്തിലധികം പേരും രണ്ടാമത്തേതില്‍ 1,08,000-ത്തിലധികം പേരും ഒപ്പിട്ടിരുന്നു. ഹോങ്കോങ് പൗരത്വമുള്ളവരുടെ പെറ്റീഷനില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതാണ് ശ്രദ്ധേയമായത്.

 
Other News in this category

 
 




 
Close Window