ലണ്ടന്‍: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശികള്‍ ഇനി മുതല്‍ ഡിജിറ്റല്‍ ഡിസ്എംബാര്‍ക്കേഷന്‍ കാര്‍ഡ് (ഡി.ഇ. കാര്‍ഡ്) പൂരിപ്പിക്കേണ്ടതായിരിക്കും. ഒക്ടോബര്‍ 1 മുതല്‍ പുതിയ നിയമം രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വന്നു. നേരത്തെ ചില വിമാനത്താവളങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംവിധാനം ഇപ്പോള്‍ എല്ലാ വിമാനത്താവളങ്ങളിലും ബാധകമാകുന്നു.
ഇതുവരെ വിമാനത്തില്‍ വച്ചോ വിമാനത്താവളത്തില്‍ വച്ചോ പൂരിപ്പിച്ചിരുന്ന പേപ്പര്‍ ഫോമിന് പകരമാണ് ഈ ഓണ്‍ലൈന്‍ അറൈവല്‍ ഫോം. വിനോദസഞ്ചാരികള്‍, ബിസിനസ് സന്ദര്‍ശകര്‍, ഒസിഐ കാര്‍ഡ് ഉടമകള്‍, മെഡിക്കല്‍ യാത്രക്കാര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ എത്തുന്ന എല്ലാ വിദേശ യാത്രക്കാര്‍ക്കും ഇത് നിര്‍ബന്ധമാണ്.
വിദേശ യാത്ര കഴിഞ്ഞ് തിരികെ വരുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഈ ഫോമിന്റെ ആവശ്യമില്ല. ഇന്ത്യയിലേക്കുള്ള വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ ഡിജിറ്റല്‍ കാര്‍ഡ് പൂരിപ്പിച്ചിരിക്കണം. ഇത് ഇല്ലാതെ എത്തുന്ന യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ നടപടികളില്‍ കാലതാമസം നേരിടുകയോ പ്രവേശനം നിഷേധിക്കപ്പെടുകയോ ചെയ്യാം.
ഫോം പൂരിപ്പിക്കുമ്പോള്‍ ആവശ്യമായ വിവരങ്ങള്‍:
- പാസ്പോര്‍ട്ട് വിവരങ്ങള്‍
- വീസ അല്ലെങ്കില്‍ ഇ-വീസ വിശദാംശങ്ങള്‍
- വിമാന യാത്രാ വിവരങ്ങള്‍ (PNR, എയര്‍ലൈന്‍, സീറ്റ് നമ്പര്‍)
- ഇന്ത്യയിലെ താമസസ്ഥലത്തിന്റെ വിലാസം (ഹോട്ടല്‍, ഹോസ്പിറ്റല്‍, അല്ലെങ്കില്‍ ആതിഥേയന്‍)
- ആരോഗ്യനിലയും യാത്രാ ചരിത്രവും സംബന്ധിച്ച ചോദ്യങ്ങള്‍
യാത്രക്കാര്‍ ഏജന്റുമാരെയും മൂന്നാം കക്ഷി വെബ്‌സൈറ്റുകളെയും ഒഴിവാക്കി, ഔദ്യോഗിക പ്ലാറ്റ്ഫോമുകള്‍ വഴിയാകും ഫോം പൂരിപ്പിക്കേണ്ടത്.
- ഔദ്യോഗിക വെബ്‌സൈറ്റ്: indianvisaonline.gov.in/earrival
- മൊബൈല്‍ ആപ്പ്: Indian Visa Suswagatam (ആപ്പ് സ്റ്റോറുകളില്‍ ലഭ്യമാണ്)
ഇമിഗ്രേഷന്‍ ക്ലിയറന്‍സ് വേഗത്തിലാക്കാനും അതിര്‍ത്തി നിയന്ത്രണം, ആരോഗ്യ സുരക്ഷ, സുരക്ഷാ പരിശോധനകള്‍ എന്നിവയില്‍ ഇന്ത്യന്‍ അധികാരികളെ സഹായിക്കാനുമാണ് ഈ നടപടിക്രമം ലക്ഷ്യമിടുന്നത്.