ലണ്ടന്‍/മാഞ്ചസ്റ്റര്‍: ബ്രിട്ടനെ നടുക്കിയ ഭീകരാക്രമണം മാഞ്ചസ്റ്ററില്‍. ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു കോണ്‍ഗ്രിഗേഷന്‍ ജൂത സിനഗോഗിന് മുന്നില്‍ ജനക്കൂട്ടത്തിലേക്ക് കാറോടിച്ച് കയറ്റിയതോടെയാണ് ആക്രമണം ആരംഭിച്ചത്. ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരിനോടനുബന്ധിച്ചാണ് ആക്രമണം നടന്നത്. അക്രമി അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു.
കാറോടിച്ച് കയറ്റിയ ശേഷം അക്രമി കാറില്‍ നിന്ന് ഇറങ്ങി ജനക്കൂട്ടത്തിലുണ്ടായിരുന്ന മൂന്ന് പേരെ കുത്തി പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ ആളുകളെ കൊലപ്പെടുത്താന്‍ ശ്രമിച്ച അക്രമിയെ പൊലീസ് വെടിവച്ചുകൊലപ്പെടുത്തി. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റവരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ആക്രമം നടന്നത് കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതരയോടെയായിരുന്നു.
അക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകാതിരുന്നത് സിനഗോഗിലെ റബ്ബി ഡാനിയേല്‍ വാക്കറിന്റെ ഇടപെടലാണ്. അക്രമി കത്തിയുമായി ആളുകള്‍ക്ക് നേരെ പാഞ്ഞെത്തിയതോടെ റബ്ബി വാക്കര്‍ സിനഗോഗിന്റെ വാതില്‍ അടച്ചു ബാരിക്കേഡ് തീര്‍ത്തു. അകത്തുണ്ടായിരുന്നവരെ സുരക്ഷിതമായി നിലനിര്‍ത്താന്‍ ഇതിലൂടെ സാധിച്ചു. 2008 മുതല്‍ ഹീറ്റണ്‍ പാര്‍ക്ക് സിനഗോഗിലെ റബ്ബിയാണ് ഡാനിയേല്‍ വാക്കര്‍.
അക്രമിയുടെ ദേഹത്ത് ബോംബ് കെട്ടിയ നിലയിലായിരുന്നു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി സ്ഫോടകവസ്തുക്കള്‍ നീക്കം ചെയ്തശേഷമാണ് അക്രമി മരിച്ചതെന്ന് സ്ഥിരീകരിച്ചത്. സ്ഫോടകവസ്തുക്കള്‍ നിയന്ത്രിത സ്ഫോടനം വഴി നശിപ്പിച്ചു. ആക്രമണ സമയത്ത് സിനഗോഗിനുള്ളില്‍ പ്രായമായവരടക്കം നിരവധി പേര്‍ ഉണ്ടായിരുന്നു. ഭയാനകമായ സംഭവത്തില്‍ മിക്കവരും കരഞ്ഞുകൊണ്ടാണ് പുറത്തുവന്നത്.
ബ്രിട്ടനില്‍ ജൂതര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും വര്‍ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. 2014-ല്‍ മാത്രം 3,500-ലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാഞ്ചസ്റ്റര്‍ ആക്രമണത്തെ തുടര്‍ന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ കോപ്പന്‍ഹേഗനിലെ യൂറോപ്യന്‍ ഉച്ചകോടി റദ്ദാക്കി ലണ്ടനിലേക്ക് തിരികെ എത്തി. ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി, യോം കിപ്പൂരില്‍ നടന്നത് അതീവ ഭയാനകമാണെന്നും, രാജ്യത്തെ എല്ലാ ജൂത ആരാധനാലയങ്ങളുടെയും സുരക്ഷ ശക്തമാക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.