മോസ്‌കോ: യുക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ റഷ്യയുടെ ഭാഗമായുള്ള യുകെ പൗരന്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് കത്തിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വില്‍റ്റ്ഷയറിലെ ചിപ്പന്‍ഹാം സ്വദേശിയായ എയ്ഡന്‍ മിന്നിസ് (38) ആണ് റഷ്യന്‍ പതാകയ്ക്ക് സമീപത്ത് നിന്ന് പാസ്‌പോര്‍ട്ട് കത്തിച്ചത്. യുകെ സര്‍ക്കാര്‍ തന്റെ പൗരത്വം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെതിരെ പ്രതിഷേധിച്ചാണ് ഈ നടപടി. 'റഷ്യ നീണ്ടാള്‍ വാഴട്ടെ' എന്ന് പ്രഖ്യാപിച്ച എയ്ഡന്‍, ബ്രിട്ടനെ പരിഹസിക്കുന്നതും സര്‍വീസ് റൈഫിളായ എകെ-74എം എന്ന അസോള്‍ട്ട് റൈഫിള്‍ ഉപയോഗിച്ച് വായുവിലേക്ക് വെടിയുതിര്‍ക്കുന്നതും ദൃശ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
2024 ജനുവരിയിലാണ് എയ്ഡന്‍ രണ്ട് മക്കളെയും ഉപേക്ഷിച്ച് റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നത്. കുടുംബവും സുഹൃത്തുക്കളുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചാണ് ഇയാള്‍ യുക്രെയ്‌നില്‍ റഷ്യയുടെ ഭാഗമായുള്ള യുദ്ധത്തില്‍ പങ്കെടുക്കുന്നത്.
മറ്റ് രാജ്യങ്ങള്‍ക്കായി യുദ്ധത്തില്‍ പങ്കെടുക്കുന്നവരുടെ പൗരത്വം റദ്ദാക്കാന്‍ യുകെയെ അനുവദിക്കുന്ന നിയമനിര്‍മാണത്തിനെതിരായ പ്രതിഷേധമാണിതെന്ന് എയ്ഡന്‍ അവകാശപ്പെടുന്നു.
മുന്‍കാലത്ത് ലഹരിക്ക് അടിമയായിരുന്ന എയ്ഡന്‍, യുകെയില്‍ തീവ്ര വലതുപക്ഷ നാഷനല്‍ ഫ്രണ്ട് പാര്‍ട്ടിയുടെ അംഗമായിരുന്നു. 2008-ല്‍ ഒരാളെ പ്രകോപനമില്ലാതെ വംശീയമായി ആക്രമിച്ചതിന് നാല് വര്‍ഷവും മൂന്ന് മാസവും തടവുശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.