ലണ്ടന്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 16 വയസ്സുകാരി കിയാന പാറ്റനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. 2019 ഒക്ടോബര്‍ 24ന് പെംബ്രോക്ക് ഡോക്കിലെ ഉപയോഗശൂന്യമായ ഹോട്ടലില്‍ കിയാനയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തൂങ്ങിമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം സ്ഥിരീകരിച്ചു.
മരണത്തിന് മുന്‍ദിനം വെയില്‍സിലെ പെംബ്രോക്ഷെയറിലെ മില്‍ഫോര്‍ഡ് ഹാവനിലെ വീട്ടില്‍ നിന്ന് കിയാനയെ കാണാതായതായി കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
'തമാശ പറയാനും പാട്ടുകള്‍ ആസ്വദിക്കാനും ഇഷ്ടമായിരുന്ന കുട്ടിയായിരുന്നു കിയാന. എന്റെ മൂന്ന് മക്കളില്‍ മൂത്തവളാണ്. ഐറിഷ് നൃത്തം, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കല്‍ എന്നിവ കിയാന ആസ്വദിച്ചിരുന്നു. പക്ഷേ പരീക്ഷകളില്‍ മാര്‍ക്ക് കുറഞ്ഞതോടെ 2018ല്‍ കഞ്ചാവ് ഉപയോഗം ആരംഭിച്ചു. ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെ പലപ്പോഴും പൊലീസിന്റെ സഹായം തേടേണ്ടിവന്നു. കഞ്ചാവ് ഉപയോഗത്തെക്കുറിച്ച് തര്‍ക്കം ഉണ്ടായപ്പോള്‍ ഒരിക്കല്‍ അവള്‍ എന്നെ തല്ലിയതും ഉണ്ടായിരുന്നു'- അമ്മ കോടതിയില്‍ പറഞ്ഞു.
പഠനത്തില്‍ മിടുക്കിയായിരുന്നു കിയാന. എന്നാല്‍ ഗ്രേഡുകള്‍ കുറഞ്ഞതോടെ മാനസികമായി അസ്വസ്ഥയാകാന്‍ തുടങ്ങിയതായും കുടുംബം പെംബ്രോക്ഷെയര്‍ കൊറോണര്‍ ഗാരെത് ലൂയിസിനെ അറിയിച്ചു. കിയാനയുടെ മരണവുമായി ബന്ധപ്പെട്ട വാദങ്ങള്‍ ഇപ്പോഴും കോടതിയില്‍ പരിഗണനയില്‍ തുടരുകയാണ്.