ന്യൂഡല്‍ഹി: ലണ്ടന്‍-ഡല്‍ഹി വിമാനരൂട്ട് കൂടുതല്‍ ശക്തമാക്കാന്‍ ബ്രിട്ടീഷ് എയര്‍വേയ്സ് പുതിയ പദ്ധതിയുമായി. 2026-ഓടെ ഹീത്ത്റോ വിമാനത്താവളവും ഡല്‍ഹിയും തമ്മില്‍ നിലവിലുള്ള രണ്ട് പ്രതിദിന സര്‍വീസുകള്‍ക്ക് പുറമേ മൂന്നാമത്തെ സര്‍വീസും ആരംഭിക്കാനാണ് ലക്ഷ്യം.
ലണ്ടന്‍-മുംബൈ റൂട്ടില്‍ നേരത്തെ ഉണ്ടായിരുന്ന ഫസ്റ്റ് ക്യാബിന്‍ (ഫസ്റ്റ് ക്ലാസ്) വീണ്ടും പ്രാബല്യത്തിലാകുമെന്ന് കമ്പനി അറിയിച്ചു. 2026-ന്റെ അവസാനം വരെ ഇന്ത്യയിലെ അഞ്ച് പ്രധാന നഗരങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത സര്‍വീസുകളില്‍ ഏറ്റവും പുതിയ ബിസിനസ് ക്ലാസ് ക്ലബ്ബ് സ്യൂട്ടും ഉള്‍പ്പെടുത്തും.
നിലവില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്കാണ് ബ്രിട്ടീഷ് എയര്‍വേയ്സിന്റെ സര്‍വീസുകള്‍. അമേരിക്കയ്ക്ക് പുറമേ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്ന രാജ്യം ഇന്ത്യയാണെന്നും കമ്പനി വ്യക്തമാക്കി.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ ഇന്ത്യയിലെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം. ജൂലായില്‍ ഇന്ത്യ-യുകെ സാമ്പത്തിക വ്യാപാര കരാറില്‍ ഒപ്പുവെച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ രണ്ട് ദിവസത്തെ സന്ദര്‍ശനം. ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിന്റെ ആറാം പതിപ്പില്‍ പങ്കെടുക്കുന്നതിനോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
'ഒരു നൂറ്റാണ്ടിലേറെയായി യു.കെയെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന വിമാനസര്‍വീസുകള്‍ നടത്താന്‍ ബ്രിട്ടീഷ് എയര്‍വേയ്സിന് കഴിഞ്ഞിട്ടുണ്ട്,' - കെയ്ര് സ്റ്റാര്‍മര്‍ പറഞ്ഞു.