മുംബൈ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറിന്റെ ഇന്ത്യ സന്ദര്‍ശനത്തോടൊപ്പം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബഹുമുഖ കരാറുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി. ജൂലൈയില്‍ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറിന് പിന്നാലെയാണ് സ്റ്റാര്‍മറിന്റെ ആദ്യ സന്ദര്‍ശനം. ഇന്ത്യ-യുകെ ബന്ധത്തില്‍ പുതിയ ഊര്‍ജം പ്രതിഫലിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
മുംബൈ രാജ്ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സ്റ്റാര്‍മര്‍ കൂടിക്കാഴ്ച നടത്തി. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സഹകരണം പ്രധാന ചര്‍ച്ചാവിഷയമായി. ഒന്‍പത് ബ്രിട്ടീഷ് സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.
''മികച്ച നിലവാരമുള്ള ഉന്നതവിദ്യാഭ്യാസത്തിനുള്ള ആവശ്യം ഉയര്‍ന്നതായതിനാല്‍ കൂടുതല്‍ ബ്രിട്ടീഷ് സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ തുടങ്ങുന്നത് സന്തോഷകരമാണ്. ഇത് ബ്രിട്ടനെ ഇന്ത്യയിലെ മുന്‍നിര അന്താരാഷ്ട്ര വിദ്യാഭ്യാസ ദാതാവാക്കി മാറ്റും,'' - കെയ്ര്‍ സ്റ്റാര്‍മര്‍
ലങ്കാസ്റ്റര്‍, സറേ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പുതിയ കാമ്പസുകള്‍ക്ക് അനുമതി ലഭിച്ചു. താംപ്ടണ്‍ സര്‍വകലാശാലയുടെ ഗുരുഗ്രാം കാമ്പസ് പ്രവര്‍ത്തനം ആരംഭിച്ചു; ആദ്യ ബാച്ച് പുറത്തിറങ്ങി. ലിവര്‍പൂള്‍ സര്‍വകലാശാലയും യോര്‍ക്ക്, അബെര്‍ഡീന്‍, ബ്രിസ്റ്റോള്‍ സര്‍വകലാശാലകളും യുജിസി അനുമതി തേടിയിട്ടുണ്ട്. ക്വീന്‍സ് യൂണിവേഴ്‌സിറ്റി ബെല്‍ഫാസ്റ്റ് ഗുജറാത്തില്‍ എത്തും. ബ്രിസ്റ്റോള്‍ സര്‍വകലാശാലയുടെ മുംബൈ കാമ്പസ് 2026-ല്‍ പ്രവര്‍ത്തനം ആരംഭിക്കും. ലിവര്‍പൂള്‍ സര്‍വകലാശാല ബെംഗളൂരുവിലും യോര്‍ക്ക്, അബെര്‍ഡീന്‍ സര്‍വകലാശാലകള്‍ മുംബൈയിലും കാമ്പസുകള്‍ പരിഗണിക്കുന്നു.
2022-ല്‍ അന്താരാഷ്ട്ര വിദ്യാഭ്യാസം യുകെയിലേക്ക് £32 ബില്യണ്‍ വരുമാനം എത്തിച്ചു. അതില്‍ £1 ബില്യണ്‍ അന്താരാഷ്ട്ര കാമ്പസുകളില്‍ നിന്നാണ്. ഇന്ത്യയുമായുള്ള കരാര്‍ പ്രകാരം ഉന്നതവിദ്യാഭ്യാസ മേഖലയിലൂടെ £50 മില്യണ്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കാനാണ് ബ്രിട്ടന്റെ പദ്ധതി.
ബിസിനസ്, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ നിന്നുള്ള നൂറിലധികം അംഗങ്ങളുള്ള സംഘമാണ് സ്റ്റാര്‍മറിനെ അനുഗമിക്കുന്നത്. നിലവിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ പ്രയോജനപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
വിസ നയങ്ങളില്‍ മാറ്റമില്ലെന്നും ഇന്ത്യയുമായി പുതിയ വിസ കരാര്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്റ്റാര്‍മര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.