ലണ്ടന്‍: അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ദിവസേന പരമാവധി ഒരു മണിക്കൂറായി സ്‌ക്രീന്‍ സമയം നിജപ്പെടുത്തണമെന്ന് ബ്രിട്ടന്‍ സര്‍ക്കാര്‍ മാതാപിതാക്കള്‍ക്കായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. കുട്ടികളുടെ ശാരീരിക, മാനസിക, ബൗദ്ധിക ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് ഈ നിര്‍ദേശം.
വിദ്യാഭ്യാസ സെക്രട്ടറി ബ്രിജിറ്റ് ഫിലിപ്‌സണ്‍ വ്യക്തമാക്കിയതുപോലെ, ഭാവിയിലേക്കുള്ള മുന്‍കരുതലായാണ് ഗൈഡന്‍സ് തയ്യാറാക്കിയിരിക്കുന്നത്. കുട്ടികള്‍ സ്‌ക്രീനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് അവരുടെ ഉറക്കത്തെയും ദൈനംദിന പ്രവര്‍ത്തികളെയും പ്രതികൂലമായി ബാധിക്കുമെന്ന പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇംഗ്ലണ്ടിലെ ചില്‍ഡ്രന്‍സ് കമ്മിഷണര്‍ ഡെയിം റെയ്ചല്‍ ഡിസൂസയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. കമ്പ്യൂട്ടര്‍, ടാബ്ലറ്റ്, മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ എന്നിവയെല്ലാം സ്‌ക്രീന്‍ സമയം നിയന്ത്രണത്തിന്റെ പരിധിയില്‍ വരും.