ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ എല്‍പിജി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ആശ്വാസവാര്‍ത്ത. ഹോര്‍മൂസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യന്‍ എണ്ണക്കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഇറാന്‍ അനുമതി നല്‍കി. പുഷ്പക്, പരിമള്‍ എന്നീ കപ്പലുകള്‍ക്ക് സുരക്ഷിതമായി കടന്നുപോകാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ മറ്റ് അന്താരാഷ്ട്ര കപ്പലുകള്‍ക്ക് വിലക്ക് തുടരുമെന്ന് ഇറാന്‍ വ്യക്തമാക്കി. അമേരിക്ക, ഇസ്രയേല്‍, അവരുടെ സഖ്യകക്ഷികള്‍ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകള്‍ തടയുമെന്നും അറിയിച്ചു. സൗഹാര്‍ദ്ദം പുലര്‍ത്തുന്ന ഇന്ത്യയുടെ കപ്പലുകള്‍ക്ക് മാത്രമാണ് സുരക്ഷിതമായി കടന്നുപോകാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ കഴിഞ്ഞ ദിവസം ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ടെലിഫോണില്‍ നടത്തിയ സംഭാഷണത്തില്‍ എണ്ണ പ്രതിസന്ധി അടക്കം ചര്‍ച്ചയായതായി വിവരം. നയതന്ത്ര തലത്തില്‍ തുടര്‍ന്നും ചര്‍ച്ചകള്‍ തുടരുമെന്ന് ജയ്ശങ്കര്‍ വ്യക്തമാക്കി.
എല്‍പിജി വിതരണം നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കരിഞ്ചന്തയോ പൂഴ്ത്തിവയ്പ്പോ ഇല്ലെന്ന് ഉറപ്പാക്കാനും, സിലിണ്ടറുകളുടെ വില്‍പ്പനയും വിതരണവും ക്രമസമാധാനത്തോടെ നടക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ നിര്‍ദേശിച്ചു