വെര്‍ജീനിയയിലെ ജയിലില്‍ തടവുകാര്‍ തീകൊളുത്തിയ സംഭവം തടവുകാരുടെ പ്രതിഷേധത്തിന്റെ ഭാഗമല്ലെന്ന് അധികൃതര്‍. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തടവുകാര്‍ സ്വയം തീകൊളുത്തിയ ആറ് സംഭവങ്ങളാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വെര്‍ജീനിയയിലെ ഒരു സൂപ്പര്‍മാക്സ് സ്റ്റേറ്റ് ജയിലിലായിരുന്നു സംഭവം. എന്നാലിപ്പോള്‍ കറക്ഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ഇതിനെയപ്പാടെ തള്ളിക്കളയുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് തടവുകാര്‍ സ്വയം തീകൊളുത്തിയത് എന്ന വാര്‍ത്തകളെ ജയിലധികാരികള്‍ വിമര്‍ശിച്ചു. വിര്‍ജീനിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷന്‍സ് ഡയറക്ടര്‍ ചാഡ്വിക്ക് ഡോട്ട്‌സണ്‍ പറയുന്നത് അത് തെറ്റാണ് എന്നാണ്. പ്രതിഷേധത്തിന്റെ ഭാഗമായിട്ടല്ല തടവുകാര്‍ സ്വയം തീകൊളുത്തിയത് എന്നും അദ്ദേഹം പറഞ്ഞു. വെര്‍ജീനിയയിലെ അതീവ സുരക്ഷയുള്ള റെഡ് ഒനിയന്‍ ജയിലിലാണ് തടവുകാര്‍ ഇലക്ട്രിക്കല്‍ ഔട്ട്ലെറ്റുകളില്‍ കൃത്രിമം കാണിച്ച ശേഷം മനഃപൂര്‍വം തീകൊളുത്തിയത്. 12 പേര്‍ക്ക് കൂടി സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവിടുത്തെ തടവുകാരില്‍ ഒരാളായ കെവിന്‍ 'റഷീദ്' ജോണ്‍സണ്‍ പറയുന്നത്, ഇവിടുത്തെ സാഹചര്യങ്ങള്‍ അസഹനീയമാണ് അതിനാലാണ് ഇങ്ങനെയൊരു നടപടിയിലേക്ക് തടവുകാര്‍ തിരിഞ്ഞത് എന്നാണ്.
സപ്തംബറില്‍, തങ്ങള്‍ക്കെതിരെ വംശീയമായ അതിക്രമവും ചൂഷണവും നടക്കുന്നു എന്നാരോപിച്ച് രണ്ട് തടവുകാര്‍ ഇതുപോലെ തീകൊളുത്തിയിരുന്നു. ''റെഡ് ഒനിയനിലെ കഠിനവും മനുഷ്യത്വരഹിതവുമായ അവസ്ഥകള്‍ വളരെ അസഹനീയമായിരുന്നു. അവിടെ നിന്നും എങ്ങനെയെങ്കിലും മാറാനുള്ള തീവശ്രമങ്ങളുടെ ഭാഗമായിട്ടാണ് അവര്‍ തീകൊളുത്തിയത്'' എന്നും ജോണ്‍സണ്‍ പ്രിസണ്‍ റേഡിയോയോട് പറഞ്ഞു. തടവുകാര്‍ ശാരീരികമായും മാനസികമായും ആവര്‍ത്തിച്ച് ചൂഷണം ചെയ്യപ്പെട്ടിരുന്നു. എന്തെങ്കിലും പറ്റിയാലും ജയിലിലെ ഗാര്‍ഡുകളോ മെഡിക്കല്‍ സ്റ്റാഫോ ചികിത്സ തരാന്‍ തയ്യാറായിരുന്നില്ല എന്നും ഇവിടുത്തെ മറ്റൊരു തടവുകാരനായ ചാള്‍സ് കോള്‍മാന്‍ പറയുന്നു. തടവുകാരുടെ ഭാഗത്ത് നിന്നും പ്രതിഷേധമുണ്ടായി എന്ന് സ്ഥിരീകരിച്ച വിര്‍ജീനിയ ഗവര്‍ണര്‍ ഗ്ലെന്‍ യങ്കിന്‍ പറഞ്ഞത്, പരിക്കുകളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നാണ്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്, എങ്ങനെയാണ് ഇത് സംഭവിച്ചത് എന്നുള്ള കാര്യത്തില്‍ അന്വേഷണം നടക്കും. അന്വേഷണത്തിലൂടെ അത് കണ്ടെത്തുകയും കറക്ഷന്‍ വകുപ്പുകളോട് ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നും യങ്കിന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ വിര്‍ജീനിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷന്‍സ് ഡയറക്ടര്‍ ചാഡ്വിക്ക് ഡോട്ട്‌സണ്‍ പ്രസ്താവനയില്‍ പറഞ്ഞത് തീകൊളുത്തിയത് പ്രതിഷേധത്തിന്റെ ഭാഗമാണ് എന്ന വാദം തെറ്റാണ് എന്നാണ്. അതേസമയം, 1998 ല്‍ പ്രവര്‍ത്തനമാരംഭിച്ചതിന് പിന്നാലെ തന്നെ കുപ്രസിദ്ധമായതാണ് റെഡ് ഒനിയന്‍ സ്റ്റേറ്റ് പ്രിസണ്‍. ജയിലില്‍ നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളേക്കുറിച്ച് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അടക്കം രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.