മാസ്റ്റേഴ്‌സ് ചെസ് ടൂര്‍ണമെന്റില്‍ കാണികളില്‍ നിന്ന് ലിംഗവിവേചനം നേരിട്ടതായി ഇന്ത്യന്‍ മാസ്റ്റര്‍ ദിവ്യ ദേശ്മുഖ്. തന്റെ മുടി, വസ്ത്രം, ഉച്ചാരണം തുടങ്ങിയ അപ്രസക്തമായ കാര്യങ്ങലാണ് അവര്‍ ശ്രദ്ധിക്കുന്നത്. ടൂര്‍ണമെന്റില്‍ താന്‍ പുലര്‍ത്തിയ മികവിനെ ആരും കാര്യമാക്കിയില്ല. കായിക രംഗത്ത് അര്‍ഹിക്കുന്ന അംഗീകാരം വനിതാ താരങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പ് നേടിയ 18 കാരി ആരോപിച്ചു.'കാണികള്‍ എന്റെ ഗെയിം ഒഴികെ ബാക്കിയെല്ലാം ശ്രദ്ധിച്ചു. എന്റെ വസ്ത്രങ്ങള്‍, മുടി, ഉച്ചാരണം, തുടങ്ങി ലോകത്തിലെ അപ്രസക്തമായ മുഴുവന്‍ കാര്യങ്ങളാണ് അവര്‍ ശ്രദ്ധിച്ചത്. ഇത് കേട്ട് അസ്വസ്ഥത തോന്നി. സ്ത്രീകള്‍ ചെസ്സ് കളിക്കുമ്പോള്‍ അവരുടെ സൗന്ദര്യവും മറ്റും ആസ്വദിക്കുകയും അവരുടെ കഴിവും ശക്തിയും അവഗണിക്കപ്പെടുകയും ചെയ്യുന്നു എന്നത് ഒരു സങ്കടകരമായ സത്യമാണ്. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഗെയിം ശ്രദ്ധിക്കുന്നത്'- ദിവ്യ ദേശ്മുഖ് വ്യക്തമാക്കി. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ദിവ്യ ദേശ്മുഖ് കാണികളുടെ ലിംഗവിവേചനത്തെക്കുറിച്ചും സ്ത്രീവിരുദ്ധതയെക്കുറിച്ചും തുറന്നടിച്ചത്.