സിനിമയിലെ രംഗങ്ങളില്‍ പുകവലി സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നുവെന്നു കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമയിലെ രംഗങ്ങളിലെ പുകവലി സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെന്നും ഇത്തരം ദൃശ്യങ്ങളുള്ള സിനിമ, ടിവി, ഒടിടി പരിപാടികള്‍ക്കു നിരോധനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേരള വൊളന്ററി ഹെല്‍ത്ത് സര്‍വീസസ് എന്ന സന്നദ്ധ സംഘടനയാണു ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
ഹര്‍ജിയിലെ ആവശ്യത്തിനു പിന്നിലുള്ള കാരണത്തോടു യോജിക്കുമ്പോഴും ചില കാരണങ്ങള്‍ മനസ്സിലാക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. 'സിനിമയിലെ പുകവലി രംഗങ്ങള്‍ കണ്ട് ആളുകള്‍ പുകവലിച്ചു തുടങ്ങുമെന്ന് നിങ്ങള്‍ ശരിക്കും കരുതുന്നുണ്ടോ?' ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു. സുഹൃത്തുക്കളുടെയും മറ്റും സ്വാധീനവും ലഭ്യതയുമൊക്കെ പുകവലിക്കു കാരണമാകുന്നുണ്ട്. പലപ്പോഴും സുഹൃത്തുക്കളും മറ്റും വലിക്കുന്നതു കണ്ടാണു പലരും പുകവലിച്ചു തുടങ്ങുന്നതെന്നു കോടതി നിരീക്ഷിച്ചു.
സിനിമയിലും സീരിയലിലുെമാക്കെ പുകയില ഉപയോഗം കാണിച്ച് സാധാരണ വത്ക്കരിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. സിഗരറ്റിന്റെയും മറ്റു പുകയില ഉല്‍പന്നങ്ങളുടെയും പരസ്യങ്ങള്‍ 2003ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തടഞ്ഞിട്ടുണ്ട്. സിനിമ പോലുള്ളവയില്‍ പുകയില ഉല്‍പന്നങ്ങളുടെ വ്യാപക ഉപയോഗത്തിലൂടെ പരോക്ഷമായ പരസ്യം നല്‍കുകയാണ്. ചലച്ചിത്ര താരങ്ങളും മറ്റും പുകവലിക്കുന്നതു സമൂഹത്തെയാകെ സ്വാധീനിക്കുന്നു - ഹര്‍ജിക്കാര്‍ ആരോപിച്ചു. |