Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6174 INR  1 EURO=109.8539 INR
ukmalayalampathram.com
Sun 26th Jul 2026
 
 
UK Special
  Add your Comment comment
യുകെയില്‍ എട്ടുദിവസത്തെ ഉഷ്ണതരംഗ മുന്നറിയിപ്പ്; താപനില 32 ഡിഗ്രിക്ക് മുകളില്‍, ജലനിയന്ത്രണവും ശക്തമാക്കി
reporter

ലണ്ടന്‍: യുകെയില്‍ വീണ്ടും കടുത്ത ചൂട് ശക്തമാകുന്നതിനിടെ എട്ടുദിവസത്തെ ഉഷ്ണതരംഗ ആരോഗ്യ മുന്നറിയിപ്പ് പ്രഖ്യാപിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 32 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയര്‍ന്നതോടെയാണ് ആരോഗ്യ അലേര്‍ട്ട് പുറപ്പെടുവിച്ചത്. ഉഷ്ണതരംഗത്തിനുള്ള മഞ്ഞ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കടുത്ത ചൂട് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ജീവഹാനിക്കും വരെ കാരണമാകാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സതേണ്‍, ഈസ്റ്റേണ്‍ ഇംഗ്ലണ്ട്, ഈസ്റ്റ് മിഡ്ലാന്‍ഡ്‌സ് മേഖലകളില്‍ അടുത്ത ശനിയാഴ്ച വരെ അലേര്‍ട്ട് തുടരും. വെസ്റ്റ് മിഡ്ലാന്‍ഡ്‌സിലേക്കും മുന്നറിയിപ്പ് വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം, ഉയര്‍ന്ന താപനിലയും വരണ്ട കാലാവസ്ഥയും തുടരുന്നതിനിടെ വെള്ളത്തിന്റെ പാഴ്ച്ചെലവ് നിയന്ത്രിക്കാന്‍ സതേണ്‍ വാട്ടര്‍ ഹോസ്പൈപ്പ് നിരോധനം പ്രഖ്യാപിച്ചു. ഹാംപ്ഷയറിലും ഐല്‍ ഓഫ് വൈറ്റിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് മേഖലയില്‍ ഇത്തരമൊരു വിലക്ക് നടപ്പാക്കുന്നത്.

ജൂലൈ 10 മുതലാണ് ഹോസ്പൈപ്പ് നിരോധനം ഔദ്യോഗികമായി പ്രാബല്യത്തില്‍ വരിക. എന്നാല്‍ അതിന് മുമ്പുതന്നെ ജനങ്ങള്‍ ഹോസ്പൈപ്പുകളുടെ ഉപയോഗം ഒഴിവാക്കി ജലവിതരണ സംവിധാനത്തിലെ സമ്മര്‍ദം കുറയ്ക്കണമെന്ന് സതേണ്‍ വാട്ടര്‍ അഭ്യര്‍ഥിച്ചു. കെന്റില്‍ സൗത്ത് ഈസ്റ്റ് വാട്ടറും സമാനമായ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. ഹാംപ്ഷയര്‍, സസെക്‌സ് മേഖലകളിലെ ജനങ്ങളോട് വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനും നിര്‍ദേശിച്ചു. ഈസ്റ്റേണ്‍ ഇംഗ്ലണ്ടില്‍ സേവനം നല്‍കുന്ന ആംഗ്ലിയന്‍ വാട്ടറും ജലസംരക്ഷണ നടപടികള്‍ ശക്തമാക്കണമെന്ന് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. റെക്കോര്‍ഡ് ചൂട് അനുഭവപ്പെട്ട ജൂണ്‍ മാസത്തിന് പിന്നാലെയാണ് ജലനിയന്ത്രണ നടപടികള്‍ കടുപ്പിക്കുന്നത്. രാജ്യത്തെ എക്കാലത്തെയും ഉയര്‍ന്ന താപനിലയായ 40.3 ഡിഗ്രി സെല്‍ഷ്യസ് ഈ ഘട്ടത്തില്‍ മറികടക്കാന്‍ സാധ്യത കുറവാണെങ്കിലും ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിവസങ്ങളിലൊന്നായി വരും ദിവസങ്ങള്‍ മാറിയേക്കുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടില്‍ 36.9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഇത് ജൂണ്‍ മാസത്തിലെ റെക്കോര്‍ഡ് താപനില മറികടന്നതായും റിപ്പോര്‍ട്ടുണ്ട്. ജൂലൈ മാസത്തുടനീളം സാധാരണയേക്കാള്‍ ഉയര്‍ന്ന താപനിലയും വരണ്ട കാലാവസ്ഥയും തുടരാനാണ് സാധ്യതയെന്ന് ദീര്‍ഘകാല പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. ഇടയ്ക്കിടെ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കാമെങ്കിലും മൊത്തത്തില്‍ ചൂടും തെളിഞ്ഞ കാലാവസ്ഥയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. യൂറോപ്പിലെ പല രാജ്യങ്ങളും ഇതിനകം അതിശക്തമായ ഉഷ്ണതരംഗത്തെ നേരിടുന്നതിനിടെ ബ്രിട്ടനിലും വീണ്ടും ചൂട് രൂക്ഷമാകുമെന്ന സൂചന അധികൃതരെ ജാഗ്രതയിലാക്കിയിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window