Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
UK Special
  Add your Comment comment
യുകെയില്‍ മൂന്നാം ഉഷ്ണതരംഗം; ആംബര്‍ ആരോഗ്യ മുന്നറിയിപ്പ്, താപനില 34 ഡിഗ്രിയിലേക്ക്
reporter

ലണ്ടന്‍: ബ്രിട്ടനില്‍ വേനല്‍ക്കാലത്തെ മൂന്നാം ഉഷ്ണതരംഗം ശക്തമാകുമെന്ന മുന്നറിയിപ്പുമായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. താപനില തുടര്‍ച്ചയായി 30 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരാനും ചില മേഖലകളില്‍ 34 ഡിഗ്രി വരെ ഉയരാനും സാധ്യതയുള്ളതിനാല്‍ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഹീറ്റ്-ഹെല്‍ത്ത് അലര്‍ട്ട് ആംബര്‍ തലത്തിലേക്ക് ഉയര്‍ത്തി. ജൂലൈ 8 ബുധനാഴ്ച രാവിലെ 9 മുതല്‍ ജൂലൈ 12 ഞായറാഴ്ച രാത്രി 9 വരെയാണ് ആംബര്‍ മുന്നറിയിപ്പ് നിലവിലുണ്ടാകുക. ഈസ്റ്റ് മിഡ്ലാന്‍ഡ്‌സ്, വെസ്റ്റ് മിഡ്ലാന്‍ഡ്‌സ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, ലണ്ടന്‍, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് മേഖലകളെയാണ് മുന്നറിയിപ്പ് പ്രധാനമായും ബാധിക്കുക. വടക്കന്‍ ഇംഗ്ലണ്ടിലെ ചില മേഖലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആഴ്ചയുടെ രണ്ടാം പകുതിയോടെ ചൂട് കൂടുതല്‍ ശക്തമാകുമെന്നും തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ ചില പ്രദേശങ്ങളില്‍ താപനില 34 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുമെന്നുമാണ് പ്രവചനം. തുടര്‍ച്ചയായ കടുത്ത ചൂട് ആരോഗ്യ-സാമൂഹിക പരിചരണ സംവിധാനങ്ങളില്‍ അധിക സമ്മര്‍ദമുണ്ടാക്കുമെന്ന ആശങ്കയും ശക്തമാണ്.

പ്രായമായവര്‍, ദീര്‍ഘകാല രോഗങ്ങളുള്ളവര്‍, ഒറ്റയ്ക്ക് താമസിക്കുന്നവര്‍ എന്നിവര്‍ക്കാണ് കൂടുതല്‍ അപകടസാധ്യത. പ്രത്യേകിച്ച് 65 വയസ്സിന് മുകളിലുള്ളവരില്‍ ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും മരണസാധ്യതയും ഉയരാമെന്ന മുന്നറിയിപ്പുണ്ട്. ആശുപത്രികള്‍, കെയര്‍ ഹോമുകള്‍, സാമൂഹിക പരിചരണ കേന്ദ്രങ്ങള്‍ എന്നിവ മുന്‍കരുതല്‍ ശക്തമാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. ഉഷ്ണതരംഗം ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇംഗ്ലണ്ടിലെ നിരവധി സ്‌കൂളുകള്‍ സ്‌പോര്‍ട്‌സ് ഡേ ഉള്‍പ്പെടെയുള്ള ഔട്ട്‌ഡോര്‍ പരിപാടികള്‍ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുകയാണ്. കടുത്ത ചൂടുള്ള സമയങ്ങളില്‍ കുട്ടികള്‍ തീവ്രമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

ജലാശയങ്ങളില്‍ ചാടി അപകടത്തില്‍പ്പെടരുത്

ചൂടില്‍ നിന്ന് ആശ്വാസം തേടി നദികള്‍, തടാകങ്ങള്‍, കനാലുകള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവയില്‍ ചാടരുതെന്ന് യുവാക്കള്‍ക്ക് പ്രത്യേക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന താപനിലയില്‍ തുറന്ന ജലാശയങ്ങളിലേക്ക് ആളുകള്‍ കൂട്ടത്തോടെ എത്തുന്നത് അപകടങ്ങള്‍ വര്‍ധിപ്പിക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍. ജലത്തിന്റെ താപനില കുറഞ്ഞിരിക്കാം, അടിയൊഴുക്ക് ശക്തമായിരിക്കാം, ആഴം കണക്കാക്കാന്‍ കഴിയാതിരിക്കാം തുടങ്ങിയ കാരണങ്ങളാല്‍ നീന്തല്‍ പരിചയമുള്ളവര്‍ക്കുപോലും അപകടസാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മുന്‍ ഉഷ്ണതരംഗ ഘട്ടങ്ങളില്‍ ജലാശയങ്ങളുമായി ബന്ധപ്പെട്ട നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ ജാഗ്രതാനിര്‍ദേശം. അതേസമയം, നീണ്ടുനില്‍ക്കുന്ന വരണ്ട കാലാവസ്ഥയും ഉയര്‍ന്ന ജലോപയോഗവും കണക്കിലെടുത്ത് വെള്ളം പാഴാക്കരുതെന്ന് വിവിധ വാട്ടര്‍ കമ്പനികളും ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു.

40.3 ഡിഗ്രിയുടെ റെക്കോര്‍ഡ് തകരാന്‍ സാധ്യത കുറവ്

2022ല്‍ രേഖപ്പെടുത്തിയ 40.3 ഡിഗ്രി സെല്‍ഷ്യസ് എന്ന യുകെയുടെ എക്കാലത്തെയും ഉയര്‍ന്ന താപനില ഇത്തവണ മറികടക്കാന്‍ സാധ്യത കുറവാണെന്നാണ് നിലവിലെ വിലയിരുത്തല്‍. എന്നാല്‍ ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ കാലഘട്ടങ്ങളിലൊന്നായി പുതിയ ഉഷ്ണതരംഗം മാറിയേക്കും. കഴിഞ്ഞ മാസം ഇംഗ്ലണ്ടില്‍ 36.9 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തിയതോടെ ജൂണ്‍ മാസത്തിലെ പഴയ റെക്കോര്‍ഡുകള്‍ തകര്‍ന്നിരുന്നു. തുടര്‍ച്ചയായ ഉഷ്ണതരംഗങ്ങള്‍ രാജ്യത്തിന്റെ ആരോഗ്യസംവിധാനം, ഗതാഗതം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജലവിതരണം എന്നിവയ്ക്കു മുന്നില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്. ജൂലൈയിലും സാധാരണയേക്കാള്‍ ഉയര്‍ന്ന താപനിലയും വരണ്ട കാലാവസ്ഥയും തുടരാനുള്ള സാധ്യതയാണ് ദീര്‍ഘകാല പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതോടെ ബ്രിട്ടനില്‍ ഇത്തവണത്തെ വേനല്‍ക്കാലം കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചൂടിന്റെ കാലഘട്ടമായി മാറുമെന്ന ആശങ്ക ശക്തമാകുകയാണ്.

 
Other News in this category

 
 




 
Close Window