Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സ്റ്റുഡന്റ് വിസ-മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങി
തയ്യാറാക്കിയത്- പോള്‍ ജോണ്‍
ലണ്ടന്‍ : അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ സ്റ്റുഡന്റ് വിസയില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള സംവാദത്തിന് അരങ്ങൊരുങ്ങി. കര്‍ശനമായ പ്രവേശന പ്രക്രിയ, ജോലി ചെയ്യാനുള്ള അനുവാദം വെട്ടിച്ചുരുക്കുക, അത് പോലെ പഠനം കഴിഞ്ഞ് യുകെയില്‍ തങ്ങി ജോലി അന്വേഷിക്കുന്ന പ്രവണത എന്നിവയ്ക്കു കടിഞ്ഞാണിടുന്ന രീതിയില്‍ ആയിരിക്കും പുതിയ നിയമമെന്ന് പുതിയ കണ്‍സള്‍ട്ടേഷന് തുടക്കമിട്ടു കൊണ്ട് യുകെയിലെ ഇമിഗ്രേന്‍ മിനിസ്റ്റര്‍ ഡാമിയന്‍ ഗ്രീന്‍ പ്രസ്താവിച്ചു.

പുതിയ പരിഷ്‌കാരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും വിഷമം നല്‍കുന്ന ഒന്ന് ഡിഗ്രി ലെവല്‍ കോഴ്‌സ് കഴിഞ്ഞ് യുകെയില്‍ രണ്ട് വര്‍ഷത്തെ ജോലി പരിചയത്തിന് നല്‍കിയിരുന്ന ടിയര്‍ 1 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ നിര്‍ത്തലാക്കുമെന്നതാണ്. അതു പോലെ തന്നെ വിദ്യാഭ്യാസ സമയത്ത് തിങ്കള്‍ മുതല്‍ വെള്ളി വരെ ക്യാമ്പസുകളില്‍ മാത്രം ജോലി ചെയ്യാന്‍ അനുവാദം നല്‍കുക, വീക്കെന്‍ഡുകളിലും, വെക്കേഷനുകളിലും മാത്രം പുറത്തുള്ള എംപ്ലോയര്‍മാരുടെ അടുത്ത് ജോലി ചെയ്യാന്‍ അനുവാദം നല്‍കുക എന്നതാണ് മറ്റൊരു പരിഷ്‌കരണം. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ക്യാമ്പസുകളില്‍ മാത്രം പഠന കാലത്ത് ജോലി ചെയ്യാന്‍ സാധിക്കൂ എന്ന നിയമം ഫലത്തില്‍ പഠനസമയത്ത് വീക്ക് ഡെയ്‌സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കാത്ത വിധത്തിലാവും. കാരണം, പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ക്യാമ്പസില്‍ തന്നെ ജോലി ലഭിക്കാന്‍ സാധ്യതയില്ല എന്നതു തന്നെ. എന്‍വിക്യൂ പോലുള്ള കോഴ്‌സുകളില്‍ വര്‍ക്ക് എക്‌സ്പീരിയന്‍സ് പ്ലേസ്‌മെന്റ് 66:33 എന്ന അനുപാതത്തിലാക്കും എന്നുള്ളാണ് മറ്റൊന്ന്. നിലവില്‍ 50: 50 എന്ന അനുപാതത്തില്‍ പഠനം, ജോലി എന്നിങ്ങനെയാണ് ഈ കോഴ്‌സുകളില്‍ അനുവാദം നല്‍കിയിരിക്കുന്നത്. 66:33 അനുപാതത്തില്‍ പഠനം ജോലി എന്നിവ ആകുകയാണെങ്കില്‍ ഈ കോഴ്‌സുകളോടുള്ള പ്രിയം ഇല്ലാതാകുമെന്നാണ് യുകെബിഎയുടെ നിഗമനം.

എല്ലാ ടിയര്‍ 4 സ്റ്റുഡന്റ് ഡിപ്പെന്‍ഡന്‍സിനും ജോലി ചെയ്യാനുള്ള അവകാശം എടുത്തു കളയുക എന്നതാണ് മറ്റൊരു നിര്‍ദ്ദേശം. ഇതനുസരിച്ച് യുകെയില്‍ ഡിപ്പെന്‍ഡന്റ് വിസയില്‍ ഉള്ളവര്‍ക്ക് ജോലി ചെയ്യാന്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ അനുവാദമില്ല എന്നതാണ്. അതു പോലെ തന്നെ പന്ത്രണ്ട് മാസത്തിന് മുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു മാത്രം അവരുടെ ഡിപ്പെന്‍ഡന്റിനെ കൊണ്ടു വരുവാനുള്ള അനുവാദം നല്‍കിയാല്‍ മതിയെന്ന് പുതിയ ശുപാര്‍ശകളിലുണ്ട്.

ടിയര്‍ 4 വിസ ഡിഗ്രി ലെവലിലുള്ള കോഴ്‌സുകള്‍ക്ക് മാത്രമായി നല്‍കിയാല്‍ മതിയെന്ന് ഒരു നിര്‍ദ്ദേശമുണ്ട്. ഇതനുസരിച്ച് ഹൈലി ട്രസ്റ്റഡ് സ്‌പോണ്‍സര്‍മാരല്ലാത്ത കോളേജുകള്‍ക്ക് ഡിഗ്രി ലെവല്‍ താഴെയുള്ള കോഴ്‌സുകളിലേക്ക് വിദ്യാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കുകയില്ല. ഹൈ ട്രസ്റ്റഡ് ആയിട്ടുള്ള സ്‌പോണ്‍സര്‍മാര്‍ക്ക് എന്‍വിക്യൂ പോലുള്ള കോഴ്‌സുകളിലേക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുവരാന്‍ അനുവാദം നല്‍കും. 18 വയസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ടിയര്‍ 4 ചൈല്‍ഡ് സ്റ്റുഡന്റ് വിസയ്ക്ക് യാതൊരുവിധ നിബന്ധനകളും ഉണ്ടായിരിക്കുന്നതല്ല. ടിയര്‍ 4 വിസയില്‍ ഇനി യുകെയില്‍ വരുന്ന എല്ലാ വിദ്യാര്‍ത്ഥികളും സിഇഎഫ്ആര്‍ ബിക്യൂ ലെവല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ഗ്രാഹ്യമുള്ളവര്‍ ആയിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന. ഇതനുസരിച്ച് ഐഇഎല്‍ടിഎസ് പരീക്ഷയില്‍ 4.5 ഗ്രേഡെങ്കിലും ഉള്ളവര്‍ക്കു മാത്രമെ ഇനി യുകെ വിസയ്ക്കു അടുത്ത അധ്യയനവര്‍ഷം മുതല്‍ അപേക്ഷ നല്‍കാന്‍ സാധിക്കൂ.

യുകെയില്‍ നിന്നു കൊണ്ടു തന്നെ സ്റ്റുഡന്റ് വിസ എക്സ്റ്റന്റ് ചെയ്ത് നല്‍കണോ അതോ ഓരോ കോഴ്‌സിനും ശേഷം വിദ്യാര്‍ത്ഥികള്‍ നാട്ടില്‍ പോയ ശേഷം അവിടെ നിന്ന് വിസാ എക്‌സ്റ്റന്‍ഷന് അപേക്ഷ സ്വീകരിച്ചാല്‍ മതിയോ എന്നതാണ് മറ്റൊരു നിര്‍ദ്ദേശം. വിസ എക്‌സ്റ്റന്‍ഡ് ചെയ്ത് കൂടുതല്‍ കാലം യുകെയില്‍ നില്‍ക്കാന്‍ സാധിക്കാത്ത വിധത്തില്‍, അല്ലെങ്കില്‍ പിആറിന് യോഗ്യത നേടാന്‍ സാധിക്കാതിരിക്കുന്നതിന് വേണ്ടിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടു വെച്ചിട്ടുള്ളത്. ഇനി യുകെയില്‍ നിന്നും തന്നെ വിസ എക്‌സ്റ്റന്‍ഷന് അപേക്ഷ സ്വീകരിക്കുകയാണെങ്കില്‍ ഉയര്‍ന്ന തലത്തിലുള്ള പഠന പുരോഗതി വേണമെന്ന ഒരാവശ്യവും പുതിയ ശുപാര്‍ശയിലുണ്ട്. നിലവില്‍ അക്കാദമിക് പ്രോഗ്രസ് ടിയര്‍ 4 വിസാ എക്‌സ്റ്റന്‍ഷന്‍ വലിയ പ്രാധാന്യമില്ലാത്ത ഒരു വസ്തുതയാണ്. ഗവണ്‍മെന്റ് പഴയ വിസാ നിയമം കൂടി ടിയര്‍ 4 നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതിന്റെ സൂചനയാണിത്. അതു പോലെ കൂടുതല്‍ വിസാ എക്‌സറ്റന്‍ഷന്‍ കാലാവധി നല്‍കാതിരിക്കുന്നതിന്റെ ഭാഗമായിട്ട് ടിയര്‍ 1 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയും നിര്‍ത്തലാക്കും എന്നും പുതിയ ശുപാര്‍ശയിലുണ്ട്. യുകെയില്‍ എത്തുന്ന ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവൃത്തി പരിചയത്തിനും, അതു പോലെ ടിയര്‍ 1 ജനറല്‍ , ടിയര്‍ 2 വിസ എന്നിവയിലേക്ക് മാറ്റുന്നതിന് ടിയര്‍ 1 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ ഉപകരിച്ചിരുന്നു. ഇതു നിര്‍ത്തലാക്കുന്നതോടെ യുകെയില്‍ ഉപരിപഠനത്തിന് എത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരാന്‍ സാധ്യതയുണ്ട് എന്ന കാര്യം ഗവണ്‍മെന്റ് ശ്രദ്ധിക്കുമോ ആവോ?

യുകെയില്‍ ഡിഗ്രി കോഴ്‌സുകള്‍ക്കു ശേഷം ലഭിച്ചിരുന്ന പ്രവൃത്തി പരിചയ വിസാ ധാരാളം വിദേശ വിദ്യാര്‍ത്ഥികളെ യുകെയിലെ യൂണിവേഴ്‌സിറ്റികളിലേക്ക് ആകര്‍ഷിച്ചിരുന്നു. ആദ്യത്തെ ടോപ്പ് 25 യൂണിവേഴ്‌സിറ്റികള്‍ക്ക് സ്റ്റുഡന്റ്‌സ് ഉണ്ടാകും. പക്ഷെ താഴെത്തട്ടിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് വെയില്‍സ്, യൂണിവേഴ്‌സിറ്റി ഓഫ് സണ്ടര്‍ലാന്റ് എന്നിവരുടെ നില പുതിയ വിസാ നിയമത്തോടെ പരുങ്ങലിലാകും. ഇതു പോലെയുള്ള യൂണിവേഴ്‌സിറ്റികളുടെ നിലനില്‍പ് തന്നെ ഈ വിസാ നിയമം തകിടം മറിച്ചേക്കാം. കേരളത്തില്‍ നിന്ന് ധാരാളം വിദ്യാര്‍ത്ഥികള്‍ പോസ്റ്റ് സ്റ്റഡി വിസ ലഭിക്കുന്നതിനായി യൂണിവേഴ്‌സിറ്റി ഓഫ് വെയില്‍സിന്റെ എക്‌റ്റേണല്‍ എംബിഎ പ്രോഗ്രാം, പ്രൈവറ്റ് കോളേജുകളിലൂടെ പഠിക്കുന്നുണ്ട്. ഇനി ഈ കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമാക്കില്ല എന്നതാണ് ഈ യൂണിവേഴ്‌സിറ്റികളെ തളര്‍ത്തുന്ന ഒരു വസ്തുത.

മെയിന്റനന്‍സിന്റെ തെളിവുകള്‍, അക്കാദമിക് യോഗ്യതകള്‍ എന്നിവ ഇനി വിശദമായ പരിശോധനയ്ക്കു വിധേയമാക്കാനും ആലോചനയുണ്ട്. ഇതനുസരിച്ച് മെയിന്റനന്‍സ് ഫണ്ടിന്റെ ഉറവിടം കാണിക്കേണ്ടതായി വരും. നിലവില്‍ ഒരു മാസത്തേക്ക് (28 ദിവസം) ബാങ്ക് അക്കൗണ്ടില്‍ പണം കാണിച്ചാല്‍ മെയിന്റനന്‍സ് റിക്വയര്‍മെന്റ് സാക്ഷ്യപ്പെടുത്താമായിരുന്നു. ഇനി ഈ പണത്തിന്റെ ഉറവിടം കൂടി കാണിക്കേണ്ടതായി വരും. മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഉപയോഗത്തിന് ഈ പണം ലഭ്യമാകുമോ എന്ന വസ്തുതയും പരിശോധനാ വിധേയമായേക്കും. അത് പോലെ തന്നെ പ്രൈവറ്റ് കോളേജുകള്‍ക്ക് നല്‍കുന്ന അക്രഡിറ്റേഷന്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന ശുപാര്‍ശ ഡോക്യുമെന്റിലുണ്ട്. ഇതനുസരിച്ച് ബി റേറ്റഡ്, എ റേറ്റഡ് കോളേജുകളെ യുകെബിഎ കര്‍ശന പരിശോധനാ നടപടികള്‍ക്ക് വിധേയമാക്കുമെന്ന് സാരം. വിദ്യാര്‍ത്ഥികളുടെ അറ്റന്‍ഡന്‍സ്, പഠന പുരോഗതി എന്നിവയുടെ ചുമതല നിലവില്‍ സ്‌പോണ്‍സര്‍മാരായ കോളേജുകള്‍ക്കാണല്ലോ. അവരെ ഉയര്‍ന്ന നിരീക്ഷത്തിലാക്കുന്നത് സ്റ്റുഡന്റ് വിസാ മാര്‍ഗ്ഗം ദുരുപയോഗപ്പെടുത്തുന്നത് തടയാന്‍ സാധിക്കും എന്നതാണ് ഗവണ്‍മെന്റിന്റെ നിഗമനം.

ഡിസംബര്‍ 7 മുതല്‍ ജനുവരി 31 വരെയാണ് കണ്‍സള്‍ട്ടേഷന്‍ പ്രൊസസ് വിഭാവനം ചെയ്തിട്ടുള്ളത്. കണ്‍സള്‍ട്ടേഷന്‍ പ്രൊസസിനെക്കുറിച്ചും സ്റ്റുഡന്റ് വിസാ വ്യത്യാസങ്ങളെക്കുറിച്ചും വരും ദിവസങ്ങളില്‍ ഞങ്ങള്‍ വിശദമായ അറിയിപ്പ് ഈ കോളത്തിലൂടെ നല്‍കുന്നതാണ്.
 
Other News in this category

 
 




 
Close Window