Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
ജ്യോതിഷം
  Add your Comment comment
സന്താന ഭാഗ്യത്തിന് മഞ്ഞപുഷ്യരാഗം
Reporter

നവരത്‌നങ്ങളില്‍ ശ്രേഷ്ടമായ മഞ്ഞപുഷ്യരാഗം വ്യാഴന്റെ രത്‌നമായാണ് അറിയപ്പെടുന്നത്. നവരത്‌ന മോതിരത്തില്‍ മഞ്ഞപുഷ്യരാഗം കുബേരന്റെ ദിക്കായ വടക്കാണ് വരുന്നത്. ഇവയക്ക് സംസ്‌കൃതത്തില്‍ പുഷ്പരാഗം, ഗുരുരത്‌നം, ഗുരുപ്രിയ, പുഷ്പരാജ് തുടങ്ങിയ പേരുകളുണ്ട്. ഹിന്ദിയില്‍ പുഖരാജ് എന്നും അറിയപ്പെടുന്നു.

പുരാണങ്ങളില്‍ വ്യാഴം പ്രതിനിധീകരിക്കുന്നത് ദേവഗുരുവായ ബ്രഹസ്പതിയെയാണ്. നവഗ്രഹങ്ങളില്‍ വച്ച് ഏറ്റവും സ്വാത്തികനും ഏറ്റവും ശ്രേഷ്ഠനും വ്യാഴമാണ്. അതിനാലാണ് മഞ്ഞപുഷ്യരാഗരത്‌നത്തിനും വലിയ പ്രാധാന്യം കൈവന്നത്. ഇത് ധരിച്ചാല്‍ വിദ്യ അഭ്യസിക്കുന്നവര്‍ക്കും വിദ്യ പകര്‍ന്നു കൊടുക്കുന്നവര്‍ക്കും ഒരു പോലെ അറിവ് വര്‍ദ്ധിക്കുമെന്ന് പറയപ്പെടുന്നു. ബൈബിള്‍ പുരാണം അനുസരിച്ച് ജറുസലേമിലെ ആദ്യ ദേവാലയങ്ങള്‍ സ്ഥാപിച്ച സോളമന്‍ ചക്രവര്‍ത്തിയുടെ കിരീടത്തിലും ആഭരണങ്ങളിലും അലങ്കരിച്ചിരുന്ന പ്രധാന രത്‌നം മഞ്ഞ പുഷ്യരാഗം ആയിരുന്നു. നവരത്‌ന മോതിരത്തില്‍ പുഷ്യരാഗത്തിന് കൊടുത്തിട്ടുള്ളത് ധന ദേവതയായ കുബേരന്റെ ദിക്കായ വടക്കാണ്. അതിനാല്‍ ഈ രത്‌നം ധരിച്ചാല്‍ വ്യാഴന്റെ മാത്രമല്ല കുബേരന്റെയും കൂടി അനുഗ്രഹം ലഭിക്കുകയും ധന പ്രവാഹത്തിന് കുറവും വരികയില്ല. ഈ രത്‌നം വളരെ പണ്ടു മുതലേ ധരിച്ചിരുന്ന മറ്റൊരു കൂട്ടര്‍ പൂജാരിമാരും സന്യാസിമാരുമായിരുന്നു. കാരണം ആത്മീയതയുടെ രത്‌നമാണ് മഞ്ഞപുഷ്യരാഗം. പുരാതന കാലം മുതലേ ഈ രത്‌നം ധരിച്ചാല്‍ ഭൂതപ്രേതപിശാചുക്കളുടെ ഉപദ്രവം ഉണ്ടാകില്ലെന്ന വിശ്വാസം ഉണ്ടായിരുന്നു. കൂടാതെ മുന്‍കോപം വരാതെ മനസ് നിയന്ത്രിക്കാനും, ബുദ്ധി വര്‍ദ്ധിപ്പിക്കാനും, മരണഭയം ഇല്ലാതാക്കാനും ഇതിന് ശക്തിയുണ്ട് എന്ന് വിശ്വസിച്ചിരുന്നു.

മഞ്ഞപുഷ്യരാഗത്തിന്റെ ശാസ്ത്രീയവശം

രത്‌നങ്ങളില്‍ വച്ചേറ്റവും കാഠിന്യമേറിയത് വജ്രമാണ്. അത് കഴിഞ്ഞാല്‍ കാഠിന്യം കൂടിയത് കൊറണ്ടം കുടുംബത്തില്‍പ്പെടുന്ന രത്‌നങ്ങളാണ്. കൊറണ്ടം കുടുംബത്തില്‍പ്പെടുന്നവയാണ് മാണിക്യം അഥവാ റൂബി, പുഷ്യരാഗം അഥവാ സഫയര്‍ തുടങ്ങിയ രത്‌നങ്ങള്‍. കൊറണ്ടത്തില്‍ ചുവന്ന നിറമുള്ളവയെ മാണിക്യം എന്നും മഞ്ഞയെ മഞ്ഞപുഷ്യരാഗം , നീലയെ ഇന്ദ്രനീലമെന്നും , വെള്ളയെ വെള്ളപുഷ്യരാഗമെന്നും അറിയപ്പെടുന്നു. ഇവയെല്ലാം ഒരു കുടുംബത്തിലെ രത്‌നങ്ങളാണ്. ഓക്‌സൈഡ് കലര്‍ന്നവയാണ് കൊറണ്ടം കല്ലുകള്‍. അതില്‍ അലുമിനിയം ഓക്‌സൈഡ് കൂടുതല്‍ കലര്‍ന്നതിനാലാണ് ഇവയ്ക്ക് മഞ്ഞ, സ്വര്‍ണം, തേന്‍ എന്നീ നിറങ്ങള്‍ വരുവാന്‍ കാരണം. ഉഷ്ണപ്രകൃതമുള്ള ഈ രത്‌നത്തിന്റെ കാഠിന്യം 9.00 ആയിരിക്കും. ബ്രസീല്‍, ബര്‍മ്മ, തായലന്റ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ഖനികളില്‍ നിന്നാണ് വളരെ നല്ല പുഷ്യരാഗം ലഭിക്കുന്നത്. എങ്കിലും നല്ല നിറവും ശുദ്ധവുമായ മഞ്ഞപുഷ്യരാഗം ലഭിക്കുന്നത് ശ്രീലങ്ക, ബ്രസീല്‍ എന്നിവിടങ്ങളിലെ ഖനികളില്‍ നിന്നുമാണ്.

ശുദ്ധമായ മഞ്ഞപുഷ്യരാഗം തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങള്‍ താഴെ പറയുന്നു. 

ശുദ്ധമായ പുഷ്യരാഗം വെളുത്ത വസ്ത്രത്തില്‍ വച്ച് വെയിലത്ത് വച്ചാല്‍ മഞ്ഞ രശ്മികള്‍ പടരുന്നത് കാണാന്‍ കഴിയും. നല്ല തിളക്കമുള്ളവ വാങ്ങാന്‍ ശ്രദ്ധിക്കുക. പലതരം പുള്ളികളുള്ളവ, പാലിന്റെ നിറമുള്ള പാട, കീറലുള്ളവ, മങ്ങിയ നിറമുള്ളവ തുടങ്ങിയവയെല്ലാം ദോഷയുക്തമായ പുഷ്യരാഗങ്ങളാണ്. ഇവ ധരിച്ചാല്‍ ഫലം ലഭിക്കില്ലെന്നു മാത്രമല്ല, ദോഷഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

കൃത്രിമ കല്ലുകള്‍

മഞ്ഞപുഷ്യരാഗം പല നിറങ്ങളില്‍ ലഭ്യമാണ്. മഞ്ഞ, കടും മഞ്ഞ, ഇളം മഞ്ഞ, സ്വര്‍ണം, തേന്‍ തുടങ്ങിയ നിറങ്ങളിലും ലഭിക്കും. ഇതിന് കാരണം ഇവ ലഭിക്കുന്ന പ്രദേശങ്ങളുടെ പ്രത്യേകതകളാണ്. പൊതുവേ വില കൂടിയ രത്‌നമായതിനാല്‍ കൃത്രിമ മഞ്ഞപുഷ്യരാഗം ഇന്ന് സുലഭമായി ലഭിക്കുന്നുണ്ട്. അവ കൃത്രിമമാണോയെന്ന് വ്യാപാരികള്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയില്ല. മഞ്ഞ ക്രിസോലൈറ്റ്, ക്രിസ്റ്റല്‍, ഗോള്‍ഡന്‍ ടോപ്പാസ്, കടും മഞ്ഞ നിറമുള്ള ബാങ്കോക്ക് കല്ലുകള്‍, ടുര്‍മലൈന്‍, ഗഌസ്സ്, കൃത്രിമമായി ലാബോറട്ടറികള്‍ ഉണ്ടാക്കുന്ന കല്ലുകള്‍ എന്നിവ വളരെ കുറഞ്ഞ വിലയ്ക്ക് മേടിച്ച് മഞ്ഞ പുഷ്യരാഗം എന്ന പേരില്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. കൂടാതെ കൊറണ്ടം കല്ലുകളില്‍ കൃത്രിമമായി മഞ്ഞ നിറം കലര്‍ത്തിവയും മാര്‍ക്കറ്റില്‍ ലഭ്യമാണ്.

അതിനാല്‍ വളരെ വിശ്വസനീയമായ സ്ഥലങ്ങളില്‍ അഥവാ സ്ഥാപനങ്ങളില്‍ നിന്നു മാത്രം കല്ല് / രത്‌നം വാങ്ങുക. രത്‌നത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്ന തൂക്കം ഉണ്ടോയെന്നും ഉറപ്പു വരുത്തണം. കൂടാതെ ഗവ. സര്‍ട്ടിഫിക്കറ്റ് സഹിതം ലഭിക്കുന്ന രത്‌നം തന്നെ ധരിക്കന്‍ ശ്രദ്ധിക്കണം. വ്യാജരത്‌നം ധരിച്ചാല്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ലെന്ന് മാത്രമല്ല, വിപരീത ഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യും. 

 
Other News in this category

 
 




 
Close Window