നല്ല ഉറക്കം ഒരു ഭാഗ്യമായി കണക്കാക്കുന്നവരാണ് നമ്മളെല്ലാവരും. ഭൗതികജീവിതത്തിന്റെ തിരക്കുകളില്‍നിന്നു വിട്ടൊഴിഞ്ഞ് ഒരു വ്യക്തി ആത്മാവിലേക്ക് ചുരുങ്ങുന്നതാണുറക്കമെന്നാണ് ആചാര്യന്മാര്‍ വിശദീകരിച്ചിരിക്കുന്നത്.നല്ല ഉറക്കം കിട്ടുന്നവരെ ഭാഗ്യവാന്‍ എന്നാണ് നാം വിളിക്കാറ്. ഉറക്കം കിട്ടാത്തവരെ നിര്‍ഭാഗ്യവാന്മാരെന്നും. ഊണില്‍പ്പാതി ഉറക്കമെന്നാണ് മലയാളി പൊതുവേ പറഞ്ഞുവരുന്നത്. ഉണ്ടാല്‍ മാത്രം പോരാ. ഉറങ്ങുകയും വേണമെന്നര്‍ത്ഥം.
ഉറക്കത്തെപ്പറ്റി വിധി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതുപോലെ ഉറക്കമുണരുന്നതിനെക്കുറിച്ചും വിധിയുണ്ട്. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ നിദ്രവിട്ടുണരണമെന്നാണ് ആചാര്യന്മാര്‍ അനുശാസിക്കുന്നത്. ഈ സമയത്ത് ഉറങ്ങിയാല്‍ ആരോഗ്യം നഷ്ടപ്പെടുമെന്നും ചിന്താധീനരായി മാറുമെന്നും ദരിദ്രനായി മാറുമെന്നും ആണ് വിശ്വാസം.
ഉറക്കംവിട്ടുണര്‍ന്നാല്‍ ഉടനെ എഴുന്നേറ്റുപോകാന്‍ അനുവാദമില്ല. വലതുവശം തിരിഞ്ഞെഴുന്നേറ്റ് കിടക്കയില്‍ ഇരുന്നുകൊണ്ടുതന്നെ രണ്ടു കൈപ്പടങ്ങളും മലര്‍ത്തി അതില്‍ നോക്കി ലക്ഷ്മി, സരസ്വതി, ഗൗരി എന്നീ ദേവിയാരെ ദര്‍ശിച്ച് മന്ത്രം ചൊല്ലണം.
''കരാഗ്രേ വസതേ ലക്ഷ്മി
കരമധ്യേ സരസ്വതീ
കരമൂലേ സ്ഥിതാ ഗൗരീ
പ്രഭാതേ കര ദര്‍ശനം''
ശാസ്ത്രീയമായി ചിന്തിച്ചാല്‍ , രാത്രി ഉറങ്ങുമ്പോള്‍ മറ്റു ശരീരഭാഗങ്ങളെന്നപോലെ ഹൃദയവും വിശ്രമിക്കും. രക്തചംക്രമണത്തിന് വളരെ കുറച്ചു ശക്തിമാത്രമേ ഹൃദയം പ്രയോഗിക്കൂ. നിദ്രവിട്ട് നാം പെട്ടെന്ന് എഴുന്നേറ്റാല്‍ രക്തം പമ്പു ചെയ്യാന്‍ ഹൃദയത്തിന് ഏറെ പാടുപെടേണ്ടിവരും. ഇത് ഹൃദയത്തിന് ഏറെ ആഘാതം സൃഷ്ടിക്കും. അതിനാല്‍ ഉറക്കമുണര്‍ന്നതിനുശേഷം സാവധാനമേ എഴുന്നേറ്റുനടക്കാനാവൂ. നമ്മുടെ പൂര്‍വ്വികര്‍ പറഞ്ഞതുപോലെ കിടക്കയില്‍ പതുക്കെ എഴുന്നേറ്റിരുന്ന് പതിഞ്ഞസ്വരത്തില്‍ മന്ത്രം ചൊല്ലി. സാവധാനം എഴുന്നേല്‍ക്കുകവഴി, നമ്മുടെ രക്തചംക്രമണം സ്വാഭാവികമായി സാധാരണനിലയില്‍ ആകുന്നു. ഹൃദ്രോഗികളില്‍ 23 ശതമാനം പേര്‍ക്കും അപകടം സംഭവിച്ചിട്ടുള്ളത് ഉറക്കത്തില്‍നിന്ന് പെട്ടെന്നെഴുന്നേല്‍ക്കുന്ന അവസരത്തിലാണ്. ഈ വസ്തുത നമ്മുടെ ആചാര്യന്മാര്‍ നിഷ്‌ക്കര്‍ഷിച്ച രീതിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.