മൂന്നു സന്ധ്യകളാണ് ഒരു ദിവസത്തിലുള്ളത്. പ്രഭാതം, മദ്ധ്യാഹ്നം, പ്രദോഷം എന്നിവയാണാ സന്ധ്യകള്‍. ഇതിനെയാണ് ത്രിസന്ധ്യയെന്നു പറയുന്നത്. ഒരു വ്യക്തിയുടെ മാനസികമായ വ്യതിയാനങ്ങള്‍ക്ക് ഈ സന്ധ്യകള്‍ക്ക് പ്രത്യേകസ്ഥാനമാണുള്ളത്. അതുകൊണ്ടാണ് ത്രിസന്ധ്യകളില്‍ ഈശ്വരഭജനം നിര്‍ബന്ധമാക്കിയത്. ത്രിസന്ധ്യകളില്‍ ഈശ്വരസ്മരണ അത്യുത്തമമായി വിധിക്കപ്പെട്ടിരിക്കുന്നു. ശ്രുതികളും സ്മൃതികളും എന്നല്ല; പുരാണേതിഹാസങ്ങള്‍കൂടി ഇതിനെ സാധൂകരിക്കുന്നുണ്ട്.
സന്ധ്യാവന്ദനസമയത്ത് പ്രധാനമായും മൂന്നുകാര്യങ്ങളാണ് ശ്രദ്ധിക്കാനുള്ളത്. ഒന്നാമത് കൃത്യനിഷ്ഠയോടെ സന്ധ്യാവന്ദനം ചെയ്യുന്നുവെങ്കില്‍, ഇതുവരെ ചെയ്തുപോയ മുഴുവന്‍ പാപകര്‍മ്മങ്ങളും പരിഹരിക്കപ്പെടുന്നു. രണ്ടാമത് ഇന്നുമുതല്‍ താനൊരു പുതിയ സൃഷ്ടിയാണെന്ന ബോധത്തോടെ ജീവിക്കാന്‍ തുടങ്ങുന്നു.
മൂന്നാമത് തനിക്ക് നേരിടേണ്ട പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ ഓരോ ദിവസവും മൂന്നുനേരങ്ങളില്‍ നമുക്ക് ഈശ്വരനെ സമീപിക്കാം. ഇപ്രകാരമുള്ള സന്ധ്യാവന്ദനം മനുഷ്യജീവിതത്തിന്റെ ഐശ്വര്യത്തിനും പുരോഗതിക്കും ഏറ്റവുമുപരി ധര്‍മ്മാനുഷ്ഠാനങ്ങള്‍ക്കും ചൈതന്യം പ്രദാനം ചെയ്യുന്നു