Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
പെയ്‌മെന്റ് പ്രോട്ടക്ഷന്‍ ഇന്‍ഷുറന്‍സ് ക്ലെയിമിന് 2019 വരെ അപേക്ഷ നല്‍കാം
reporter
ഉപയോക്താക്കളുടെ അനുമതിയില്ലാതെ അടിച്ചേല്‍പ്പിക്കപ്പെട്ട പെയ്‌മെന്റ് പ്രോട്ടക്ഷന്‍ ഇന്‍ഷുറന്‍സിന് (പിപിഐ) നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള സമയം 2019 ഓഗസ്റ്റ് 29 വരെയാക്കി നിശ്ചയിച്ചു. ഇതുസംബന്ധിച്ച കാര്യങ്ങളുടെ അവസാനവാക്കായ ഫിനാന്‍ഷ്യല്‍ കോണ്‍ഡക്ട് അഥോറിറ്റിയാണ് നഷ്ടപരിഹാരത്തിന് സമയപരിധി നിശ്ചയിച്ച് ഉത്തരവിറക്കിയത്. ലോണെടുക്കുമ്പോഴും ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിച്ച് ക്രയവിക്രയങ്ങള്‍ നടത്തുമ്പോഴും തിരിച്ചടവ് ഉറപ്പാക്കാനായി ഉപയോക്താക്കളുടെ അനുമതി വാങ്ങാതെയോ നിര്‍ബന്ധിച്ചോ എടുപ്പിച്ചിരുന്ന ഇന്‍ഷുറന്‍സാണ് പിപിഐ. കടമെടുക്കുന്നയാള്‍ രോഗിയാകുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തില്‍ പണം തിരിച്ചുപിടിക്കാനുള്ള മാര്‍ഗമായിരുന്നു ഇത്. 1990 മുതലുള്ള ഇരുപതു വര്‍ഷക്കാലത്തിലേറെ 45 മില്യണ്‍ പിപിഐകള്‍ ബാങ്കുകള്‍ വിറ്റതായാണ് കണക്ക്.

ബ്രിട്ടണിലെ ബാങ്കിംങ് മേഖലയില്‍ നടന്നിരുന്ന ഏറ്റവും വലിയ കൊള്ളയായിരുന്നു ഇത്. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമല്ലാതെ ഇത്തരം ഇന്‍ഷുറന്‍സ് അടിച്ചേല്‍പിക്കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു ഓംബുഡ്‌സ്മാന്റെ കണ്ടെത്തല്‍. ഇത്തരത്തില്‍ ബാങ്കുകള്‍ സമ്പാദിച്ച പണം ഉപയോക്താക്കള്‍ക്ക് പലിശ സഹിതം തിരിച്ചുനല്‍കാന്‍ ബാങ്കിംങ് ഓംബുഡ്‌സ്മാന്‍ ഇറക്കിയ ഉത്തരവ് 2014 നവംബറില്‍ സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് എടുത്തവര്‍ക്കെല്ലാം പോളിസി തുക പലിശസഹിതം തിരികെ നല്‍കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. മലയാളികളുള്‍പ്പെടെ ലക്ഷക്കണക്കിനാളുകള്‍ക്ക് ഈയിനത്തില്‍ ആയിരക്കണക്കിനു പൗണ്ട് അപ്രതീക്ഷിതമായി തിരികെ കിട്ടി. പലര്‍ക്കും വന്‍ തുക തന്നെ ലഭിച്ചു.

വിവിധ ബാങ്കുകള്‍ ഇതുവരെ ഈയിനത്തില്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയത് 40 ബില്യണ്‍ പൗണ്ടിലധികമാണ്. ഇനിയും നല്ലൊരു ശതമാനം ആളുകള്‍ പിപിഐ ക്ലെയിം ചെയ്യാനുണ്ടെന്നാണ് കണ്ടെത്തല്‍. ഇവര്‍ക്ക് അവസരം നഷ്ടപ്പെടാതിരിക്കാനും ബാങ്കുകള്‍ക്ക് ഇതുസബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കി ബിസിനസ് കൂടുതല്‍ സുഗമമാക്കാനുമാണ് ഇപ്പോള്‍ ക്ലെയിമിനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.

ഈ സമയത്തിനുള്ളില്‍ ഇനിയും ക്ലെയിംചെയ്യാനുള്ളവരെ അതിനു പ്രേരിപ്പിക്കാനും അവസരം നഷ്ടപ്പെടാതിരിക്കാനും ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഫിനാന്‍ഷ്യല്‍ കോണ്‍ഡക്ട് അഥോറിറ്റി വ്യക്തമാക്കി. ബാങ്കുകളില്‍നിന്നും ഉപയോക്താക്കള്‍ക്ക് നേരിട്ട് ക്ലെയിം ചെയ്യാവുന്ന ഈ നഷ്ടപരിഹാരം നേടിത്തരുന്നതിനായി നിരവധി പിപിഐ ക്ലെയിം ഏജന്റുമാരും ക്ലെയിം മാനെജ്‌മെന്റ് കമ്പനികളും ഇപ്പോള്‍ രംഗത്തുണ്ട്. ഇവര്‍ ഇടനിലക്കാരായി നിന്ന് തട്ടിയെടുക്കുന്ന തുകയും കോടികളാണ്.
 
Other News in this category

 
 




 
Close Window