Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
പുതിയ ഗ്ലോബല്‍ ടാലന്റ് വിസ സ്‌കീം പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രഖ്യാപിച്ചു
Reporter
ലോകമെങ്ങുമുള്ള പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍, ഗണിതശാസ്ത്രജ്ഞര്‍, ഗവേഷകര്‍ എന്നിവരെ യുകെയിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ പ്രത്യേക ടാലന്റ് വിസ അടുത്തമാസം ആരംഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. നിലവില്‍ ഈ യോഗ്യതാമേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും അംഗീകൃത യുകെ ബോഡി അംഗീകരിച്ച യോഗ്യതകളുള്ളവര്‍ക്കും ഫെബ്രുവരി 20 മുതല്‍ ഗ്ലോബല്‍ ടാലന്റ് വിസ ലഭിച്ചുതുടങ്ങും. ''ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ പ്രതിഭകള്‍ക്ക് യുകെയുടെ കവാടങ്ങള്‍ തുറന്നുകൊടുക്കുന്നു'' എന്നാണ് അവതരണസമയം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പദ്ധതിയെ വിശേഷിപ്പിച്ചത്. അതുപോലെ പുതിയ ഗ്ലോബല്‍ ടാലന്റ് വിസ ലഭിക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഒരു പരിധിയും ഇല്ല. നേരത്തേയിത് പ്രതിവര്‍ഷം 2,000 എന്ന നിരക്കില്‍ നിജപ്പെടുത്തിയിരുന്നു.

പുതിയ വിസ സമ്പ്രദായം ഫെബ്രുവരി 20 ന് ആരംഭിക്കും, ഹോം ഓഫീസിനുപകരം സര്‍ക്കാര്‍ ഗവേഷണത്തിന് ധനസഹായം നല്‍കുന്ന യുകെ റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ ഏജന്‍സി (യുകെആര്‍ഐ) ആയിരിക്കും ഇതിന്റെ നിയന്ത്രകര്‍. ലോകമെങ്ങും നിന്നുള്ള ഏറ്റവും അനുയോജ്യമായ അപേക്ഷകരെ വേഗത്തില്‍ വിലയിരുത്തുകയും വേഗത്തില്‍ ട്രാക്കുചെയ്യുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാനാണിത്. നിലവില്‍ യുകെയിലുള്ള 211,000 ശാസ്ത്രജ്ഞരുടെ പകുതിയോളം യൂറോപ്യന്‍ യൂണിയന്‍ ഗവേഷകരാണ്. നിലവില്‍, ബ്രിട്ടീഷ് ലാബുകളില്‍ ജോലി ചെയ്യാന്‍ അവര്‍ക്ക് വിസ ആവശ്യമില്ല. എന്നാല്‍ യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സഞ്ചാര സ്വാതന്ത്ര്യം 2020 ഡിസംബര്‍ 31 ന് ബ്രെക്‌സിറ്റ് പരിവര്‍ത്തന കാലയളവിനുശേഷം അവസാനിക്കുന്നതോടെ ഇവര്‍ ഒന്നുകില്‍ വിസ നേടുകയോ അല്ലെങ്കില്‍ യൂറോപ്പിലേക്ക് മടങ്ങിപ്പോകുകയോ ചെയ്യേണ്ടിവരും.

അതേസമയം പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ലിബെറല്‍ ഡെമോക്രാറ്റുകളും ഈപദ്ധതി വിജയപ്രദമാകില്ലെന്ന് പറഞ്ഞു. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ നിറച്ച് അവതരിപ്പിക്കുന്ന തട്ടിപ്പാണ് ഗ്ലോബല്‍ ടാലന്റ് വിസയെന്നും അവര്‍ വിമര്‍ശിച്ചു. കാമെറോണ്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ഗോള്‍ഡന്‍ ടാലന്റ് വിസ റൂട്ടിനെയാണ് പുതിയ കുപ്പിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. വിസകളുടെ എണ്ണം പ്രതിവര്‍ഷം 2000 എന്നേര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞു എന്നതുമാത്രമാണ് വ്യത്യാസം. എന്നാല്‍ അവതരിപ്പിച്ചതിനുശേഷം ഇതുവരേയും ഓരോവര്‍ഷവും നല്‍കിയ ടാലന്റ് വിസകളുടെ എണ്ണം 2000ന് അടുത്തുപോലും എത്താത്തതിനാല്‍ ക്യാപ് എടുത്തുകളഞ്ഞതുകൊണ്ട് ഫലമുണ്ടാകില്ല. അതേസമയം ബ്രിട്ടനിലേക്ക് അതിവേഗം പ്രവേശനം നല്‍കുന്ന ലോകോത്തര ഗവേഷകരുടെ എണ്ണം പരമാവധിയാക്കാനുള്ള നിര്‍ണായക നടപടിയുടെ ഭാഗമായാണ് പുതിയ വിസറൂട്ടിനെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ വിശേഷിപ്പിച്ചത്.
 
Other News in this category

 
 




 
Close Window