|
ഏറെ ആശങ്കയോടെയാണ് ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര നാളെ ധരംശാലയില്‍ ആരംഭിക്കുന്നത്. വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ താരങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവും ബിസിസിഐയും ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയും നല്‍കി കഴിഞ്ഞു.
ക്രിക്കറ്റ് ബോളിനു നല്ല തിളക്കം കിട്ടുന്നതിനായി പന്തില്‍ ഉമിനീര്‍ പുരട്ടുന്നതില്‍ നിന്നും ഇന്ത്യന്‍ ബോളര്‍മാരെ വിലക്കിയിട്ടുണ്ട്. ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കോവിഡ് വൈറസ് ഭീതി നിലനില്‍ക്കുന്നതിനാലാണു തീരുമാനമെന്നും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനു മുമ്പ് മാധ്യമങ്ങളെ കണ്ടപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു.
ഉമിനീരു പന്തില്‍ പുരട്ടുന്നതു വഴി രോഗം പടരാനുള്ള സാദ്ധ്യത പരിഗണിച്ചാണു നീക്കം. പന്തിനു തിളക്കം കൂട്ടാന്‍ ബോളര്‍മാര്‍ വര്‍ഷങ്ങളായി പിന്തുടരുന്ന ശീലമാണു പന്തില്‍ ഉമിനീര്‍ പുരട്ടുകയെന്നത്. അതെസമയം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുമായി ഹസ്തദാനം നടത്തേണ്ടതില്ലെന്നാണ് ദക്ഷിണാഫ്രിക്കന്‍ ടീം തീരുമാനിച്ചിരിക്കുന്നത്. |