|
ടോട്ടന്നവും ലെയ്പ്‌സിഗും തമ്മിലുളള ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിടെ നാടകീയ സംഭവങ്ങള്‍ക്കാണ് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്. ലെയ്പ്‌സിഗിന്റെ ഫ്രഞ്ച് പ്രതിരോധ താരം നോര്‍ഡീ മുകീല നാവ് വിഴുങ്ങി അബോധാവസ്ഥയിലായത് പരിഭ്രാന്തി പരത്തി.
രണ്ടാം പകുതിയിലായിരുന്നു 22കാരനായ നോര്‍ഡീ മുകീല പന്ത് താടിയെല്ലിന് ശക്തമായി കൊണ്ട് താഴെ വീണത്. വൈകാതെ അബോധാവസ്ഥയിലായ യുവതാരം നാവ് വിഴുങ്ങിയ അവസ്ഥയിലെത്തിയത് കൂടുതല്‍ സങ്കീര്‍ണമാക്കി. ഉടന്‍തന്നെ സ്‌ട്രെച്ചറില്‍ മുകീലയെ കളിക്കളത്തിന് പുറത്തെത്തിക്കുകയും വൈകാതെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
മുകീലയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നാണ് ആശുപത്രിയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍. സ്വന്തം ചിത്രം താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ലെയ്പ്‌സിഗ് പ്രതിരോധ നിരയില്‍ തകര്‍പ്പന്‍ ഫോമിലുളള താരമാണ് മുകീല. ടോട്ടന്നത്തിനെതിരായ മത്സരത്തില്‍ അഞ്ച് ടാക്കിളുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ മുകീല വായുവില്‍ നിന്നും പന്ത് പിടിച്ചെടുക്കുന്നതില്‍ ആറില്‍ അഞ്ച് തവണയും എതിരാളികളെ തോല്‍പിച്ചിരുന്നു. മത്സരത്തില്‍ 30 ത്തിനാണ് ലെയ്പ്‌സിഗ് ജയിച്ചത്. |