|
ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ചുറി നേടിയ രോഹിത് ശര്‍മയെ വിസ്ഡന്‍ മാസിക തിരഞ്ഞെടുക്കാത്തത് ലക്ഷ്മണിനെ ഞെട്ടിച്ചു.
ഇത്രയും മികച്ച പ്രകടനം കാഴ്ചവച്ചിട്ടും പോയ വര്‍ഷത്തെ മികച്ച താരങ്ങളുടെ പട്ടികയില്‍ രോഹിത്തിന് ഇടം നല്‍കാതിരുന്നത് നിര്‍ഭാഗ്യകരമായിപ്പോയെന്ന് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും പാക്കിസ്ഥാനെതിരെയും രോഹിത് നേടിയ സെഞ്ചുറികളുടെ കാര്യം ലക്ഷ്മണ്‍ എടുത്തുപറഞ്ഞു.
'മികച്ച അഞ്ച് താരങ്ങളുടെ പട്ടികയില്‍ രോഹിത് ശര്‍മയുടെ പേരില്ലാതെ പോയത് ക്രിക്കറ്റിനെക്കുറിച്ച് അറിയാവുന്നരെയെല്ലാം അദ്ഭുതപ്പെടുത്തും. ആഷസ് പരമ്പര പ്രധാനപ്പെട്ട ഒന്നാണ്, സമ്മതിക്കുന്നു. പക്ഷേ, അതിനേക്കാളും പ്രധാനപ്പെട്ട ടൂര്‍ണമെന്റല്ലേ ലോകകപ്പ്? ലോകകപ്പില്‍ അഞ്ച് സെഞ്ചുറി നേടിയ താരമാണ് രോഹിത് ശര്‍മ. അതില്‍ത്തന്നെ ആദ്യ സെഞ്ചുറി തീര്‍ത്തും പ്രതികൂലമായ പിച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആയിരുന്നു. മറ്റുള്ളവര്‍ക്ക് ആ മത്സരത്തില്‍ കാര്യമായി തിളങ്ങാനും സാധിച്ചില്ല. പിന്നീട് പാക്കിസ്ഥാനെതിരെയും സുപ്രധാനമായ ഇന്നിങ്‌സാണ് രോഹിത് കാഴ്ചവച്ചത്. രോഹിത്തിനെ വിസ്ഡന്‍ ഒഴിവാക്കിയത് എന്നെ ഞെട്ടിച്ചു. മറ്റു ക്രിക്കറ്റ് താരങ്ങളെയും ഈ തീരുമാനം ഞെട്ടിച്ചിട്ടുണ്ടാകുമെന്ന് തീര്‍ച്ച' ലക്ഷ്മണ്‍ പറഞ്ഞു.
ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെയാണ് പോയ വര്‍ഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമായി (ലീഡിങ് ക്രിക്കറ്റര്‍ ഇന്‍ ദ് വേള്‍ഡ്) വിസ്ഡന്‍ ക്രിക്കറ്റേഴ്‌സ് അല്‍മനാക് തിരഞ്ഞെടുത്തത്. ഏകദിന ലോകകപ്പിലെയും ആഷസിലെയും ഉജ്വല പ്രകടനങ്ങളാണ് സ്റ്റോക്‌സിനെ പുരസ്‌കാര ജേതാവാക്കിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് കഴിഞ്ഞ 3 തവണയും ഈ പുരസ്‌കാരം നേടിയത്. |