Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
അസോസിയേഷന്‍
  Add your Comment comment
യുക്മയുടെ പരിശ്രമം ലക്ഷ്യം കണ്ടു; കേന്ദ്രമന്ത്രിയുടെ ഇടപെടലില്‍ ലണ്ടനില്‍നിന്നും കേരളത്തിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ്
സജീഷ് ടോം
കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് ആരംഭിച്ച പ്രത്യേക വിമാന സര്‍വീസുകളില്‍ കേരളത്തെകൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. തുടക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരഭിച്ചപ്പോള്‍ കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ യു കെ യില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ച് നാട്ടിലെത്തിക്കുന്നതിന്റെ ശ്രമങ്ങളില്‍ മലയാളികളെ അവഗണിയ്ക്കരുതെന്ന ആവശ്യം ഉന്നയിച്ച് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് എന്നിവര്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍വഴി നിവേദനം നല്‍കുകയുണ്ടായി.

നിവേദനത്തിന് തുടര്‍ച്ചയായി ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള കേന്ദ്രമന്ത്രിയെ ഫോണിലും ഈ ആവശ്യം ഉന്നയിച്ച് പലതവണ ബന്ധപ്പെടുകയുണ്ടായി. യുക്മ ദേശീയ നേതൃത്വത്തിന്റെ തുടര്‍ച്ചയായ സമ്മര്‍ദ്ദങ്ങളുടെയും ബന്ധപ്പെടലുകളുടെയും ഫലമായി, രണ്ടാം ഘട്ട വിമാന സര്‍വീസുകളില്‍ കേരളത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി വി മുരളീധരന്‍ പ്രഖ്യാപിച്ചു. ഇതിനായി യുക്മ നടത്തിയ പരിശ്രമങ്ങളെപ്പറ്റി അദ്ദേഹം പത്രസമ്മേളനത്തില്‍ എടുത്ത് പറയുകയും ചെയ്തു.

യു.കെയിലുള്ള മക്കളെ സന്ദര്‍ശിക്കുന്നതിന് എത്തിയിട്ടുള്ള മാതാപിതാക്കളും വിവിധ പരീക്ഷകള്‍ എഴുതാനെത്തിയവരും ഉള്‍പ്പെടെ നിരവധി ആളുകള്‍ നാട്ടിലേയ്ക്ക് മടങ്ങാനാവാതെ യു കെയില്‍ കുടുങ്ങിയിരുന്നു. മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, മെഡിക്കല്‍ എമര്‍ജന്‍സിയുള്ളവര്‍, ഉറ്റവരുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടവര്‍, ടൂറിസ്റ്റുകളായി എത്തിയവര്‍ എന്നിവര്‍ക്കാണ് യാത്രയ്ക്ക് മുന്‍ഗണന നല്കുന്നത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കാണ് എയര്‍ ഇന്ത്യ ടിക്കറ്റ് നല്കുന്നത്.

യാത്ര ചെയ്യാന്‍ അനുമതി ലഭിക്കുന്നവരെ എയര്‍ ഇന്ത്യ ബന്ധപ്പെടുകയും പേയ്‌മെന്റ് നല്കുകയും വേണം. യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍പോര്‍ട്ടില്‍ മെഡിക്കല്‍ സ്‌ക്രീനിംഗ് ഉണ്ടാവും. കോവിഡ് രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ. എയര്‍ ഇന്ത്യാ എല്ലാ യാത്രക്കാര്‍ക്കും മാസ്‌കും ഗ്ലൗസും നല്‍കുന്നതാണ്. ഇന്ത്യയിലെ എയര്‍പോര്‍ട്ടില്‍ എത്തിക്കഴിഞ്ഞാല്‍ വീണ്ടും മെഡിക്കല്‍ സ്‌ക്രീനിംഗിന് വിധേയരാകണം. കൂടാതെ ആരോഗ്യ സൈറ്റ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. ഇതിനു ശേഷം യാത്രക്കാര്‍ എല്ലാവരെയും 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റ്‌റൈന്‍ ചെയ്യുന്നതിനായി ആശുപത്രികളിലേക്കോ, മറ്റു സ്ഥാപനങ്ങളിലേക്കോ പേയ്‌മെന്റ് അടിസ്ഥാനത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് നിയോഗിക്കും. 14 ദിവസങ്ങള്‍ക്കു ശേഷം കോവിഡ് ടെസ്റ്റ് നടത്തും.

ആദ്യ വിമാനത്തില്‍ പോകാന്‍ സാധിക്കാതെ വരുന്നവര്‍ക്കായി കൂടുതല്‍ വിമാനസര്‍വീസുകള്‍ നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും യുക്മ നേതൃത്വം അറിയിച്ചു. നിര്‍ണ്ണായക ഘട്ടത്തില്‍ മലയാളികള്‍ക്കായി ഫലപ്രദമായ ഇടപെടല്‍ നടത്തിയ കേന്ദ്രമന്ത്രി വി മുരളീധരന് യുക്മ ദേശീയ നേതൃത്വം പ്രത്യേക നന്ദി അറിയിച്ചു.
 
Other News in this category

 
 




 
Close Window