|
ഇന്ത്യന്‍ ടീമിനെതിരെയും കളിക്കാര്‍ക്കെതിരെയും തുടര്‍ച്ചയായി പരിഹാസവുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ഇന്ത്യന്‍ താരങ്ങള്‍ പാകിസ്ഥാന്‍ ടീമിന്റെ കാലുപിടിക്കുന്ന തരത്തില്‍ അവരെ തോല്‍പ്പിച്ചിട്ടുണ്ടെന്ന വിവാദ പരാമര്‍ശത്തിനു പിന്നാലെ സച്ചിന്‍ തെന്‍ഡുല്‍ക്കറിനെതിരെയാണ് അഫ്രീദിയുടെ പരിഹാസം. സച്ചിന്‍, ഷൊയ്ബ് അക്തറിന്റെ ബോളുകളെ ഭയപ്പെട്ടിരുന്നു എന്നും അത് ഒരിക്കലും അദ്ദേഹം സമ്മതിച്ചു തരില്ലെന്നുമാണ് അഫ്രീദിയുടെ പരിഹാസം. അക്തര്‍ പന്തെറിയാനായി വരുമ്പോള്‍ സച്ചിന്റെ മുട്ടിടിക്കുമായിരുന്നുവെന്ന 2011 ലെ പ്രസ്താവന ആവര്‍ത്തിച്ചാണ് വീണ്ടും അഫ്രീദി രംഗത്ത് വന്നിരിക്കുന്നത്.
'സച്ചിന്‍, ഷൊയ്ബിനെ ഭയപ്പെട്ടിരുന്നു. ഇത് ഞാന്‍ നേരിട്ട് കണ്ടതാണ്. സ്‌ക്വയര്‍ ലെഗില്‍ ഞാന്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ മുട്ടിടിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. തീര്‍ച്ചയായും സച്ചിന്‍ ഒരിക്കലും 'അദ്ദേഹം പേടിച്ചിരുന്നു' എന്ന് പറയില്ല. അക്തറിന്റെ ചില സ്‌പെല്ലുകള്‍, സച്ചിനെ മാത്രമല്ല ലോകത്തെ പ്രമുഖ ബാറ്റ്‌സ്മാന്‍മാരെയും വിറപ്പിച്ചിരുന്നു.'
'നിങ്ങള്‍ കവറിലോ മിഡ് ഓഫിലോ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഇത് കാണാനാകും. കളിക്കാരന്റെ ശരീരഭാഷ വ്യക്തമായി മനസിലാക്കാം. ഏറ്റവും നല്ല ഫോമില്‍ അല്ലാത്ത സമയത്ത് ബാറ്റ്‌സ്മാന്‍ സമ്മര്‍ദ്ദത്തിലാണോ എന്ന് എളുപ്പം പിടികിട്ടും. എല്ലായ്‌പ്പോഴും അക്തറിനെ സച്ചിന്‍ പേടിച്ചിരുന്നുവെന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍ ചില സ്‌പെല്ലുകള്‍ സച്ചിനെ മാത്രമല്ല, ലോകത്തെ യാതൊരു മികച്ച ബാറ്റ്‌സ്മാനെയും ബാക്ക്ഫുട്ടിലേക്ക് നീങ്ങാന്‍ സമ്മര്‍ദ്ദത്തിലാക്കുന്നതായിരുന്നു.' ടെലിവിഷന്‍ അവതാരകനായ സൈനാബ് അബ്ബാസുമായി നടത്തിയ സംഭാഷണത്തില്‍ അഫ്രീദി പറഞ്ഞു. |