|
ഖേല്‍ രത്‌ന പുരസ്‌കാരത്തിനു വേണ്ടിയുള്ള പട്ടികയില്‍നിന്ന് തന്റെ പേര് ഒഴിവാക്കിയതില്‍ പ്രതികരണവുമായി ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. പട്ടികയില്‍നിന്ന് തന്റെ പേര് ഒഴിവാക്കിയതില്‍ തെറ്റില്ലെന്നും തിക്ക് അതിനുള്ള യോഗ്യതയില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഖേല്‍ രത്‌ന അവാര്‍ഡിനായുള്ള പട്ടികയില്‍ നിന്ന് പഞ്ചാബ് സര്‍ക്കാര്‍ തന്റെ പേര് എന്തുകൊണ്ട് ഒഴിവാക്കിയെന്ന് അറിയാന്‍ നിരവധി പേരാണു വിളിച്ചുകൊണ്ടിരിക്കുന്നതെന്നും ആ തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഇപ്പോഴിത് പറയുന്നതെന്നും ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു.
'ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ഏനിക്കു യോഗ്യതയില്ലെന്നതാണു സത്യം. കാരണം കഴിഞ്ഞ മൂന്നു വര്‍ഷത്തെ രാജ്യാന്തര തലത്തിലെ പ്രകടനമാണ് അതിനായി വിലയിരുത്തുക. പഞ്ചാബ് സര്‍ക്കാരിന് പേര് പിന്‍വലിക്കാം. അവരുടെ ഭാഗത്തു തെറ്റില്ല. ഇതു സംബന്ധിച്ചു തെറ്റിദ്ധാരണങ്ങള്‍ പരത്തരുതെന്ന് മാധ്യമങ്ങളിലെ സുഹൃത്തുക്കളോട് അഭ്യര്‍ഥിക്കുകയാണ്.' ഹര്‍ഭജന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കായിക, യുവജനക്ഷേമ മന്ത്രാലയം രേഖകള്‍ വൈകിയാണ് എത്തിയതെന്ന കാരണം പറഞ്ഞ് ഹര്‍ഭജന്‍ സിങ്ങിന്റെ ഖേല്‍ രത്‌ന ശുപാര്‍ശ തള്ളിയിരുന്നു. സംഭവത്തില്‍ ഇടപെടണമെന്ന് ഹര്‍ഭജന്‍ പഞ്ചാബ് കായിക മന്ത്രി റാണ ഗുര്‍മീത് സിങ്ങ് സോധിയോട് അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്രത്തിലേക്കു രേഖകള്‍ അയയ്ക്കാന്‍ വൈകിയ സംഭവത്തില്‍ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത്തവണത്തെ അവാര്‍ഡിന് തന്നെ പരിഗണിക്കേണ്ടതില്ലെന്നു ഹര്‍ഭജന്‍ തന്നെ പഞ്ചാബ് സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. |