Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സിനിമാ ഷൂട്ടിങ് തടഞ്ഞാല്‍ ദയാദാക്ഷിണ്യം ഉണ്ടാകില്ല: ശക്തമായ നടപടി ഉണ്ടാകുമെന്ന് കോണ്‍ഗ്രസുകാര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
Reporter
മലയാള സിനിമയിലെ തൊഴില്‍ അന്തരീക്ഷം കലുഷിതമാകുന്നുവെന്ന് എം മുകേഷ് എംഎല്‍എ .സിനിമ ഷൂട്ടിംഗ് തടസ്സപ്പെടുത്തുന്നു. ജോജുവിനെ അപമാനിച്ചു. ജോജുവിന്റെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനാകാത്ത സ്ഥിതിയാണെന്നും മുകേഷ് പറഞ്ഞു. സബ്മിഷനിലൂടെയാണ് മുകേഷ് വിഷയം സഭയില്‍ ഉന്നയിച്ചത്.
ഇതിനു മറുപടിയായി മുഖ്യമന്ത്രി ശക്തമായ നിലപാട് അറിയിച്ചു.
സിനിമാ ചിത്രീകരണം തടയുക എന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ തടയല്‍ മാത്രമല്ല, പൗരസ്വാതന്ത്ര്യത്തിന്റെ പ്രശ്നം കൂടിയാണ്. ഇത്തരം ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനു നേരെ ദയാദാക്ഷിണ്യമുണ്ടാകില്ല. അത്തരക്കാരെ കര്‍ക്കശമായി നേരിടുക തന്നെ ചെയ്യും. അങ്ങനെ നേരിടുന്നതിന് നാടൊന്നാകെ പിന്തുണയ്ക്കുന്ന അവസ്ഥയാണുണ്ടാവുക.

അതാണ് ഈ നാടിന്റെ പാരമ്പര്യം. കൈയൂക്കു കൊണ്ട് കാര്യം നടത്താം എന്ന സ്ഥിതി ഉണ്ടാവേണ്ടതില്ല. ഫാസിസ്റ്റു രീതികള്‍ക്ക് വളക്കൂറുള്ള മണ്ണല്ല ഇതെന്ന് മനസ്സിലാക്കി ഇനിയെങ്കിലും അത്തരക്കാര്‍ സ്വയം പിന്മാറണം. നാട്ടിലെ പൗരസ്വാതന്ത്ര്യവും ജനാധിപത്യവും നിയമപാലനവും സര്‍ക്കാര്‍ ഉറപ്പാക്കുക തന്നെ ചെയ്യുമെന്നും സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.


ജോജുവിന്റെ മാതാപിതാക്കള്‍ക്ക് വീടിന്റെ പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. ജോജുവിനെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുന്നു. പൃഥ്വിരാജിനെയും ശ്രീനിവാസനെയും സെറ്റുകളിലേക്ക് ഘോഷയാത്രയായി മാര്‍ച്ച് നടത്തുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. നേതാക്കള്‍ അണികളെ പറഞ്ഞ് മനസിലാക്കണമെന്നും മുകേഷ് സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.

രൂക്ഷമായ വിമര്‍ശനമാണ് സിനിമ സെറ്റുകളിലേക്കുള്ള യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനെതിരെ മുഖ്യമന്ത്രി നടത്തിയത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടും. പൗരന്മാര്‍ക്ക് മൗലികമായ സ്വാതന്ത്ര്യങ്ങള്‍ ഭരണഘടാനാപരമായി അനുവദിക്കപ്പെട്ട നാടാണ് നമ്മുടേത്. സംസാരിക്കാനും ആശയപ്രകടനത്തിനും സമാധാനപരമായി കൂട്ടംകൂടുവാനും ഇഷ്ടമുള്ള തൊഴില്‍ ചെയ്യാനും സ്വാതന്ത്ര്യമുള്ള നാടാണിത്.


ആ അവകാശത്തിന്മേല്‍ കടന്നുകയറ്റം ഉണ്ടാകുന്നത് രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ്. ഭരണഘടനാപരമായ ഇത്തരം കാര്യങ്ങള്‍ പോലും തങ്ങള്‍ക്കു ബാധകമല്ല എന്ന പ്രഖ്യാപനമാണ് ചലച്ചിത്ര പ്രവര്‍ത്തകരെ അവരുടെ തൊഴില്‍ സ്ഥലത്തു ചെന്ന് ആക്രമിക്കുന്നതിലൂടെ ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. കലാരംഗത്തുള്ളവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള ഏതു വിധത്തിലുള്ള കടന്നുകയറ്റത്തെയും ശക്തമായി നേരിടുക തന്നെ ചെയ്യും.

എന്ത് കഴിക്കണം എന്ന് ആജ്ഞാപിക്കുന്നതും ഏതു വസ്ത്രം ധരിക്കണം എന്ന് തിട്ടൂരമിറക്കുന്നതും ഫാസിസ്റ്റു മുറയാണ്. അങ്ങനെ ചെയ്യുന്ന സംഘങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അവരെ നാം അപരിഷ്‌കൃതരായ സമൂഹദ്രോഹികള്‍ എന്നാണ് വിളിക്കുന്നത്. ചലച്ചിത്രങ്ങളുടെ ചിത്രീകരണം നടക്കുന്നിടത്തേക്ക് കടന്നുചെന്ന് അക്രമം കാണിക്കുകയും നിരോധനം കല്‍പ്പിച്ചു ക്രമസമാധാനപ്രശ്നം സൃഷ്ടിക്കുകയും ചെയ്യുന്നത് അത്തരം ഫാസിസ്റ്റു മനോഭാവത്തിന്റെ ഭാഗമായാണ്. ഇത്തരത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരുടെ നടപടി യാതൊരു കാരണവശാലും വെച്ചുപൊറുപ്പിക്കാന്‍ പറ്റില്ല.
 
Other News in this category

 
 




 
Close Window