കേരളത്തിലെ നാലാമത്തേതും സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച ആദ്യത്തേതുമായ സെന്‍ട്രല്‍ ജയില്‍ പദ്ധതി ഉദ്ഘാടനത്തിന് ഒരുങ്ങി. തവനൂര്‍ കൂരടയില്‍ ജയില്‍ വകുപ്പിനു കീഴിലുള്ള 8 ഏക്കര്‍ ഭൂമിയില്‍ 3 നിലകളിലായി നിര്‍മിച്ച സെന്‍ട്രല്‍ ജയില്‍ സമുച്ചയം മേയ് ആദ്യവാരത്തില്‍ ഉദ്ഘാടനം ചെയ്യാനാണു ശ്രമം. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ സെന്‍ട്രല്‍ ജയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ സമയം ലഭിക്കാനുള്ള ശ്രമത്തിലാണ് ജയില്‍ വകുപ്പ്.
35 കോടിയോളം രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം ആരംഭിച്ച പദ്ധതിയാണിത്. ആദ്യം ജില്ലാ ജയിലായി നിര്‍മാണം തുടങ്ങിയ പദ്ധതി പിന്നീട് സെന്‍ട്രല്‍ ജയിലാക്കി ഉയര്‍ത്തുകയായിരുന്നു. പലതവണ നിര്‍മാണം സ്തംഭിച്ച പദ്ധതി രണ്ടാംഘട്ടത്തില്‍ അനുവദിച്ച 14.7 കോടിരൂപ ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കിയത്. |