Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 12th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
സ്റ്റുഡന്റ് വിസയെത്താന്‍ വൈകി, ഇരുപത്തിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു
reporter

ഹരിയാനയിലെ കുരുക്ഷേത്രയില്‍ സ്റ്റുഡന്റ് വിസ വൈകിയതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം 23 -കാരന്‍ ആത്മഹത്യ ചെയ്തു. ഈ മരണത്തെ നമ്മള്‍ ഭയക്കേണ്ടിയിരിക്കുന്നു, ഇതൊരു മുന്നറിയിപ്പായും കാണേണ്ടിയിരിക്കുന്നു... കാരണം എന്താണെന്നല്ല? ആ 23 -കാരന്റെ ജീവിതം തന്നെ പറയും അതിനുള്ള ഉത്തരം.ഏതെങ്കിലും വിദേശ രാജ്യത്ത് പോയി പഠനം പൂര്‍ത്തിയാക്കി നല്ലൊരു ജോലി സമ്പാദിക്കണം എന്നായിരുന്നു വികേഷ് സൈനിയുടെ ചെറുപ്പം മുതലേ ഉള്ള ആഗ്രഹം. മകന്റെ ആഗ്രഹത്തിന് മാതാപിതാക്കളും പിന്തുണ നല്‍കി. അങ്ങനെ അവന്‍ മിടുക്കനായി പഠിച്ചു ബിരുദം പൂര്‍ത്തിയാക്കി. തന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായ ഐ എല്‍ ടി എസും മികച്ച സ്‌കോറോട് തന്നെ പാസായി. അതോടെ വികേഷിന്റെ സ്വപ്നങ്ങള്‍ കൂടുതല്‍ ശക്തമായി. ആറുമാസങ്ങള്‍ക്കു മുന്‍പ് അവന്‍ കാനഡയില്‍ സ്റ്റുഡന്റ്‌സ് വിസക്ക് അപേക്ഷ സമര്‍പ്പിച്ചു. സാധാരണഗതിയില്‍ മൂന്നുമാസമാണ് സ്റ്റുഡന്‍സ് വിസക്കായി എടുക്കുന്ന കാലതാമസം. പിന്നീട് ഓരോ ദിവസവും വിസക്കായുള്ള കാത്തിരിപ്പായിരുന്നു.

ആ കാത്തിരിപ്പില്‍ ദിവസങ്ങള്‍ മാസങ്ങളായി മാറി. മൂന്നുമാസം എന്നുള്ളത് ആറുമാസം കഴിഞ്ഞിട്ടും യാതൊരു പുരോഗതിയും ഉണ്ടായില്ല. ഇതിനിടയില്‍ അവനോടൊപ്പവും അവനു ശേഷവും വിസക്കായി അപേക്ഷിച്ച സുഹൃത്തുക്കളില്‍ പലരും രാജ്യം വിട്ടു.ഇതോടെ വികേഷ് ആകെ തളര്‍ന്നു. അവന്‍ തന്നിലേക്ക് തന്നെ ഉള്‍വലിയാന്‍ തുടങ്ങി. തന്റെ സ്വപ്നങ്ങളൊന്നും നടക്കില്ല എന്ന് മനസ്സില്‍ കരുതി. വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങാതായി. മകന്റെ ഈ മാറ്റത്തില്‍ മാതാപിതാക്കളും ഏറെ വേദനിച്ചു. ഒടുവില്‍ എല്ലാത്തിനും ഒരു പരിഹാരം അവന്‍ തന്നെ കണ്ടെത്തി. അങ്ങനെ കഴിഞ്ഞ ബുധനാഴ്ച അവന്‍ വീട് വിട്ടിറങ്ങി. ആരോടും ഒന്നും പറഞ്ഞില്ല. ഫോണ്‍ അടക്കമുള്ള എല്ലാ വസ്തുക്കളും വീട്ടില്‍ വച്ച് തന്റെ മോട്ടര്‍സൈക്കിളില്‍ അവന്‍ വീട്ടില്‍ നിന്നും ഇറങ്ങി.വികേഷ് പെട്ടെന്ന് തന്നെ തിരിച്ചുവരുമെന്നാണ് മാതാപിതാക്കള്‍ കരുതിയത്. പക്ഷേ രാത്രി ഏറെ വൈകിട്ടും അവന്‍ വന്നില്ല. പിറ്റേന്ന് നേരം പുലര്‍ന്നിട്ടും വികേഷിനെ കാണാതായതോടെ വീട്ടുകാര്‍ പരിഭ്രാന്തിയില്‍ ആയി.

അവര്‍ ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പൊലീസ് പരിശോധന ആരംഭിച്ചു. അങ്ങനെ വെള്ളിയാഴ്ച നിര്‍വാണ ബീച്ചിന് സമീപത്തുനിന്നും അഴിച്ചുവച്ച നിലയില്‍ വികേഷിന്റെ ചെരുപ്പുകളും സമീപത്തായി മോട്ടര്‍സൈക്കിളും കണ്ടെത്തി. ബീച്ചിലും പരിസരപ്രദേശങ്ങളിലും പൊലീസ് നടത്തിയ പരിശോധനയില്‍ സമീപത്തെ കനാലില്‍ നിന്നും വികേഷിന്റെ ശരീരം കണ്ടെടുത്തു.പക്ഷേ, ഇതിനിടയില്‍ എല്ലാവരെയും ഏറെ വേദനിപ്പിച്ച മറ്റൊരു കാര്യം കൂടി സംഭവിച്ചിരുന്നു. വികേഷ് വീട് വിട്ടിറങ്ങിയതിന്റെ പിറ്റേദിവസം അതായത് വ്യാഴാഴ്ച വിസ സ്ഥിരീകരിച്ചുകൊണ്ടുള്ള മെയില്‍ അവന് വന്നിരുന്നു. പക്ഷേ, അത് അവനെ അറിയിക്കും മുന്‍പേ അവന്‍ പോയിരുന്നു, വിസ വേണ്ടാത്ത നാട്ടിലേക്ക്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വികേഷിന്റെ മൃതദേഹം പൊലീസ് വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു.കൊവിഡിന് ശേഷം വിദേശരാജ്യങ്ങളിലേക്കുള്ള വിസ ലഭിക്കുന്നതില്‍ വലിയ കാലതാമസമാണ് നേരിടുന്നത്. പ്രത്യേകിച്ച് കാനഡ, യുഎസ്, യുകെ എന്നീ രാജ്യങ്ങളിലേക്ക്. ഈ കാലതാമസം ഏറെ ബാധിച്ചിരിക്കുന്നത് വിദ്യാര്‍ഥികളെയാണ്. വിസ വൈകുന്നതു മൂലം പല വിദ്യാര്‍ത്ഥികള്‍ക്കും കൃത്യസമയത്ത് കോളേജുകളില്‍ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാതെ വരുന്നു. കൂടാതെ പണവും നഷ്ടമാകുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ ആണ് സ്റ്റുഡന്റ് വിസക്കായി രാജ്യത്ത് കാത്തിരിക്കുന്നത്. ഇവരില്‍ പലരും ഒരുപക്ഷേ കടന്നുപോയിക്കൊണ്ടിരിക്കുന്നത് വികേഷ് സൈനി എന്ന 23 കാരന്‍ കടന്നുപോയ അതേ മാനസിക അവസ്ഥകളിലൂടെ തന്നെയായിരിക്കും. അതുകൊണ്ടുതന്നെ വികേഷിന്റെ ആത്മഹത്യയെ നമ്മള്‍ ഭയക്കേണ്ടിയിരിക്കുന്നു.

 
Other News in this category

 
 




 
Close Window