Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ചങ്ങമ്പുഴയുടെ വാഴക്കുല വൈലോപ്പിള്ളിയുടേത് ആക്കിയ പ്രബന്ധം: ചിന്തയുടെ പ്രബന്ധത്തില്‍ വീഴ്ചയില്ലെന്ന് വിശദീകരണം
Text by TEAM UKMALAYALAM PATHRAM
ഡോ.ചിന്താ ജെറോമിന്റെ വിവാദ ഗവേഷണ പ്രബന്ധത്തില്‍ വീഴ്ചയില്ലെന്ന് ഗൈഡ് കേരള സര്‍വകലാശാല വിസിക്ക് വിശദീകരണം നല്‍കി. പിഎച്ച്ഡി ബിരുദം നേടുന്നതിന് കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ച പ്രബന്ധം പൂര്‍ണ്ണമായും പരിശോധിച്ച് ബോധ്യപ്പെട്ടതാണെന്നും അതില്‍ വീഴ്ച്ചയൊന്നും ഇല്ലെന്നും മുന്‍ പിവിസി ഡോ. പി.പി അജയകുമാര്‍ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

ചങ്ങമ്പുഴയുടെ പ്രശസ്തമായ വാഴക്കുലയെന്ന കൃതി വൈലോപ്പിള്ളിയുടേതാണെന്ന് ചിന്തയുടെ പ്രബന്ധത്തില്‍ പരാമര്‍ശിച്ചത് നോട്ടപ്പിശകാണെന്നും പിശക് തിരുത്തി പ്രബന്ധം അച്ചടിച്ചു പ്രസിദ്ധീകരിക്കുമെന്ന ചിന്തയുടെ വിശദീകരണം ഡോ. അജയകുമാര്‍ വിസിക്ക് നല്‍കിയ മറുപടിയിലും ആവര്‍ത്തിച്ചു. പ്രബന്ധം പല ലേഖനങ്ങളില്‍നിന്നും കോപ്പിയടിച്ചതാണെന്നും അക്ഷരതെറ്റുകളും വ്യാകരണ പിശകുകളും വ്യാപകമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.

സര്‍വകലാശാലയുടെ വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്ത പ്രബന്ധം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കു നല്‍കിയ പരാതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ കേരള വിസിയോട് ആവശ്യപ്പെട്ടിരുന്നു. ഗൈഡിന്റെ വിശദീകരണം ലഭിക്കാത്തതു കൊണ്ട് വിസി ഇതുവരെ ഗവര്‍ണര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല.

പ്രബന്ധത്തിന് മറ്റു പ്രസിദ്ധീകരണങ്ങളുമായുള്ള സമാനത പത്ത് ശതമാനത്തില്‍ താഴെയാണെന്നും, യുജിസി ചട്ട പ്രകാരമുള്ള പരിശോധന നടത്തിയതാണെന്നും പ്രബന്ധം പൂര്‍ണമായും ഗവേഷകയുടെ സ്വന്തം കണ്ടെത്തലുകളാണെന്നും ഗൈഡിന്റെ വിശദീകരണത്തില്‍ വ്യക്തമാക്കുന്നുണ്ട്. ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട ഫയലുകളും പ്രബന്ധത്തിന്റെ ഒറിജിനല്‍ പതിപ്പും മൂല്യനിര്‍ണയം നടത്തിയ തമിഴ്നാട്ടിലെയും ബനാറസിലെയും സര്‍വകലാശാല പ്രൊഫസര്‍മാരുടെ റിപ്പോര്‍ട്ടുകളും ഓപ്പണ്‍ ഡിഫന്‍സ് രേഖകളും വൈസ് ചാന്‍സലര്‍ ആവശ്യപ്പെട്ടതനുസരിച്ചു രജിസ്ട്രാര്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മേലിനാണ് കേരള സര്‍വകലാശാല വിസിയുടെ ചുമതല നല്‍കിയിരിക്കുന്നത്. 2011ല്‍ ഗവേഷണത്തിന് കേരള സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ച ചിന്താ ജെറോം 2020-ല്‍ യുവജന കമ്മീഷന്‍ അധ്യക്ഷയായിരിക്കവെയാണ് ഗവേഷണം പൂര്‍ത്തിയാക്കി തീസിസ് സമര്‍പ്പിച്ചത്. 2021-ല്‍ സര്‍വകലാശാല ചിന്തയ്ക്ക് പിഎച്ച്ഡി ബിരുദം നല്‍കി. പ്രബന്ധം ഒരു വിദഗ്ധസമിതിയെ കൊണ്ട് നേരിട്ട് പരിശോധിപ്പിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി വിസിയോട് ആവശ്യപ്പെട്ടിരുന്നു.
 
Other News in this category

 
 




 
Close Window