ലണ്ടന്‍: വെള്ളപ്പൊക്കത്തില്‍ മുങ്ങിയ വീടുകളില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നിര്‍ബന്ധിതരായി നൂറുകണക്കിന് കുടുംബങ്ങള്‍. ബ്രിട്ടനില്‍ ഹെന്‍ക് കൊടുങ്കാറ്റ് പ്രഭാവം കുറയാതെ തുടരുമ്പോള്‍ ശക്തമായ മഴയാണ് പെയ്തിറങ്ങുന്നത്. ഈ ഘട്ടത്തില്‍ പല ഭാഗത്തും വെള്ളക്കെട്ട് രൂക്ഷമാണ്.ഇതിന് പുറമെയാണ് വീക്കെന്‍ഡില്‍ തണുപ്പ് കാലാവസ്ഥാ അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. താപനില -6 സെല്‍ഷ്യസിലേക്ക് താഴുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ ഈര്‍പ്പമേറിയ പ്രതലങ്ങളില്‍ ഐസ് നിറയാന്‍ സാധ്യതയുണ്ട്.കടുത്ത വെള്ളപ്പൊക്കത്തില്‍ നൂറുകണക്കിന് ജനങ്ങളെയാണ് രക്ഷപ്പെടുത്തിയത്. റെയില്‍ ലൈനുകള്‍ തടസ്സപ്പെട്ടതിന് പുറമെ റോഡുകള്‍ പുഴകളായി മാറുന്നതാണ് അവസ്ഥ.
40 ദിവസമായി തുടരുന്ന മഴയാണ് പട്ടണങ്ങളിലും, ഗ്രാമങ്ങളിലും ദുരിതം വിതയ്ക്കുന്നത്. ഈസ്റ്റ് ലണ്ടനിലെ ഹാക്ക്നി വിക്കില്‍ തെരുവുകള്‍ പുഴയായി മാറിയതോടെ 50-ഓളം പേരെ രക്ഷപ്പെടുത്തി.കനാലില്‍ നിന്നുള്ള വെള്ളം കരകവിഞ്ഞ് റസിഡന്‍ഷ്യല്‍ സ്ട്രീറ്റുകലിലേക്കും, ഫ്ളാറ്റുകളുടെ താഴ്ന്ന നിലകളിലേക്കും എത്തിയതോടെയാണ് ഫയര്‍ഫോഴ്സ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ട്രെന്റ് നദിയില്‍ ഗുരുതരമായ അളവില്‍ ജലം ഉയര്‍ന്നതിനെ തുടര്‍ന്ന് നോട്ടിംഗ്ഹാം കൗണ്ടി കൗണ്‍സില്‍ ഗുരുതരാവസ്ഥ പ്രഖ്യാപിച്ചു.ഇവിടെ വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളില്‍ നിന്നും ഒഴിയാന്‍ തയ്യാറായിരിക്കണമെന്നാണ് നിര്‍ദ്ദേശം.വീക്കെന്‍ഡില്‍ തണുത്തുറയുന്ന കാലാവസ്ഥ വ്യാപിക്കുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഇന്നുമുതല്‍ ചൊവ്വാഴ്ച ഉച്ച വരെ ഇംഗ്ലണ്ടിനായി തണുപ്പ് കാലാവസ്ഥാ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.