ലണ്ടന്‍: ബ്രിട്ടന്റെ സ്വന്തം പോസ്റ്റ് ഓഫീസിന് എതിരെ ക്രിമിനല്‍ അന്വേഷണം. ഹൊറിസോണ്‍ അഴിമതി കാലത്ത് നടന്നിരിക്കാന്‍ സാധ്യതയുള്ള തട്ടിപ്പിനെ കുറിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് മെട്രോപൊളിറ്റന്‍ പോലീസ് സ്ഥിരീകരിച്ചു. നിരപരാധികളായ ജീവനക്കാര്‍ മോഷണം നടത്തിയെന്ന് ആരോപിച്ചായിരുന്നു നൂറുകണക്കിന് പേരെ പ്രതികളാക്കിയത്. ഈ ഘട്ടത്തില്‍ നടന്നിരിക്കാന്‍ ഇടയുള്ള തട്ടിപ്പുകള്‍ സംബന്ധിച്ചാണ് പോലീസ് അന്വേഷിക്കുക. സബ് പോസ്റ്റ്മാസ്റ്റേഴ്സില്‍ നിന്നും തിരിച്ചുപിടിച്ച പണം ഉള്‍പ്പെടെയുള്ളവ ഇതില്‍ പെടുമെന്ന് സ്‌കോട്ട്ലണ്ട് യാര്‍ഡ് വ്യക്തമാക്കി. വ്യക്തിഗത ജീവനക്കാര്‍ക്കോ, പോസ്റ്റ് ഓഫീസിനെ കോര്‍പറേറ്റ് സ്ഥാപനമായി കണക്കാക്കിയാണോ കേസ് അന്വേഷണമെന്ന് വ്യക്തമല്ല.
1999 മുതല്‍ 2015 വരെ കാലത്ത് 700 പോസ്റ്റ് ഓഫീസ് ബ്രാഞ്ച് മാനേജര്‍മാര്‍ക്ക് എതിരെയാണ് ക്രിമിനല്‍ നടപടികളും, തെറ്റായി കുറ്റക്കാരായി വിധിക്കുകയും ചെയ്തത്. എന്നാല്‍ ഹൊറിസോണ്‍ അക്കൗണ്ടിംഗ് സോഫ്റ്റ്വെയറിലെ പിഴവുകളാണ് ബ്രാഞ്ചുകളില്‍ നിന്നും പണം കാണാതായെന്ന് തോന്നിപ്പിച്ച് പ്രതിസന്ധി ഉണ്ടാക്കിയതെന്ന് പിന്നീട് കണ്ടെത്തി. എന്നാല്‍ കരാറുകളുടെ നിബന്ധന പ്രകാരം സാമ്പത്തിക നഷ്ടങ്ങളുടെ പേരില്‍ ഓപ്പറേറ്റര്‍മാര്‍ പ്രതികളാകുകയും, നഷ്ടമായ പണം തിരിച്ച് നല്‍കുകയോ, അല്ലെങ്കില്‍ ബ്രാഞ്ച് പൂട്ടലോ, പ്രോസിക്യൂഷനോ നേരിടാന്‍ തയ്യാറാകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നൂറുകണക്കിന് പേരാണ് ഈ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചത്. പലരും പാപ്പരായി, നാല് പേര്‍ ആത്മഹത്യ ചെയ്യുകയുമുണ്ടായി. യഥാര്‍ത്ഥത്തില്‍ നഷ്ടപ്പെടാത്ത പണത്തിന്റെ പേരിലാണ് നിരപരാധികളെ കുറ്റവാളിയാക്കിയത്.