ലണ്ടന്‍: ഇംഗ്ലണ്ടില്‍ രാവിലെ ഒമ്പതു മുതല്‍ തണുപ്പിനുള്ള മഞ്ഞ ജാഗ്രതാ അറിയിപ്പ് നിലവില്‍ വരും. ഇത് അടുത്ത ആഴ്ച വരെ നീണ്ടുനില്‍ക്കും. ഹെങ്ക് കൊടുങ്കാറ്റ് രാജ്യത്തിന്റെ പല ഭാഗത്തും കനത്ത കാറ്റും, മഴയും സമ്മാനിച്ചതിന് പിന്നാലെയാണ് തണുപ്പ് തേടിയെത്തുന്നത്. അതിശക്തമായ മഴയില്‍ പല ഭാഗത്തും വെള്ളപ്പൊക്കവും രൂക്ഷമാണ്. ശനിയാഴ്ച രാവിലെ 2 വരെ 244 വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. വെള്ളപ്പൊക്കത്തിന് സാധ്യത പ്രതീക്ഷിക്കാമെന്നാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി വ്യക്തമാക്കുന്നത്. 262 വെള്ളപ്പൊക്ക അലേര്‍ട്ടുകളും ഇതോടൊപ്പം പുറപ്പെടുവിച്ചിട്ടുണ്ട്. മിഡ്ലാന്‍ഡ്സില്‍ റിവര്‍ ട്രെന്റ് കരകവിഞ്ഞതോടെ ഗുരുതരമായ വെള്ളപ്പൊക്ക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് അറിയിപ്പ്.
ഒപ്പം ഗ്ലോസ്റ്ററിലും, എവോണ്‍ നദിക്കരയുടെ സൗത്ത് വെസ്റ്റ് മേഖലകളിലും ജാഗ്രത മുന്നറിയിപ്പ് നിലവിലുണ്ട്. ഇംഗ്ലണ്ടിലെ മറ്റ് ഭാഗങ്ങളില്‍ അടുത്ത അഞ്ച് ദിവസവും പ്രതിസന്ധി തുടരും. ഇംഗ്ലണ്ടിലെ ഭൂരിഭാഗം നദികളും അപകടകരമായ നിലയിലാണ്. ചില നദികള്‍ റെക്കോര്‍ഡ് ഒഴുക്ക് രേഖപ്പെടുത്തുന്നുണ്ട്. 'ഈ വിന്റര്‍ ഒക്ടോബര്‍ മുതല്‍ തന്നെ മോശമായി തുടരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങളാണ് ഈസ്റ്റ് മിഡ്ലാന്‍ഡ്സില്‍ കാണുന്നത്. അതിനാല്‍ രാജ്യമെന്ന നിലയില്‍ വെള്ളപ്പൊക്കത്തിന് എതിരെ കൂടുതല്‍ ജാഗ്രത വേണ്ടിവരും', എന്‍വയോണ്‍മെന്റ് ഏജന്‍സി വക്താവ് അലക്സ് മക്ഡൊണാള്‍ഡ് പറഞ്ഞു. വെള്ളപ്പൊക്കം കൈകാര്യം ചെയ്യുന്ന ഗവണ്‍മെന്റ് രീതിയെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. പ്രധാനമന്ത്രിയോട് പ്രശ്നബാധിത മേഖലകളില്‍ സന്ദര്‍ശിക്കാന്‍ ലേബര്‍ ആവശ്യപ്പെട്ടു. കൂടുതല്‍ വീടുകള്‍ക്ക് കേടുപാട് സംഭവിക്കുന്നതിന് മുന്‍പ് ഋഷി സുനാക് കോബ്രാ യോഗം വിളിക്കണമെന്ന് ലേബര്‍ നേതാവ് വ്യക്തമാക്കി.