ലണ്ടന്‍: ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനോടെ മാത്രം വാങ്ങുവാന്‍ അനുവാദമുള്ള മരുന്നുകള്‍ കൃത്യമായ പരിശോധനകള്‍ ഇല്ലാതെ ഓണ്‍ലൈന്‍ ഫാര്‍മസികള്‍ ലഭ്യമാക്കുന്നു എന്ന പുതിയ കണ്ടെത്തല്‍ ആശങ്കകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. രോഗികളുടെ ജീവന് തന്നെ ഭീഷണിയാണ് ഇത്തരത്തിലുള്ള നടപടികളെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു. ബിബിസി ന്യൂസ് നടത്തിയ അന്വേഷണത്തില്‍, ഇരുപതോളം ഓണ്‍ലൈന്‍ ഫാര്‍മസികളാണ് നിയന്ത്രിത മരുന്നുകള്‍ ജനറല്‍ പ്രാക്ടീഷണറുടെ പ്രിസ്‌ക്രിപ്ഷന്‍ പോലെയുള്ള യാതൊരുവിധ നടപടികളും ഇല്ലാതെ വില്‍ക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. അന്വേഷണം നടത്തിയവര്‍ ഇത്തരത്തില്‍ ഏകദേശം 1600ഓളം മരുന്നുകള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി വാങ്ങിയതോടെയാണ് സംഭവത്തിന്റെ ഗുരുതരാവസ്ഥ ജനങ്ങളിലേക്ക് എത്തിയത്. ചില മരുന്നുകള്‍ ഓണ്‍ലൈനായി വില്‍ക്കുമ്പോള്‍ അധിക പരിശോധന ആവശ്യമാണെന്ന് ജനറല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കൗണ്‍സില്‍ റെഗുലേറ്റര്‍ പറയുന്നു. ബിബിസിയുടെ കണ്ടെത്തലുകള്‍ തികച്ചും ആശങ്കപ്പെടുത്തുന്നതാണെന്ന് ഫാര്‍മസിസ്റ്റും ആരോഗ്യ അഭിഭാഷകനും റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റിയുടെ മുന്‍ ചെയര്‍മാനുമായ തോറണ്‍ ഗോവിന്ദ് പറഞ്ഞു.
പലരും തങ്ങളുടെ സൗകര്യാര്‍ത്ഥം ഓണ്‍ലൈന്‍ ഫാര്‍മസികള്‍ മരുന്നുകള്‍ വാങ്ങാനായി തിരഞ്ഞെടുക്കുന്നു. യോഗ്യതയുള്ള ഒരു ഫാര്‍മസിസ്റ്റ് പ്രിസ്‌ക്രൈബറെ മാത്രം നിയമിച്ചാല്‍ തന്നെ ഈ ബിസിനസുകള്‍ക്ക് കുറിപ്പടി മാത്രമുള്ള മരുന്നുകള്‍ സൈന്‍-ഓഫ് ചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ ഓണ്‍ലൈനില്‍ നിന്നും വാങ്ങിയ മരുന്നുകള്‍ അബദ്ധത്തില്‍ അമിതമായി കഴിച്ച് 2020-ല്‍ കെയ്റ്റി എന്ന യുവതി മരണപ്പെട്ടിരുന്നു. ഇനി ആര്‍ക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്നും നിയമങ്ങള്‍ കര്‍ശനം ആക്കണമെന്നും മരിച്ച സ്ത്രീയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. നിലവിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഓണ്‍ലൈനില്‍ ഒരു മരുന്ന് ഒരു വ്യക്തിക്ക് ഏറ്റവും അനുയോജ്യവും സുരക്ഷിതവും ആണെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കണമെന്നാണ് നിഷ്‌കര്‍ഷിക്കുന്നത്. ഹൈ റിസ്‌ക് കാറ്റഗറിയില്‍ പെടുന്ന മരുന്നുകള്‍ക്ക് കൂടുതല്‍ സുരക്ഷ നിയന്ത്രണങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ഇപ്പോഴും അത്തരത്തിലുള്ള മരുന്നുകള്‍ വളരെ എളുപ്പത്തില്‍ ഓണ്‍ലൈനിലൂടെ ലഭ്യമാകുന്നതാണ് ആശങ്കകള്‍ക്ക് ഇടയാക്കുന്നത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒപിയോയിഡുകള്‍, സെഡേറ്റീവ്‌സ് എന്നിവ പോലുള്ള ദുരുപയോഗം, അമിത ഉപയോഗം എന്നിവയ്ക്ക് സാധ്യതയുള്ള മരുന്നുകള്‍ ഓണ്‍ലൈനില്‍ വില്‍ക്കരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിയതായി റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി അറിയിച്ചു.