ലണ്ടന്‍: ടാപ്പ് വെള്ളം മലിനമാണെന്ന ധാരണ പടര്‍ത്തിയാണ് ബോട്ടില്‍ വെള്ളം ഉപയോഗിക്കുന്നതിലേക്ക് ലോകം പതിയെ ചുവടുവെച്ചത്. എന്നാല്‍ ടാപ്പ് വെള്ളത്തേക്കാള്‍ അപകടകരമാണ് ഈ ശീലമെന്നാണ് ഇപ്പോള്‍ ശാസ്ത്രലോകം തിരിച്ചറിയുന്നത്. പ്ലാസ്റ്റിക് ബോട്ടിലില്‍ ലഭ്യമാകുന്ന വെള്ളത്തില്‍ ആയിരക്കണക്കിന് മാരകമായ മൈക്രോസ്‌കോപിക് പ്ലാസ്റ്റിക് അംശങ്ങള്‍ ഉണ്ടെന്നാണ് പുതിയ ഗവേഷണം കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യത്തിന് നല്ലതെന്ന ധാരണയില്‍ ടാപ്പ് വെള്ളത്തിന് പകരം ബോട്ടില്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ഈ ധാരണ തിരുത്താന്‍ സമയമായെന്ന് ഗവേഷകര്‍ പറയുന്നു. ഇത്തരത്തില്‍ ബോട്ടില്‍ വെള്ളം കുടിക്കുമ്പോള്‍ ശരീരത്തില്‍ പ്ലാസ്റ്റിക്കിന്റെ ചെറിയ അംശങ്ങള്‍ നിറച്ച് വിഷലിപ്തമാക്കുകയാണ് ചെയ്യുന്നത്. ഇത് സുപ്രധാന അവയവങ്ങളില്‍ അടിഞ്ഞുകൂടി ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ശാസ്ത്രജ്ഞര്‍ ഭയപ്പെടുന്നു.
നാനോ പ്ലാസ്റ്റിക്കുകള്‍ ക്യാന്‍സര്‍, ഫെര്‍ട്ടിലിറ്റി പ്രശ്നങ്ങള്‍, ജനന വൈകല്യങ്ങള്‍ എന്നിവയുമായി ബന്ധമുള്ളതായി നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും നൂതനമായ ലേസര്‍ സ്‌കാനിക് രീതികള്‍ ഉപയോഗപ്പെടുത്തിയ ശാസ്ത്രജ്ഞര്‍ ഒരു ലിറ്റര്‍ വെള്ളത്തിന്റെ ബോട്ടിലില്‍ ശരാശരി 240,000 പ്ലാസ്റ്റിക് അംശങ്ങളാണ് തിരിച്ചറിഞ്ഞത്. ഒരു ലിറ്റര്‍ ടാപ്പ് വെള്ളത്തില്‍ ഇത് 5.5 മാത്രമാണുള്ളത്. യുഎസില്‍ വില്‍ക്കുന്ന മൂന്ന് പ്രശസ്ത ബ്രാന്‍ഡുകളുടെ വെള്ളമാണ് കൊളംബിയ യൂണിവേഴ്സിറ്റി ഗവേഷകര്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. മൈക്രോപ്ലാസ്റ്റിക്കിലും ചെറിയതാണ് നാനോപ്ലാസ്റ്റിക് അംശങ്ങള്‍. എന്നാല്‍ വളരെ ചെറിയതാണെന്നത് കൊണ്ട് തന്നെ ഇവ രക്തകോശങ്ങളിലും, തലച്ചോറിലും വരെ നേരിട്ട് എത്തിപ്പെടാനുള്ള സാധ്യതകളുമുണ്ട്.