|
യുകെയില്‍ മഞ്ഞുകാലത്ത് കൊടും തണുപ്പിനെ അകറ്റാന്‍ സാമ്പത്തിക സഹായം. തണുപ്പു മാറ്റാനായി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ കുടുംബങ്ങളുടെ എനര്‍ജി ബില്‍ ഉയര്‍ത്തും. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ സഹായമായി 600 പൗണ്ട് വരെ ലഭിക്കും. അര്‍ഹതപ്പെട്ടവരുടെ ലിസ്റ്റ് സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. കോള്‍ഡ് വെതര്‍ ഫണ്ട്, ഹൗസ്ഹോള്‍ഡ് സപ്പോര്‍ട്ട് ഫണ്ട്, ചൈല്‍ഡ് വിന്റര്‍ ഹീറ്റിംഗ് പേയ്മെന്റ് എന്നിങ്ങനെ നിരവധി സഹായങ്ങളാണ് ഈ ശൈത്യകാലത്ത് അര്‍ഹതയുള്ളവര്‍ക്ക് ലഭ്യമാകുക.
എന്നാല്‍, ഇക്കാര്യത്തില്‍ 600 പൗണ്ട് വരെ സഹായം ലഭിക്കാന്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് അര്‍ഹതയുണ്ട്. സാഹചര്യമനുസരിച്ച്, ഈ അധിക ചെലവ് പണമായി ലഭിക്കുവാനോ അതല്ലെങ്കില്‍, പരോക്ഷമായ രീതിയില്‍ അത് അടക്കുന്നതിനുള്ള സഹായം ലഭിക്കാനോ സാധ്യതയുണ്ട്.
തുടര്‍ച്ചയായി ഏഴ് ദിവസം, പൂജ്യം ഡിഗ്രിയില്‍ താഴെ തണുപ്പനുഭവപ്പെട്ട സ്ഥലത്തെ കുടുംബങ്ങള്‍ക്ക് കോള്‍ഡ് വെതര്‍ പേയ്മെന്റ് ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. ഇത്തരത്തില്‍, പൂജ്യം ഡിഗ്രിയില്‍ താഴെ താപനിലയായ തുടര്‍ച്ചയായ ഓരോ ഏഴു ദിവസങ്ങള്‍ക്കും 25 പൗണ്ട് വീതം നിങ്ങള്‍ക്ക് ലഭിക്കും. ഓരോ ശൈത്യകാലത്തും നവംബറിനും മാര്‍ച്ചിനും ഇടയില്‍ മാത്രമെ ഈ ആനുകൂല്യം ലഭ്യമാവുകയുള്ളു.
പെന്‍ഷന്‍ ക്രെഡിറ്റ്, ഇന്‍കം സപ്പോര്‍ട്ട്, ഇന്‍കം ബേസ്ഡ് ജോബ് സീക്കേഴ്സ് അലവന്‍സ്, ഇന്‍കം റിലേറ്റഡ് എംപ്ലോയ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് അലവന്‍സ്, യൂണിവേഴ്സല്‍ ക്രെഡി, മോര്‍ട്ട്ഗേജ് ഇന്ററസ്റ്റ് സപ്പോര്‍ട്ട് എന്നീ ആനുകൂല്യങ്ങളില്‍ ഏതെങ്കിലും ലഭിക്കുന്നുണ്ടെങ്കില്‍ ഈ ആനുകൂല്യത്തിനും അര്‍ഹതയുണ്ട്. അതിനു പുറമെ മറ്റു ചില നിബന്ധനകള്‍ കൂടിയുണ്ട് അര്‍ഹത നേടാന്‍. പൂര്‍ണ്ണവിവരങ്ങള്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.
കൂടാതെ എനര്‍ജി ബില്ലില്‍ നിന്നും 150 പൗണ്ടിന്റെ വം ഹോം ഡിസ്‌കൗണ്ട് ലഭിക്കാന്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് അര്‍ഹതയുണ്ട്. ഓരോ ശൈത്യകാലത്തും ഒക്ടോബറിനും മാര്‍ച്ചിനും ഇടയിലായിരിക്കും ഇത് ലഭിക്കുക. ഇന്‍കം സപ്പോര്‍ട്ട്, ഇന്‍കം ബേസ്ഡ് ജോബ് സീക്കേഴ്സ് അലവന്‍സ്, ഇന്‍കം റിലേറ്റഡ് എംപ്ലോയ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് അലവന്‍സ്, ഹൗസിംഗ് ബെനെഫിറ്റ്, യൂണിവേഴ്സല്‍ ക്രെഡിറ്റ്, ചൈല്‍ഡ് ടാക്സ് ക്രെഡിറ്റ്, വര്‍ക്കിംഗ് ടാക്സ് ക്രെഡിറ്റ്, പെന്‍ഷന്‍ ക്രെഡിറ്റ് ഗാരന്റീഡ്, പെന്‍ഷന്‍ ക്രെഡിറ്റ് സേവിംഗ്സ് ക്രെഡിറ്റ് എന്നിവ ലഭിക്കുന്നവര്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. |