ലണ്ടന്‍: ബ്രിട്ടനില്‍ തണുപ്പ് കഠിനമായി മാറ്റിക്കൊണ്ട് പോളാര്‍ ബ്ലാസ്റ്റ്. സൗത്ത് ഈസ്റ്റ് മേഖലയില്‍ മഞ്ഞും, ഐസും എത്തിക്കുന്നതിന് പുറമെ താപനില -11 സെല്‍ഷ്യസിലേക്ക് താഴ്ത്തിയാണ് പ്രതിഭാസം പ്രതികരിക്കുന്നത്. ഒരു മാസത്തോളം ഈ തണുപ്പേറിയ അവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. യുകെയില്‍ മറ്റൊരു തണുത്തുറഞ്ഞ പുലര്‍കാലമാണ് ജനങ്ങളെ വരവേല്‍ക്കുക. എന്നാല്‍ ഇതിനിടയില്‍ 125 വെള്ളപ്പൊക്ക മുന്നറിയിപ്പുകളും, 136 ജാഗ്രതാ നിര്‍ദ്ദേശങ്ങളും എന്‍വയോണ്‍മെന്റ് ഏജന്‍സി പുറപ്പെടുവിച്ചു. ഹെങ്ക് കൊടുങ്കാറ്റ് കഴിഞ്ഞ ആഴ്ച സൃഷ്ടിച്ച ദുരിതത്തിന് പിന്നാലെയാണ് ഈ ദുരവസ്ഥ. സ്‌കോട്ടിഷ് ഹൈലാന്‍ഡ്സിലെ എവിമോറില്‍ താപനില -11.1 സെല്‍ഷ്യസിലേക്കാണ് കൂപ്പുകുത്തിയത്.
ഇംഗ്ലണ്ടില്‍ ഏറ്റവും തണുപ്പേറിയ സ്ഥലം ഡിവോണിലെ ഒകെഹാംപ്ടണ്‍ ആയിരുന്നു, -3.5 സെല്‍ഷ്യസ്. ബര്‍മിംഗ്ഹാമില്‍ താപനില -1 സെല്‍ഷ്യസിലേക്കും, ലണ്ടനില്‍ 1 സെല്‍ഷ്യസായും, ഗ്ലാസ്ഗോയില്‍ 0 സെല്‍ഷ്യസിലുമാണ് താപനില. പകല്‍ സമയങ്ങളില്‍ താപനില 0 സെല്‍ഷ്യസിന് മുകളിലേക്ക് എത്താന്‍ പാടുപെടുന്നതാണ് അവസ്ഥ. ശക്തമായ കാറ്റിനെ തുടര്‍ന്ന് ഇന്ന് ഫ്രീസിംഗ് അവസ്ഥയാണ് രാജ്യത്തിന് അഭിമുഖീകരിക്കേണ്ടതെന്ന് മെറ്റ് ഓഫീസ് പറഞ്ഞു. നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, മിഡ്ലാന്‍ഡ്സ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച ഉച്ചവരെ ആംബര്‍ കോള്‍ഡ് ഹെല്‍ത്ത് അലേര്‍ട്ടാമ് പുറപ്പെടുവിച്ചിരിക്കുന്നത്.