ലണ്ടന്‍: വളര്‍ച്ച കൈവരിക്കാന്‍ നികുതി വെട്ടിക്കുറയ്ക്കുന്നത് സുപ്രധാനമാണെന്ന് ജെറമി ഹണ്ട്. ബിസിനസ്സ് നിരക്കുകള്‍ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികള്‍ സൂചിപ്പിച്ചാണ് ചാന്‍സലര്‍ ഇക്കാര്യങ്ങള്‍ വിവിധ അഭിമുഖങ്ങളിലായി പങ്കുവെച്ചത്. മാര്‍ച്ച് ബജറ്റില്‍ നികുതി ഭാരം കുറച്ച് കുടുംബങ്ങളെയും, ബിസിനസ്സുകളെയും സഹായിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ചാന്‍സലര്‍ വ്യക്തമാക്കി.മഹാമാരിയുടെ പശ്ചാത്തലത്തിലാണ് യുകെയിലെ നികുതിഭാരം അത്യുന്നതങ്ങളില്‍ എത്തിയതെന്ന് ഹണ്ട് പറഞ്ഞു. ഇത് കുറയ്ക്കാന്‍ താന്‍ നിശ്ചയദാര്‍ഢ്യം എടുത്തിട്ടുണ്ടെന്നും ചാന്‍സലര്‍ പറയുന്നു. കുറഞ്ഞ നികുതി ഏര്‍പ്പെടുത്തുന്ന സമ്പദ് വ്യവസ്ഥകള്‍ ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന നികുതിയുള്ള എതിരാളികളെ കവച്ചുവെയ്ക്കുന്നതായി മനസ്സിലാക്കിയിട്ടുണ്ടെന്ന് ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു.
യുകെയെ കൂടുതല്‍ മത്സരക്ഷമതയുള്ള രാജ്യമായി മാറ്റുമെന്ന ഹണ്ടിന്റെ വാക്കുകള്‍ ഫലം കണ്ടാല്‍ അത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസമേകും. 'കഴിഞ്ഞ ദശകത്തില്‍ ഒഇസിഡി രാജ്യങ്ങള്‍, അതായത് ഏറ്റവും നൂതനമായ സമ്പദ് വ്യവസ്ഥകള്‍ വളര്‍ന്നത് ഉയര്‍ന്ന നികുതിയിലല്ല, മറിച്ച് കുറഞ്ഞ നികുതി ഏര്‍പ്പെടുത്തുന്ന ഇടങ്ങളിലാണ്', ചാന്‍സലര്‍ വ്യക്തമാക്കി.നാഷണല്‍ ഇന്‍ഷുറന്‍സ് 2 പെന്‍സ് വെട്ടിക്കുറച്ച് നികുതി ഭാരം കുറയ്ക്കാനുള്ള നടപടികളുടെ തുടക്കം മാത്രമാണെന്ന് സാമ്പത്തിക വിദഗ്ധന്‍ മാര്‍ട്ടിന്‍ ലൂയിസുമായുള്ള അഭിമുഖത്തില്‍ ഹണ്ട് പറഞ്ഞു. മബാമാരി കാലത്ത് നേരിട്ട വമ്പന്‍ ചെലവുകളും, ഉക്രെയിനിലെ ഉയര്‍ത്തിയ എനര്‍ജി പ്രതിസന്ധിയും വരുത്തിവെച്ച ചെലവുകള്‍ നേരിടാന്‍ നികുതി വര്‍ദ്ധന അനിവാര്യമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.