ലണ്ടന്‍: ബോര്‍ഡെറ്റെല്ല പെര്‍ട്ടുസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന സാംക്രമികമായ ശ്വാസകോശ സംബന്ധമായ അണുബാധയായ വില്ലന്‍ ചുമ ബാധിച്ച രോഗികളുടെ എണ്ണത്തില്‍ ബ്രിട്ടനില്‍ ക്രമാതീതമായ വര്‍ദ്ധനവ് ഉണ്ടായിരിക്കുകയാണ്. ബ്രിട്ടനിലെ ആരോഗ്യ നിയമങ്ങള്‍ പ്രകാരം, വില്ലന്‍ ചുമയുടെ രോഗനിര്‍ണ്ണയം നടത്തുന്ന ഏതൊരു ഡോക്ടര്‍ക്കും ഇത് സംബന്ധിച്ച് പ്രാദേശിക അധികാരികളെ അറിയിക്കാന്‍ നിയമപരമായ കടമയുണ്ട്. ഇത്തരത്തില്‍ നടത്തിയിരിക്കുന്ന രോഗനിര്‍ണ്ണയങ്ങള്‍ ജൂലൈ മുതലുള്ള 5 മാസങ്ങളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഈ സമയത്തേക്കാള്‍ ഇരട്ടിയില്‍ അധികമാണ്. മിക്ക ശ്വാസകോശ സംബന്ധമായ അണുബാധകളെയും പോലെ, കോവിഡ് കാലത്ത് വില്ലന്‍ ചുമയുടെ കേസുകള്‍ കുറവായിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഏകദേശം ആറാഴ്ചയോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കുന്ന ഈ അസുഖം, മൂന്ന് ഘട്ടങ്ങളിലൂടെയാണ് പുരോഗമിക്കുന്നത്.
ആദ്യഘട്ടത്തില്‍ മൂക്കൊലിപ്പ്, തുമ്മല്‍, ചുവന്ന കണ്ണുകള്‍ തുടങ്ങിയ ലക്ഷണങ്ങളാണ് രോഗികള്‍ പ്രകടിപ്പിക്കുക. ഏകദേശം രണ്ടാഴ്ചയ്ക്കുശേഷം ആരംഭിക്കുന്ന രണ്ടാമത്തെ ഘട്ടത്തിലാണ് രോഗികള്‍ക്ക് കഠിനമായ ചുമയുണ്ടാവുക. ഇത്തരത്തിലുള്ള വിട്ട് മാറാത്ത ചുമ ആഴ്ചകളോളം നിലനില്‍ക്കും. ഇതിനുശേഷം ഭൂരിഭാഗം ആളുകളും സുഖം പ്രാപിക്കുമെങ്കിലും, മൂന്നുമാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങളില്‍ ഒന്നു മുതല്‍ മൂന്നു ശതമാനം പേര്‍ മരണത്തിന് കീഴടങ്ങാനുള്ള സാധ്യതയുമുണ്ട്. വില്ലന്‍ ചുമയുടെ ചികിത്സയില്‍ ആന്റിബയോട്ടിക്കുകള്‍ക്ക് പരിമിതമായ പങ്ക് മാത്രമേ ഉള്ളു. എന്നാല്‍ വില്ലന്‍ ചുമ പ്രതിരോധിക്കുവാന്‍ കുട്ടികള്‍ക്ക് ബ്രിട്ടനില്‍ വാക്‌സിനുകള്‍ ലഭ്യമാക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്ക് 8, 12, 16 ആഴ്ചകള്‍ ആകുമ്പോള്‍ മറ്റ് വാക്‌സിനുകളമായി ചേര്‍ത്താണ് ഇവ നല്‍കുന്നത്. പിന്നീട് കുട്ടിക്ക് മൂന്ന് വയസ്സും നാല് മാസവും ആകുമ്പോള്‍ നല്‍കുന്ന ഒരു ബൂസ്റ്റര്‍ ഷോട്ടും ഈ വാക്‌സിന്റെ ഭാഗമാണ്. ഗര്‍ഭിണികള്‍ക്കും ഇപ്പോള്‍ ഈ വാക്‌സിന്‍ നല്‍കുവാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ജനങ്ങള്‍ ഇത് സംബന്ധിച്ച് ബോധവാന്മാരാകേണ്ടത് ആവശ്യമാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിക്കുന്നു.